സുരക്ഷയ്ക്കായി 3,200 പൊലിസുകാര്‍; ഡ്രോണ്‍ പറത്തിയാല്‍ വെടിവച്ചിടും
സ്വന്തം ലേഖിക
കൊച്ചി: നിയന്ത്രിത സ്‌ഫോടനത്തിലൂടെ ഫ്‌ളാറ്റുകള്‍ നിലംപതിപ്പിക്കുന്ന മരടില്‍ അതീവ ജാഗ്രത. രണ്ടുദിവസങ്ങളിലായി പൊളിച്ചുമാറ്റുന്ന ഫ്‌ളാറ്റുകളുടെ സമീപപ്രദേശങ്ങളില്‍ 3,200 പൊലിസുകാരെ നിയോഗിച്ചു. സ്‌ഫോടനം നടത്താനുള്ള സര്‍വ ഒരുക്കങ്ങളും പൂര്‍ത്തിയായതായി കമ്മിഷണര്‍ വിജയ് സാഖറെ അറിയിച്ചു. ഇന്ന് സ്‌ഫോടനം നടക്കുന്ന ഹോളിഫെയ്ത്ത് എച്ച്.ടു.ഒ, ആല്‍ഫ സെറീന്‍ എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ക്ക് ചുറ്റും 800 വീതം പൊലിസുകാരെ വിന്യസിക്കും. ഒരുക്കങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായി കമ്മിഷണറുടെ നേതൃത്വത്തില്‍ ഇന്നലെ കലക്ടര്‍ എസ്. സുഹാസ്, സബ് കലക്ടര്‍ സ്‌നേഹില്‍ കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്ത അവലോകനയോഗം മരടില്‍ നടന്നു. ഇന്നലെ മരടില്‍ മോക്ഡ്രില്ലും നടന്നു. സ്‌ഫോടനം നടത്തുന്നതിന് രണ്ട് മണിക്കൂര്‍ മുന്‍പ് സമീപത്തെ വീടുകളില്‍നിന്ന് താമസക്കാര്‍ ഒഴിഞ്ഞുപോയെന്ന് ഉറപ്പുവരുത്തും. വൈദ്യുതിബന്ധവും വിച്ഛേദിക്കും. തേവര എസ്.എച്ച് കോളജ്, പനങ്ങാട് ഫിഷറീസ് കോളജ് എന്നിവിടങ്ങളിലാണ് ഇവര്‍ക്ക് താമസസൗകര്യം ഒരുക്കിയിരിക്കുന്നത്. സ്‌ഫോടനത്തില്‍ ആര്‍ക്കെങ്കിലും അപകടംപറ്റിയാല്‍ ചികിത്സിക്കാന്‍ മെഡിക്കല്‍ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും വിവിധ പോയിന്റുകളില്‍ ഒരുക്കിയിട്ടുണ്ട്. അഡിഷനല്‍ ഡി.എം.ഒ ഡോ.ശ്രീദേവിയുടെ നേതൃത്വത്തില്‍ ഇന്നലെ രണ്ട് ഫ്‌ളാറ്റിന്റെയും പരിസരപ്രദേശങ്ങള്‍ ആരോഗ്യവകുപ്പ് സംഘം സന്ദര്‍ശിച്ചു. ഫ്‌ളാറ്റ് പൊളിക്കുമ്പോഴുണ്ടാകുന്ന പൊടിപടലം നിയന്ത്രിക്കാന്‍ അഗ്നിശമനസേനാ യൂനിറ്റിനെയും ഒരുക്കിയിട്ടുണ്ട്. ഫ്‌ളാറ്റിന്റെ അതിരുകള്‍ പങ്കിടുന്ന വീടുകള്‍ക്കും കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് വീടുകള്‍ മറച്ചിട്ടുണ്ട്. നിരവധി ആളുകള്‍ സ്‌ഫോടനം കാണാന്‍ എത്തുമെന്നാണ് പൊലിസ് പ്രതീക്ഷിക്കുന്നത്. ഇവര്‍ക്ക് സുരക്ഷിതമായി സൗകര്യങ്ങള്‍ ഒരുക്കുമെന്ന് കമ്മിഷണര്‍ അറിയിച്ചിട്ടുണ്ട്.
സ്‌ഫോടനം നടക്കുന്ന ഫ്‌ളാറ്റുകളുടെ 200 മീറ്റര്‍ ചുറ്റളവില്‍ ഇന്ന് രാവിലെ എട്ടുമുതല്‍ വൈകിട്ട് അഞ്ചുവരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് കരയിലും വെള്ളത്തിലും ആകാശത്തിലും ബാധകമായിരിക്കും. ഡ്രോണുകള്‍ ഉപയോഗിച്ച് സ്‌ഫോടനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും വിലക്കുണ്ട്. ഡ്രോണ്‍ പറത്തിയാല്‍ വെടിവച്ചിടും. രാവിലെ ഒന്‍പതു മുതല്‍ പൊലിസ് സമീപത്തെ വീടുകളില്‍ പരിശോധന നടത്തി എല്ലാവരെയും ഒഴിപ്പിച്ചിട്ടുണ്ടോയെന്ന് പരിശോധിക്കും.ചെറുതും വലുതുമായ പത്ത് ഫയര്‍ എന്‍ജിനുകളും രണ്ട് സ്‌കൂബാ വാനുകളും ഫ്‌ളാറ്റുകളുടെ സമീപത്ത് സജ്ജമാക്കി നിര്‍ത്തും. നൂറോളം അഗ്‌നിശമന സേനാംഗങ്ങളും സമീപത്തുണ്ടാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."