ശാസ്താംകോട്ട ബിവറേജസില്‍ മോഷണം നടന്നിട്ട് ഒരു മാസം; അന്വേഷണം നിലച്ചു
ശാസ്താംകോട്ട: ബിവറേജസില്‍ മോഷണം നടന്നിട്ട് ഒരുമാസം പിന്നിട്ടെങ്കിലും ഇതുവരെ പ്രതികളെ പിടികൂടാനായിട്ടില്ല. മാത്രമല്ല അന്വേഷണം നിലയ്ക്കുകയും ചെയ്തു. കഴിഞ്ഞ മാസം 17ന് രാത്രി 10നും 11നും ഇടയിലാണ് ബിവറേജസിലെ താല്‍ക്കാലിക സെക്യൂരിറ്റിയെ കെട്ടിയിട്ട ശേഷം ലോക്കറില്‍ സൂക്ഷിച്ചിരുന്ന 14 ലക്ഷം രൂപ അപഹരിച്ച സംഭവം നടന്നത്. ജീവനക്കാരെല്ലാം പോയ ശേഷമായിരുന്നു കവര്‍ച്ച. മുകള്‍നിലയിലുള്ള റൂമിലേക്ക് ചെന്ന സെക്യൂരിറ്റിയെ ഇവിടെ പതിയിരുന്ന ആറംഗ സംഘം അക്രമിക്കുകയും വായില്‍ പ്ലാസ്റ്റര്‍ ഓട്ടിച്ച് കസേരയില്‍ കെട്ടിയിട്ട ശേഷം താഴത്ത് ഗോഡൗണിന്റെ പൂട്ട് തകര്‍ക്കുകയും ഇതിനുള്ളിലുണ്ടായിരുന്ന ലോക്കര്‍ തുറന്ന് പണം അപഹരിക്കുകയുമായിരുന്നു.
ഇതിന് ശേഷം സെക്യൂരിറ്റിയെ തുറന്നു വിടുകയും പുറത്തു സൂക്ഷിച്ചിരുന്ന ബൈക്കുകളില്‍ രക്ഷപെടുകയുമായിരുന്നുവെന്നാണ് സെക്യൂരിറ്റി തന്നെ നല്കുന്ന മൊഴി. പിറ്റേന്ന് രാവിലെ തന്നെ ഡോഗ് സ്ക്വോഡും വിരളടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.
എന്നാല്‍ ഗോഡൗണിന് ചുറ്റും മുളക് പൊടി വിതറിയിരുന്നതിനാല്‍ പൊലിസിന് വേണ്ടത്ര തെളിവുകള്ലഭിച്ചിരുന്നില്ല. എന്നാല്‍ അന്വേഷണം ആരംഭിച്ച് ഒരുമാസക്കാലമായിട്ടും ഇതുവരേയും തുമ്പൊന്നു ലഭിച്ചിട്ടില്ല. ഇതിനിടെ തിരുവനന്തപുരം ഫോറന്‍സിക് ലാബില്‍ നിന്നുള്ള സാങ്കേതിക വിദ്ഗ്ധരെത്തി ലോക്കര്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു. ലോക്കര്‍ തകര്‍ത്തിട്ടില്ലെന്നും താക്കോലോ സമാനമായ മറ്റേതെങ്കിലുമോ ഉപയോഗിച്ച് തുറന്നതാണെന്നും പരിശോധനയില്‍ തെളിഞ്ഞിരുന്നു. എന്നാല്‍ ഈ വഴിക്കും പൊലിസിന്റെ അന്വഷണം നടന്നില്ലെന്നും ആക്ഷേപം ഉണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."