കരിപ്പൂര്‍ ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനഃസ്ഥാപിക്കുക
മലബാറിന്റെ സമഗ്രമായ വികസനത്തിലേക്ക് പറന്നുയരാന്‍ ജനകീയ കൂട്ടായ്മയില്‍ യാഥാര്‍ഥ്യമായ വിമാനത്താവളമാണ് കരിപ്പൂര്‍. ഗള്‍ഫ് കുടിയേറ്റത്തിന്റെ പാരമ്യതയില്‍ 1988 ല്‍ നിറയെ സ്വപ്നങ്ങളുമായി തുടക്കം കുറിച്ച ഈ വിമാനത്താവളത്തിന് പരിപൂര്‍ണത പ്രാപിക്കാന്‍ എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും നിഗൂഢമായ ചില താല്‍പര്യങ്ങളുടെ ഭാഗമായി നിരന്തരമായ സര്‍വിസുകളോടെ വിമാനത്താവളം സജീവമാകുമെന്നും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം കരിപ്പൂരില്‍ തന്നെ പുനസ്ഥാപിക്കും എന്നൊക്കെയായിരുന്നു അധികൃതരുടെ വിശദീകരണം. അങ്ങനെയാണെങ്കില്‍ കേരളത്തില്‍ നിന്നുള്ള യാത്രികരുടെ 85 ശതമാനത്തിനും പ്രയോജനപ്രദമായ രീതിയില്‍ തീര്‍ഥാടനാരംഭം ഇവിടെ നിന്നാകാമെന്നായിരുന്നു പ്രതീക്ഷ. എന്നാല്‍, അവ്യക്തവും നിരര്‍ഥകവുമായ ന്യായീകരണങ്ങള്‍ നിരത്തി കരിപ്പൂരിനെ കൊല്ലാനും ഹജ്ജ് തീര്‍ഥാടകരെ ബുദ്ധിമുട്ടിക്കാനും അദൃശ്യമായ ചില ശക്തികള്‍ കരുനീക്കം നടത്തുകയാണ്. ഇത് അനാവരണം ചെയ്യപ്പെടണം.
ശക്തമായ പ്രതിഷേധം ഉയര്‍ന്നുവരണം. അറ്റകുറ്റപണികള്‍ക്കായി അടച്ചിടുന്നതിന് മുമ്പുള്ള വലിയ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കാനും ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രം പുനസ്ഥാപിക്കാനും കേന്ദ്ര വ്യോമയാന മന്ത്രാലയം നിരത്തുന്ന വാദങ്ങള്‍ പരസ്പര വിരുദ്ധമാണ്. റണ്‍വേ വികസനത്തിനായി ഇനിയും സ്ഥലം വിട്ടുകിട്ടിയെങ്കില്‍ മാത്രമേ എംബാര്‍ക്കേഷന്‍ അനുവദിക്കൂ എന്ന വികാരവും ധാര്‍ഷ്ട്യവും ഒരിക്കലും അംഗീകരിക്കാനാവില്ല. 9666 അടിയാണ് കരിപ്പൂരിലെ റണ്‍വേക്കുള്ളത്. 9180 അടിയുളള ലക്‌നൗ വിമാനത്താവളം, 9000 അടിയുള്ള ഭോപ്പാല്‍, മംഗലാപുരം വിമാനത്താവളങ്ങള്‍, 9022 അടിയുള്ള ഇന്‍സോര്‍, 8000 അടിയുളള റാഞ്ചി, 7500 അടിയുള്ള ഗയ, 8300 അടിയുള്ള വാരാണസി എന്നിവയെല്ലാം ഹജ്ജ് എംബാര്‍ക്കേഷന്‍ ക്രേന്ദ്രങ്ങളാണ്.
റണ്‍വേ നവീകരണത്തിന് ശേഷം മികച്ച നിലവാരത്തിലെക്കുയര്‍ന്നിട്ടും കരിപ്പൂരിന്റെ പദവിയെ പിറകോട്ട് വലിക്കാനാണ് നീക്കം. വരുമാനത്തിന്റെ കാര്യത്തില്‍ മുമ്പ് രാജ്യത്ത് നാലാം സ്ഥാനത്തും യാത്രികരുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനത്തുമായിരുന്നു കരിപ്പൂര്‍. 'ഇ' കോഡ് പദവിക്കുള്ള എല്ലാ സൗകര്യങ്ങളുമുണ്ടായിട്ടും പദവി 'ഡി' യില്‍ തന്നെ നിര്‍ത്താനും എന്നാല്‍ 'സി' പദവിക്കുള്ള പരിഗണന മാത്രം നല്‍കാനുമാണ് അധികൃതരുടെ ശ്രമം. ക്രൂരവും ദയനീയവുമായ ഈ അവഗണനക്കെതിരെ കടുത്ത പ്രതിഷേധമാണാവശ്യം. എണ്ണൂറോളം യാത്രക്കാര്‍ക്ക് താമസിക്കാനുള്ള ഹജ്ജ്ഹൗസ്, മുസാഫര്‍വാന, അനുബന്ധ സൗകര്യങ്ങള്‍ എന്നിവ ഇതുപോലെ സജ്ജമാക്കിയ വിമാനത്താവളങ്ങള്‍ മറ്റെവിടെയുമില്ല. കേരളത്തിലെ ഹജ്ജ് തീര്‍ത്ഥാടകരുടെ യാത്രക്ക് വലിയ വിമാനത്തിന്റെ ആവശ്യമില്ലെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം പുറത്തിറക്കിയ മാനദണ്ഡങ്ങള്‍ തന്നെ ശരിവയ്ക്കുന്നു. ചെറുതും ഇടത്തരവും വിമാനങ്ങള്‍ മതിയെന്നിരിക്കെ വലിയ ശ്രേണിയില്‍പെട്ട ബോയിംഗ് 747 വിമാനത്തിനു ടെണ്ടര്‍ ക്ഷണിച്ച് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കീഴിലുള്ള കോഴിക്കോട് വിമാനത്താവളത്തെ തഴഞ്ഞത് എന്തിനാണെന്ന് ഇനിയും മനസ്സിലായിട്ടില്ല.
