ജെ.എന്‍.യു ആക്രമണം: വാട്‌സ് ആപ് ഗ്രൂപ്പിലെ എബി.വി.പി സെക്രട്ടറി ഉള്‍പ്പെടെ 37 പേരെ തിരിച്ചറിഞ്ഞതായി പൊലിസ്
ന്യൂഡല്‍ഹി: ജവഹര്‍ലാല്‍ നെഹ്‌റു യൂനിവേഴ്‌സിറ്റി കാംപസില്‍ നടന്ന അക്രമണത്തില്‍ വാട്‌സ് ആപ് വഴി ആഹ്വാനം നടത്തിയ 37പേരെ തിരിച്ചറിഞ്ഞതായി ഡല്‍ഹി പൊലിസ് വ്യക്തമാക്കി. യൂണിറ്റി എഗെയ്ന്‍സ്റ്റ് ലെഫ്റ്റ് എന്ന വാട്‌സ് ആപ് ഗ്രൂപ്പിലെ 37 അംഗങ്ങളെയാണ് തിരിച്ചറിഞ്ഞത്. 60 പേര്‍ ഈ ഗ്രൂപ്പിലുണ്ട്. ജെ.എന്‍.യുവിലെ ആക്രമണത്തിന് പിന്നില്‍ ഇവരാണെന്നും, ഈ ഗ്രൂപ്പ് വഴിയാണ് ഗൂഢാലോചന നടന്നതെന്നുമാണ് പൊലിസ് വൃത്തങ്ങള്‍ പറയുന്നത്. കാംപസിനകത്ത് കയറാന്‍ സൗകര്യമൊരുക്കി കൊടുത്തത് വിദ്യാര്‍ഥികളാണ്.അതേ സമയം തിരിച്ചറിഞ്ഞവരില്‍ പത്തുപേര്‍ വിദ്യാര്‍ഥികളല്ലെന്നും പൊലിസ് വ്യക്തമാക്കി.
തിരിച്ചറിഞ്ഞ 37 പേരില്‍ ഒരാള്‍ എ.ബി.വി.പി ജെ.എന്‍.യു യൂനിറ്റിന്റെ സെക്രട്ടറി മനീഷ് ജാങ്കിദാണ്. എന്നാല്‍ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ തന്റെ പേര് എങ്ങനെ എത്തിയെന്ന് അറിയില്ലെന്നാണ് ഇയാളുടെ പ്രതികരണം. എന്റെ ഫോണ്‍ തകര്‍ന്ന് പോയതായിരുന്നു. അത് ഞാന്‍ നന്നാക്കാന്‍ നല്‍കിയ ശേഷമാണ് ഈ ഗ്രൂപ്പില്‍ ഞാന്‍ ഉള്‍പ്പെട്ടതായി തിരിച്ചറിഞ്ഞതെന്നുമാണ് മനീഷ് പറയുന്നത്.ഇതിനിടെ ജെ.എന്‍.യു വൈസ് ചാന്‍സിലര്‍ ജഗദീഷ് കുമാര്‍ അക്രമത്തിന് ശേഷം വിദ്യാര്‍ഥികളുമായി ആദ്യ കൂടിക്കാഴ്ച്ച നടത്തി.
ആക്രമണത്തില്‍ പങ്കുണ്ടെന്ന് കരുതുന്ന ഒന്‍പതുപേരുടെ സി.സി.ടി.വി ദൃശ്യങ്ങള്‍ സഹിതമുള്ള വിവരങ്ങള്‍ ഡല്‍ഹി പൊലിസ് ഇന്നലെ പുറത്തുവിട്ടിരുന്നു. ഐഷി ഘോഷിനും ഇടത് സംഘടനകളുമാണ് പ്രതിപട്ടികയിലുള്ളതെന്നാണ് പൊലിസ് ഭാഷ്യം.
അതേസമയം ദില്ലി പൊലിസില്‍ വിശ്വാസമില്ലെന്നാണ് ഐഷി ഘോഷിന്റെ പ്രതികരണം. രാജ്യത്തെ നിയമ വ്യവസ്ഥയില്‍ വിശ്വാസമുണ്ട്. തെറ്റ് ചെയ്തിട്ടില്ല. വൈസ് ചാന്‍സലര്‍ എ.ബി.വി.പി പ്രവര്‍ത്തകനെ പോലെയാണ് പെരുമാറുന്നത്. തെറ്റ് ചെയ്യാത്തതത് കൊണ്ട് ഭയമില്ലെന്നും ഐഷി പ്രതികരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."