എം.ജി യൂനിവേഴ്‌സിറ്റിയില്‍ അസി. പ്രൊഫസര്‍ക്കു നേരെ ഗുണ്ടാ ആക്രമണം
കോട്ടയം: എം.ജി സര്‍വകലാശാല കാംപസില്‍ അസി. പ്രൊഫസര്‍ക്കു നേരെ ഗുണ്ടാ സംഘത്തിന്റെ ആക്രമണം. സ്‌കൂള്‍ ഓഫ് ലെറ്റേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍ ഹരികുമാര്‍ ചങ്ങമ്പുഴയാണ് വെള്ളിയാഴ്ച പുലര്‍ച്ചെ കാംപസിനുള്ളില്‍ ക്രൂരമര്‍ദനത്തിനിരയായത്. വിദ്യാര്‍ഥികളെന്നു തോന്നിപ്പിക്കുന്ന മൂന്നുപേരാണ് അക്രമങ്ങള്‍ക്കു പിന്നില്‍. ചങ്ങമ്പുഴയുടെ കൊച്ചുമകനാണു ഡോ. ഹരികുമാര്‍.
സര്‍വകലാശാലായില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാടകോത്സവം നടന്നിരുന്നു. പരിപാടിയുടെ മുഖ്യ ചുമതലക്കാരനും ഡയറക്ടര്‍ സ്റ്റുഡന്റ് സര്‍വിസുമായിരുന്നു പ്രൊഫ. ഹരികുമാര്‍. തലേന്നു തുടങ്ങിയ നാടകോത്സവത്തിന്റെ പരിപാടികളെല്ലാം അവസാനിച്ചത് പിറ്റേന്നു പുലര്‍ച്ചെയാണ്. നാടകോത്സവം നടന്ന പരീക്ഷാഭവനു സമീപത്തെ വേദിയില്‍ നിന്നു പുലര്‍ച്ചെ മൂന്നരയോടെ ഹരികുമാര്‍ തന്റെ വാഹനം പാര്‍ക്ക് ചെയ്തിരുന്ന എ.ഡി ബ്ലോക്കിനു അടുത്തേക്ക് പോകുമ്പോഴായിരുന്നു സംഭവം.
ഓടിയെത്തിയ മൂന്നുപേര്‍ ഹരികുമാറിനെ അകാരണമായി മര്‍ദിക്കുകയായിരുന്നു. ഹരികുമാറിനൊപ്പമുള്ള വിദ്യാര്‍ഥികള്‍ എത്തിയപ്പോഴേയ്ക്കും അക്രമികള്‍ രക്ഷപ്പെട്ടു. മര്‍ദനത്തില്‍ പരുക്കേറ്റ ഹരികുമാര്‍ ചികിത്സ തേടി. തുടര്‍ന്നു വൈസ് ചാന്‍സിലര്‍ക്ക് പരാതിയും നല്‍കിയിട്ടുണ്ട്.
അതേസമയം എസ്.എഫ്.ഐ പ്രവര്‍ത്തകരാണ് സംഭവത്തിനു പിന്നിലെന്നു വലത് അനുകൂല അധ്യാപക സംഘടനകള്‍ ആരോപിച്ചു. യൂനിയന്‍ പ്രവര്‍ത്തനങ്ങളുടെ പേരില്‍ അനാവശ്യമായി ഫണ്ട് ധൂര്‍ത്തടിക്കുന്നത് ചോദ്യം ചെയ്ത അധ്യാപകന്‍ ഇതുവരെ നടത്തിയ ഫണ്ട് വിനിയോഗത്തിന്റെ കണക്ക് ആവശ്യപ്പെട്ടതാണ് മര്‍ദനത്തിനു പ്രേരിപ്പിച്ചതെന്ന് പറയപ്പെടുന്നു. മര്‍ദനം സംബന്ധിച്ച് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ക്ക് രേഖാമൂലം പരാതി നല്‍കിയിട്ടും നടപടിയുണ്ടാകാത്തതില്‍ പ്രതിഷേധിച്ച് അധ്യാപക യൂനിയനുകള്‍ സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."