കരിപ്പൂരില്‍നിന്ന് ഹജ്ജ് സര്‍വിസിന് ഉപാധികളോടെ അനുമതി നല്‍കിയേക്കും
കൊണ്ടോട്ടി: റണ്‍വെ നവീകരണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി ഉപാധികളോടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് സര്‍വിസിന് ഡി.ജി.സി.എ അനുമതി നല്‍കിയേക്കും. വലിയ വിമാനങ്ങള്‍, എയര്‍ കാര്‍ഗോ സര്‍വിസ് തുടങ്ങിയവക്കും അനുമതി ലഭിച്ചേക്കും.
ഇതോടെ കരിപ്പൂരിന്റെ പഴയ പ്രതാപം വീണ്ടെടുക്കാനുളള തയാറെടുപ്പ്് എയര്‍പോര്‍ട്ട് അതോറിറ്റിയും ആരംഭിച്ചു.വിമാനത്താവള വികസനത്തിന് ആവശ്യമായ സ്ഥലം ഏറ്റെടുത്ത് നല്‍കാന്‍ സംസ്ഥാന സര്‍ക്കാരും രാഷ്ട്രീയ പാര്‍ട്ടികളും അനുഭാവം പുലര്‍ത്തുമെന്ന വ്യക്തമായ സാധ്യത കണ്ടറിഞ്ഞാണ് കേന്ദ്ര സര്‍ക്കാരും കരിപ്പൂരിന് പച്ചക്കൊടി കാണിക്കാന്‍ തയാറെടുക്കുന്നത്.
ഈ വര്‍ഷത്തെ ഹജ്ജ് സര്‍വിസുകള്‍ക്ക് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത് നെടുമ്പാശ്ശേരിയിലേക്കാണെങ്കിലും വ്യോമയാന മന്ത്രാലയത്തിന്റെ പ്രത്യേക പരിഗണനയില്‍ കരിപ്പൂരിലേക്ക് റീടെന്‍ഡര്‍ വിളിച്ചേക്കും. നേരത്തെ 2015ല്‍ റണ്‍വെ റീകാര്‍പ്പറ്റിങ് ആരംഭിച്ചപ്പോള്‍ ഹജ്ജ് വിമാന ടെന്‍ഡര്‍ ക്ഷണിച്ചിരുന്നത് കരിപ്പൂരിലേക്കായിരുന്നെങ്കിലും പിന്നീട് നെടുമ്പാശ്ശേരിയിലേക്ക് റീടെന്‍ഡര്‍ വിളിക്കുകയായിരുന്നു. ഇതുപോലത്തെ സാഹചര്യമാണ് നിലവിലുള്ളതെന്നതിനാല്‍ കാര്യങ്ങള്‍ എളുപ്പമാവും. സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം കേന്ദ്ര ഹജ്ജ് കമ്മിറ്റിയും മുഖവിലക്കെടുത്തിട്ടുണ്ട്. നെടുമ്പാശ്ശേരിയില്‍ നിന്ന് വലിയ വിമാനങ്ങള്‍ക്കാണ് ടെന്‍ഡര്‍ ക്ഷണിച്ചിരിക്കുന്നത്. കരിപ്പൂരിലേക്ക് ഇത്തരം വിമാനങ്ങള്‍ തന്നെയായിരിക്കും പരിഗണിക്കുകയെന്നറിയുന്നു.
കരിപ്പൂരില്‍ റണ്‍വേ പ്രാപ്തമാണെന്ന് ഡി.ജി.സി.എ പരിശോധനയില്‍ നേരത്തെ കണ്ടെത്തിയതാണ്. എന്നാല്‍ തുടര്‍ച്ചയായ വലിയ വിമാനങ്ങളുടെ സര്‍വിസുകളാണ് കരിപ്പൂരിന്റെ റണ്‍വേക്ക് ബലക്ഷയം ഉണ്ടാക്കുന്നതെന്നാണ് ഡി.ജി.സി.എ റിപ്പോര്‍ട്ട് ചെയ്തത്. അതുകൊണ്ട് റണ്‍വേ നീളം കൂട്ടുന്നതോടൊപ്പം റിസ ഏരിയ (വിമാനങ്ങള്‍ തെന്നി നീങ്ങുമ്പോള്‍ പിടിച്ചു നിര്‍ത്തുന്ന സ്ഥലം) വികസിപ്പിക്കണമെന്നുമാണ് നിര്‍ദേശിച്ചിരുന്നത്. ഇതിനായി സ്ഥലമേറ്റെടുക്കല്‍ അത്യാവശ്യമാണ്. എന്നാല്‍, വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഹജ്ജ് സര്‍വിസിന് പ്രശ്‌നങ്ങളില്ല.
ഹജ്ജ് സര്‍വിസിന് കൊച്ചിക്ക് നല്‍കിയ സമയ സ്ലോട്ട് കരിപ്പൂരിലേക്ക് ലഭിച്ചാല്‍ വലിയ വിമാനങ്ങള്‍ തന്നെ സര്‍വിസിനെത്തിക്കാനാവും. ഹജ്ജിന് പരിഗണന നല്‍കിയാലുംസ്ഥലമേറ്റെടുത്ത് റണ്‍വേ പ്രാപ്തമായാല്‍ മാത്രമെ വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കുകയുള്ളൂ. സമയ സ്ലോട്ടില്‍ പ്രശ്‌നം വന്നാല്‍ ഈ വര്‍ഷം ഹജ്ജ് സര്‍വിസ് നെടുമ്പാശ്ശേരിക്ക് നല്‍കി അടുത്ത വര്‍ഷം കരിപ്പൂരിലേക്ക് മാറ്റാനും സാധ്യതയുണ്ട്.
കരിപ്പൂരിലെ എയര്‍ കാര്‍ഗോ സര്‍വിസും പുനരുജ്ജീവിപ്പിക്കാന്‍ എയര്‍പോര്‍ട്ട് അതോറിറ്റി നടപടികള്‍ തുടങ്ങി. ഇതിനായി ചെന്നൈയില്‍ നിന്ന് എയര്‍പോര്‍ട്ട് അതോറിറ്റി ജനറല്‍ മാനേജര്‍ കെ.പി.കെ.എല്‍ നാഥ് കരിപ്പൂരിലെത്തി പരിശോധന നടത്തി.
പ്രത്യേക കാര്‍ഗോ വിമാനങ്ങള്‍ എത്തിച്ച് കെ.എസ്.ഐ.ഇയുടെ കാര്‍ഗോ കയറ്റിറക്കുമതി വര്‍ധിപ്പിക്കുകയാണ് ലക്ഷ്യം. മാര്‍ച്ച് ഒന്നു മുതലാണ് റണ്‍വേ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയാക്കി ഇപ്പോള്‍ ഭാഗികമായി പ്രവര്‍ത്തിക്കുന്ന വിമാനത്താവളം മുഴുവനായും തുറന്ന് കൊടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."