സ്ത്രീകള്‍ പടുത്തുയര്‍ത്തിയ ആദ്യഭവനം നാളെ സമര്‍പ്പിക്കും
കോഴിക്കോട്: സ്ത്രീകളുടെ വളയിട്ട കൈകള്‍ കൊണ്ട് പടുത്തുയര്‍ത്തിയ ആദ്യഭവനം നാളെ സമര്‍പ്പിക്കും. കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ രൂപംകൊടുത്ത കെട്ടിട നിര്‍മാണ യൂണിറ്റായ പിങ്ക്‌ലാഡറിന്റെ നേതൃത്വത്തിലാണ് രണ്ട് വീടുകളുടെ നിര്‍മാണം പൂര്‍ത്തിയായത്.
പി.എം.എ.വൈ ഗുണഭോക്താക്കളായ ബേപ്പൂര്‍ തമ്പിറോഡില്‍ ഇടക്കിട്ട കോവിലകം പറമ്പില്‍ ശോഭനയുടെയും, കരുവിശ്ശേരി എടത്തിക്കണ്ടി പറമ്പിലെ നന്ദിനിയുടെയും വീട് നിര്‍മാണമാണ് ആദ്യഘട്ടമായി പിങ്ക് ലാഡര്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്.
400 സ്‌ക്വയര്‍ ഫീറ്റ് വിസ്തീര്‍ണ്ണമുള്ള ഈ വീട് 13 വനിതാജീവനക്കാര്‍ 53 പ്രവര്‍ത്തിദിനങ്ങള്‍കൊണ്ടാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്. ഒരു ബെഡ് റൂം, ഒരു ഹാള്‍, ഒരു കിച്ചണ്‍, അറ്റാച്ച്ഡ് ടോയ്‌ലറ്റ്, ഒരു സിറ്റൗട്ട് എന്നീ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. നിര്‍മാണ പ്രവൃത്തിക്ക് പി.എം.എ.വൈ സ്‌കീം പ്രകാരം സര്‍ക്കാര്‍ നല്‍കിയ 4 ലക്ഷത്തിനു പുറമെ യൂണിറ്റുകളുടെ പരിശീലനത്തിന് 2.5 ലക്ഷം രൂപ ചെലവ് വന്നിട്ടുണ്ട്.
തൊഴിലാളികളുടെ സ്റ്റൈപന്റ്, യാത്രാചിലവ്, ഭക്ഷണം, പരിശീലന സാമഗ്രികള്‍ എന്നിവക്കാണ് ഈ തുക വിനിയോഗിച്ചത്. ഇതിനു പുറമെ വീട്ടില്‍ പ്രമുഖ സോളാര്‍ പാനല്‍ വിതരണക്കാരായ ആര്‍ക്കിലം കമ്പനിയുടെ സ്‌പോണ്‍സര്‍ഷിപ്പില്‍ സൗജന്യ സോളാര്‍ വൈദ്യുതീകരണവും സ്ഥാപിച്ചിട്ടുണ്ട്.
കരുവിശ്ശേരി എടത്തിക്കണ്ടി ക്ഷേത്രത്തിന് സമീപം നിര്‍മ്മാണം പൂര്‍ത്തീകരിച്ച ആദ്യവീടായ നന്ദിനിയുടെ വീടിന്റെ താക്കോല്‍ദാനം നാളെ രാവിലെ 10 മണിക്ക് മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്റെ അധ്യക്ഷതയില്‍ ഗതാഗതവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും.
പിങ്ക് ലാഡര്‍ എന്നാല്‍
കോഴിക്കോട്: കെട്ടിട നിര്‍മാണ മേഖലയില്‍ സ്ത്രീകളുടെ സാന്നിധ്യം ഉറപ്പു വരുത്താന്‍ സംസ്ഥാന കുടുംബശ്രീ മിഷന്റെ പിന്തുണയോടെ കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസിന് കീഴില്‍ രൂപംകൊടുത്ത കെട്ടിട നിര്‍മാണ യൂണിറ്റാണ് പിങ്ക്‌ലാഡര്‍.
15 വീതം അംഗങ്ങളുള്ള രണ്ട് യൂനിറ്റുകളടങ്ങിയ പിങ്ക് ലാഡര്‍ ഇക്കഴിഞ്ഞ കേരളപ്പിറവി ദിനത്തിലാണ് ലോഞ്ച് ചെയ്തത്. കെട്ടിടങ്ങളുടെ തറ നിര്‍മാണം മുതല്‍ ഫിനിഷിങ്ങ് ജോലികള്‍ വരെ പിങ്ക്‌ലാഡറിലെ സ്ത്രീകള്‍ തന്നെയാണ് ചെയ്യുന്നത്. കുടുംബശ്രീ ജില്ലാ മിഷനാണ് ഇവര്‍ക്കുള്ള സാമ്പത്തിക സഹായം ലഭ്യമാക്കുന്നത്. കുടുംബശ്രീയുടെ പരിശീലന ഗവേഷണ സ്ഥാപനമായ ഏക്‌സാത്താണ് വൈദഗ്ധ്യ പരിശീലനം നല്‍കുന്നത്. കെട്ടിട നിര്‍മാണത്തിന്റെ മേല്‍നോട്ടം ഈസ്തറ്റിക്‌സ് എന്ന സ്ഥാപനവുമാണ് നിര്‍വഹിച്ചിരിക്കുന്നത്. പിങ്ക്‌ലാഡറിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ കൂടുതല്‍ വീടുകള്‍ നിര്‍മിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോവുകയാണെന്ന് കോര്‍പ്പറേഷന്‍ കുടുംബശ്രീ പ്രൊജക്ട് ഓഫിസര്‍ റംസി ഇസ്മായില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."