സുരക്ഷയുടെയും സൗകര്യങ്ങളുടെയും പേരിലാണ് കരിപ്പൂരിനെ അവഗണിക്കുന്നതെങ്കില്‍ അധികൃതര്‍ ചില കാര്യങ്ങള്‍ വിശദീകരിക്കണം. പലതവണ സുരക്ഷാ വീഴ്ച വന്ന ടേബിള്‍ ടോപ്പ് വിഭാഗത്തില്‍പ്പെടുന്ന സാങ്കേതിക സൗകര്യം കുറഞ്ഞ മംഗലാപുരം വിമാനത്താവളത്തെ എങ്ങനെയാണ് എംബാര്‍ക്കേഷന്‍ കേന്ദ്രമാക്കിയത്. മംഗലാപുരത്തേക്കാള്‍ റണ്‍വേക്ക് 400 മീറ്റര്‍ നീളം അധികവും ബലകൂടുതലുമുള്ള കരിപ്പൂരില്‍ രാജ്യത്തെ വലിയ വിമാനമായ ബോയിങ് 747 വിമാനങ്ങള്‍ മുമ്പ് സര്‍വിസ് നടത്തിയിട്ടുണ്ട്. ഹജ്ജ് എംബാര്‍ക്കേഷന്‍ കേന്ദ്രത്തിനായി കരിപ്പൂരില്‍ നിന്ന് മുറവിളി ഉയരുമ്പോഴും വിമാനത്താവളം ഉപദേശക സമിതി ഒരുയോഗം പോലും ചേര്‍ന്നിട്ടില്ല. റണ്‍വേ വികസനത്തിനും മറ്റുമായി സ്ഥലം ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളില്‍ അധികൃതര്‍ക്ക് യാതൊരു താല്‍പര്യവുമില്ല.
റണ്‍വേ നവീകരണത്തിന്റെ പേരുപറഞ്ഞ് രാജ്യത്തൊരു വിമാനത്താവളത്തിലും ഇല്ലാത്തവിധം സര്‍വ്വീസുകള്‍ വെട്ടിച്ചുരുക്കിയും വലിയ വിമാനങ്ങള്‍ നിഷേധിച്ചും കരിപ്പൂരിനെ മുരടിപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ പരിശ്രമിച്ചപ്പോള്‍ മുസ്‌ലിം ലീഗായിരുന്നു അതിശക്തമായ താക്കീതുമായി രംഗത്തിറങ്ങിയത്. വികസനത്തിന് വേണ്ടി വരുന്ന സ്ഥലമെടുപ്പിന് ജനപക്ഷം ചേര്‍ന്ന് സഹകരിക്കുമെന്നും സര്‍ക്കാര്‍ നിശ്ചയിക്കുന്ന വില ഭൂ ഉടമകള്‍ക്ക് തികയാതെ വന്നാല്‍ പാര്‍ട്ടി അത് ഏറ്റെടുക്കുമെന്നും പ്രഖ്യാപിച്ചത് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ്തങ്ങളായിരുന്നു.
മലബാറില്‍ നിന്നുള്ള എം.പി മാരായ പി.വി.അബ്ദുല്‍ വഹാബ്, ഇ.ടി.മുഹമ്മദ് ബശീര്‍, എം.കെ രാഘവന്‍, എം.ഐ ഷാനവാസ് എന്നിവരെല്ലാം വിമാനത്താവള വികസനത്തിനായി ആത്മാര്‍ഥമായി പ്രവര്‍ത്തിച്ചവരാണ്. മുസ്‌ലിം ലീഗിന്റെ എം.പിമാരും, എം.എല്‍.എ മാരും നടത്തുന്ന ഈ സമരം ഒരു സൂചനയും തുടക്കവുമാണ്. ഇതൊരു വന്‍ജനകീയ പ്രക്ഷോഭത്തിന്റെ കടലിരമ്പമാണ്. നിരര്‍ഥക വാദങ്ങള്‍ കൊണ്ട് കരിപ്പൂരിനെ നശിപ്പിക്കാന്‍ ശ്രമിക്കുന്നവരെ ജനകീയ വിചാരണ നടത്തുക തന്നെ ചെയ്യും. സയ്യിദ് ഹൈദരലി ശിഹാബ്തങ്ങള്‍ തുടക്കം കുറിക്കുന്ന ഈ സമരക്കൊടുങ്കാറ്റ് അധികാരികള്‍ക്ക് പാഠമാകുമെന്നുറപ്പ്. കക്ഷി രാഷ്ട്രീയത്തിനതീതമായി രാജ്യപുരോഗതി ലക്ഷ്യമിട്ട് മുസ്്‌ലിം ലീഗ് നടത്തുന്ന ഈ പോരാട്ടത്തില്‍ സര്‍വരുടേയും പിന്തുണ അഭ്യര്‍ഥിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."