നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി മലയോര മേഖലയില്‍ കുഴല്‍കിണര്‍ നിര്‍മാണങ്ങള്‍ തകൃതി
മലയിന്‍കീഴ്: മഴക്കാലം വരെ കുഴല്‍കിണല്‍ നിര്‍മാണം നിരോധിച്ചിരിക്കുന്ന സംസ്ഥാനത്ത് നിര്‍ദേശം കാറ്റില്‍പ്പറത്തി അനധികൃതമായി കുഴല്‍ കിണറുകള്‍ നിര്‍മിക്കുന്നത് വ്യാപകമാകുന്നു. അനുമതിയും ചട്ടങ്ങളും പാലിക്കാതെയും നടത്തുന്ന ഖനനം ബന്ധപ്പെട്ടവര്‍ കണ്ടില്ലെന്ന് നടിക്കുകയാണ്. ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനപ്രകാരം ജില്ലയില്‍ ഭൂഗര്‍ഭജലത്തിന്റെ അളവ് ഏറ്റവും കുറഞ്ഞ പ്രദേശങ്ങളില്‍ ഒന്നാണ് ഇവിടം. കാട്ടാക്കട മണ്ഡലം വരുന്ന നേമം ബ്ലോക്ക് പഞ്ചായത്തിലാണ് ആരേയും കൂസാതെ നിര്‍മാണം നടക്കുന്നത്. കാട്ടാക്കട, മാറനല്ലൂര്‍, മലയിന്‍കീഴ്, വിളപ്പില്‍, വിളവൂര്‍ക്കല്‍, പൂവച്ചല്‍ തുടങ്ങിയ പ്രദേശങ്ങള്‍ ഭൂഗര്‍ഭ ജലത്തിന്റെ തോത് വളരെ കുറഞ്ഞ മേഖലയായാണ് കണക്കാക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഈ മേഖലകളില്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്നതിന് ഭൂഗര്‍ഭ ജല വകുപ്പ് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഈ മേഖലയില്‍ ഗാര്‍ഹികാവശ്യത്തിനായാല്‍പ്പോലും കുഴല്‍ക്കിണര്‍ നിര്‍മിക്കുന്നതിന് തദ്ദേശഭരണ സ്ഥാപനങ്ങളില്‍ നിന്നും ഭൂഗര്‍ഭജലവകുപ്പിന്റെ ജില്ലാ ഓഫിസില്‍ നിന്നും പ്രത്യേക അനുമതി വാങ്ങണമെന്നും നിയമം നിലവിലുണ്ട്.
ഇവിടെ 2014ല്‍ ഭൂഗര്‍ഭജലവകുപ്പ് നടത്തിയ പഠനത്തില്‍, ലഭ്യമായ ഭൂഗര്‍ഭ ജലത്തിന്റെ 90 മുതല്‍ 100 ശതമാനം വരെ പൂര്‍ണമായും ഉപയോഗിക്കപ്പെടുന്ന അവസ്ഥയാണ്. അതിനാലാണ് ഈ പ്രദേശങ്ങളില്‍ വകുപ്പ് കുഴല്‍ക്കിണര്‍ നിര്‍മാണത്തിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഭൂജല വകുപ്പ് പ്രദേശത്തെ ജലലഭ്യത പഠിച്ചശേഷം മാത്രമാണ് അനുമതി നല്‍കാറുള്ളത്. അതോടൊപ്പം തന്നെ അതത് പ്രദേശങ്ങളിലെ പ്രത്യേകതകള്‍ പരിഗണിച്ച് പരമാവധി താഴ്ചയും നിജപ്പെടുത്തി നല്‍കാറുണ്ട്. ഭൂഗര്‍ഭജല വകുപ്പ് പരമാവധി ഇരുന്നൂറ്റി അന്‍പത് അടി താഴ്ചയില്‍ മാത്രമേ കുഴല്‍ക്കിണര്‍ കുഴിക്കാന്‍ അനുമതി നല്‍കാറുള്ളൂ. എന്നാല്‍ പ്രദേശത്ത് അനധികൃതമായി കുഴിക്കുന്ന കുഴല്‍ക്കിണറുകള്‍ പലതും എണ്ണൂറ് മുതല്‍ ആയിരം അടി താഴ്ചയിലാണ്. ഇത് പ്രദേശത്തെ ജലത്തെ പൂര്‍ണമായും ഇവിടത്തേക്ക് വലിച്ചെടുക്കപ്പെടും, കൂടാതെ കിണറിനുള്ളിലേക്ക് ഇറക്കുന്ന പൈപ്പുകളില്‍ ഒരു പ്രത്യേക തരത്തില്‍ കീറല്‍ ഉണ്ടാക്കുന്നുണ്ട്. അതും പ്രദേശത്തെ കിണറുകളിലെ ജലത്തെ ഈ കുഴല്‍ക്കിണറുകളിലേക്ക് ആഗിരണം ചെയ്യും. ഇത് മൂലം സമീപത്തെ കിണറുകളിലെ ജലത്തിന്റെ അളവ് കുത്തനെ കുറയാന്‍ കാരണമാകുന്നുണ്ട് എന്ന് ഈ രംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു.
എന്നാല്‍ കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കുള്ളില്‍ ഇവിടെ 500ലേറെ കുഴല്‍ക്കിണറുകളാണ് അനധികൃതമായി കുഴിക്കപ്പെട്ടിട്ടുള്ളത്. ഇതെല്ലാം തന്നെ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളാണ് നിര്‍മിക്കുന്നത്. ഈ സംഘങ്ങള്‍ അവര്‍ക്ക് തോന്നുന്ന രീതിയിലാണ് കിണറുകള്‍ കുഴിക്കുന്നതെന്നും ആക്ഷേപമുണ്ട്. കേരളത്തില്‍ കുഴല്‍ക്കിണറുകള്‍ നിര്‍മിക്കുന്നതിന് റിഗ് രജിസ്‌ട്രേഷന്‍ ചെയ്തിട്ടുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്.
എന്നാല്‍ പാറശ്ശാല മേഖലയില്‍ കുഴിക്കാന്‍ എത്തുന്നതാകട്ടെ തമിഴ്‌നാട്ടില്‍ നിന്നുള്ള സംഘങ്ങളാണ്. വൈകുന്നേരങ്ങളില്‍ അതിര്‍ത്തി കടന്ന് രാത്രി തന്നെ കിണര്‍കുഴിച്ച് അതിരാവിലെ ഇവര്‍ മടങ്ങിപ്പോവുകയാണ് പതിവ്. അനിയന്ത്രിതമായ കുഴല്‍ക്കിണറുകളുടെ നിര്‍മാണം മൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് ജനങ്ങള്‍ ബോധവാന്‍മാരല്ലാത്തതാണ് അനിയന്ത്രിതമായ ഇത്തരം കുഴല്‍ക്കിണറുകളുടെ നിര്‍മാണം വര്‍ധിക്കുന്നതിന് കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."