കൈവരി തകര്‍ന്നു, പാര്‍ശ്വഭിത്തി അടര്‍ന്നു; ചെറുപുഴ പാലത്തില്‍ അപകടം തുടര്‍ക്കഥ
മാവൂര്‍: പതിറ്റാണ്ടുകള്‍ പഴക്കമുള്ള കുറ്റിക്കടവ് ചെറുപുഴയ്ക്കു കുറുകെയുള്ള പാലത്തിന്റെ ഇരുഭാഗത്തെയും കൈവരികളും പാര്‍ശ്വഭിത്തിയും പൂര്‍ണമായി തകര്‍ന്നിട്ട് വര്‍ഷങ്ങളായി. അപകടം തുടരുന്ന ഇവിടെ അധികൃതര്‍ അനാസ്ഥ തുടരുകയാണ്.
കുറ്റിക്കടവിനെയും കണ്ണിപറമ്പിനെയും ബന്ധിപ്പിക്കുന്ന പാലം പതിറ്റാണ്ടുകള്‍ക്കു മുന്‍പ് ഇ. അഹമ്മദ് എം.പിയുടെ പ്രത്യേക ഫണ്ട് ഉപയോഗിച്ചാണ് നിര്‍മിച്ചത്. വിവിധ സ്‌കൂളുകളിലെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ദിവസേന സഞ്ചരിക്കുന്ന പാലത്തിലൂടെ നിരവധി വാഹനങ്ങള്‍ കടന്നുപോകുന്നുണ്ട്.
ഇടുങ്ങിയ പാലത്തില്‍ ഇരുചക്ര വാഹനയാത്രക്കാരും കാല്‍നടക്കാരും അപകടത്തില്‍പെട്ടിട്ടും വീതികൂട്ടി പാലം പുതുക്കിപ്പണിയാന്‍ ബന്ധപ്പെട്ടവര്‍ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. പതിറ്റാണ്ട് പഴക്കമുള്ള പാലത്തിനു ഇതുവരെ അറ്റകുറ്റപ്പണികളും നടത്തിയിട്ടില്ല.
കണ്ണിപറമ്പില്‍നിന്നു കുറ്റിക്കടവ് പാലം കടന്നാല്‍ എളുപ്പം മെഡിക്കല്‍ കോളജ്, ചെറൂപ്പ ആശുപത്രി, ചെറുകുളത്തൂര്‍, മഞ്ഞൊടി ഭാഗങ്ങളിലും പൂവാട്ടുപറമ്പ്, കുന്ദമംഗലം ഭാഗങ്ങളിലും എത്താം.
ചാത്തമംഗലം ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജ്, എം.വി.ആര്‍ ആശുപത്രി, ഗവ. പോളി ടെക്‌നിക് തുടങ്ങി ഒട്ടേറെ സ്ഥാപനങ്ങള്‍ വന്നതോടെ ഇതുവഴിയുള്ള വാഹനങ്ങള്‍ കൂടിയിട്ടുണ്ട്. നടപ്പാലത്തിനു പകരം വലിയപാലം വേണമെന്നാണു നാട്ടുകാരുടെ ആവശ്യം. അതേസമയം ഇത്രതന്നെ പ്രാധാന്യമില്ലാത്ത ഒരു കിലോമീറ്റര്‍ അകലെയുള്ള ചെട്ടിക്കടവ് പാലം പുതുക്കിപ്പണിയുന്നതിന് ഇന്‍വെസ്റ്റിഗേഷന്‍ പ്രവൃത്തികള്‍ക്ക് 2.4 ലക്ഷം രൂപ സര്‍ക്കാര്‍ വകയിരുത്തിയതായി പി.ടി.എ റഹീം എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."