പിടികൂടിയ അരി വിട്ടുനല്‍കി; ഉന്നത ഇടപെടല്‍ കാരണമെന്ന് ശക്തമായ ആക്ഷേപം
കോവളം: വിഴിഞ്ഞത്തു നിന്നും കഴിഞ്ഞ ദിവസം മതിയായ രേഖകളില്ലാത്തതിനെ തുടര്‍ന്ന് കോവളം പൊലിസ് കസ്റ്റഡിയിലെടുത്ത 140 ചാക്ക് റേഷനരി ഉന്നത ഇടപെടലുകളെ തുടര്‍ന്ന് വിട്ടുനല്‍കിയതായി ആക്ഷേപം. ശനിയാഴ്ച വൈകിട്ട് 6 മണിയോടെ വിഴിഞ്ഞത്ത് മതിയായ രേഖകളില്ലാതെ കൊണ്ടു പോകുകയായിരുന്ന 50 കിലോഗ്രാം വീതം തൂക്കം വരുന്ന 140 ചാക്ക് അരി കോവളം പൊലിസ് പിടികൂടിയിരുന്നു. വിഴിഞ്ഞം തിയേറ്റര്‍ ജങ്ഷനില്‍ നടത്തിയ പരിശോധനയിലാണ് ലോറിയും അരിയും പിടികൂടിയത്. തിരുവനന്തപുരത്തു നിന്നും പൂവാര്‍ ഭാഗത്തേക്ക് കൊണ്ടുപോയ അരിയാണ് പിടിയിലായത്. കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നല്കിയ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോവളം പൊലിസാണ് പരിശോധന നടത്തി ലോറിയും അരിയും പിടികൂടി കോവളം സ്റ്റേഷനിലേക്ക് മാറ്റിയത്.
റേഷനരിയാണോ എന്ന് പരിശോധിക്കാനായി താലൂക്ക് സപ്ലൈ ഓഫിസറോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും തിങ്കളാഴ്ച അധികൃതരെത്തി പരിശോധനനടത്തുമെന്ന് പറഞ്ഞിരുന്നെങ്കിലും ഞായറാഴ്ച രാവിലെ അരിയും ലോറിയും വിട്ടുനല്‍കിയതാണ് ആക്ഷേപമുയരാന്‍ കാരണം. എന്നാല്‍ തിരുവനന്തപുരം താലൂക്ക് അസിസ്റ്റന്റ് സപ്ലൈ ഓഫിസര്‍ പ്രദീപ്കുമാറിന്റെ നേതൃത്വത്തില്‍ എത്തിയ മൂന്നംഗസംഘം പരിശോധന നടത്തി ഇത് പൊതു വിതരണത്തിനുള്ള അരി അല്ലെന്ന് റിപ്പോര്‍ട്ട് നല്കിയതിനെ തുടര്‍ന്നാണ് വിട്ടയച്ചതെന്ന് കോവളം പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."