കെ.എ.എസ് സമരം: സര്‍ക്കാര്‍ പിടിവാശി ഒഴിവാക്കണം
സെക്രട്ടേറിയറ്റിലെ സര്‍വീസ്‌സംഘടനകള്‍ കെ.എ.എസിനെതിരേയുള്ള സമരം ശക്തമാക്കിയിരിക്കുകയാണ്. സെക്രട്ടേറിയറ്റ് ആക്ഷന്‍ കൗണ്‍സില്‍ ഇന്നലെ മുതല്‍ 24 മണിക്കൂര്‍ ഉപവാസം ആരംഭിച്ചിട്ടുണ്ട്. ജീവനക്കാരുടെ സമരം വികസനപ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കും. സാധാരണക്കാര്‍ക്കു ലഭിക്കേണ്ട പല ആനുകൂല്യങ്ങളും ഫയല്‍ നീങ്ങാത്തതു കാരണം സ്തംഭിക്കും.
വ്യാഴാഴ്ച ആരംഭിക്കാനിരിക്കുന്ന നിയമസഭാ നടപടികളെയും ജീവനക്കാരുടെ സമരം ബാധിക്കുന്നതിലേക്കാണ് കാര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നത്. എം.എല്‍.എമാര്‍ അവരുടെ മണ്ഡലങ്ങളിലെ പ്രശ്‌നങ്ങളും പരാതികളും വികസനകാര്യങ്ങള്‍ ഉന്നയിച്ചു നല്‍കിയിട്ടുള്ള ചോദ്യങ്ങളുടെ ഫയലുകളും അതത് സെക്ഷനുകളില്‍ കെട്ടിക്കിടക്കുകയാണ്. ജനങ്ങളെ പ്രത്യക്ഷത്തില്‍ ബാധിക്കുന്ന ആരോഗ്യം, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, റവന്യൂ തുടങ്ങിയ വകുപ്പുകളില്‍നിന്ന് എം.എല്‍.എമാര്‍ക്ക് ഉത്തരങ്ങള്‍ ലഭിക്കേണ്ട ചോദ്യങ്ങളാണു ഫയലുകളില്‍ ഉറങ്ങുന്നത്.
അതത് വകുപ്പുകളിലെ ഉദ്യോഗസ്ഥരാണ് ഉത്തരം തയാറാക്കേണ്ടത്. പലതിനും മന്ത്രിമാര്‍ തന്നെ നേരിട്ട് ഉത്തരം നല്‍കേണ്ടതുമുണ്ട്. എന്നാല്‍, ഒരു മാസത്തിലധികമായി സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥര്‍ ഒപ്പിട്ടു പുറത്തിറങ്ങി സമരം ചെയ്യുകയാണ്. ഒപ്പിട്ടു പുറത്തിറങ്ങിയാലും ഡയസ്‌നോണ്‍ ബാധകമായിരിക്കുമെന്ന മുഖ്യമന്ത്രിയുടെ താക്കീതൊന്നും ജീവനക്കാരെ പിന്തിരിപ്പിക്കുന്നില്ല. ഭരണകക്ഷി യൂനിയനുകളുടെ പിന്തുണ സമരം നടത്തുന്ന പ്രതിപക്ഷ യൂനിയനുകള്‍ക്കുണ്ട്. ഒപ്പിട്ടശേഷം ജോലിയില്‍നിന്നു വിട്ടുനിന്നു സമരം ചെയ്യുന്നവരുടെ വിവരം ശേഖരിച്ചു നടപടിയെടുക്കണമെന്നു മുഖ്യമന്ത്രി ചീഫ് സെക്രട്ടറിയോട് ആവശ്യപ്പെട്ടിട്ടും തുടര്‍ നടപടികളൊന്നും ഉണ്ടാകാത്തതിന്റെ പിന്നില്‍ ഭരണകക്ഷി യൂനിയനുകളുടെ ശക്തമായ ഇടപെടലാണ്.
ഇത്തരമൊരു പശ്ചാത്തലത്തില്‍ പിടിവാശി ഒഴിവാക്കി ജീവനക്കാരുമായി സൗഹാര്‍ദപരമായ അന്തരീക്ഷത്തില്‍ ആശയവിനിമയം നടത്താന്‍ സര്‍ക്കാര്‍ സന്നദ്ധമാവണം. എന്തുവന്നാലും കെ.എ.എസ് (കേരള അഡ്മിനിസ്‌ട്രേറ്റിവ് സര്‍വീസ്) നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന ദുശ്ശാഠ്യം ഉപേക്ഷിക്കണം. ചര്‍ച്ചകളിലൂടെയും അനുരഞ്ജനമാര്‍ഗത്തിലൂടെയും പരിഹരിക്കപ്പെടാനാവാത്ത പ്രശ്‌നമൊന്നുമില്ല.
കെ.എ.എസ് നടപ്പിലാക്കുന്നതോടെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ പ്രമോഷന്‍ സാധ്യതകള്‍ ഇല്ലാതാകുമെന്നാണു സമരത്തിന് ആധാരമായി സര്‍വീസ് സംഘടനകള്‍ ഉയര്‍ത്തുന്ന പ്രധാന ന്യായം. സെക്രട്ടേറിയറ്റ് ഉള്‍പ്പെടെയുള്ള മുപ്പതു വകുപ്പുകളിലാണു കെ.എ.എസ് ഉള്‍പ്പെടുക. ധനം, പൊതുവിതരണ വകുപ്പ് എന്നിവ ഇതില്‍പെടും. ഇതുതന്നെയാണു ജീവനക്കാരുടെ പ്രതിഷേധത്തിന്റെ അടിസ്ഥാനം. മുപ്പതു വകുപ്പുകളിലെ രണ്ടാം ഗസറ്റഡ് തസ്തികകള്‍ സെക്രട്ടേറിയറ്റിലാകുമ്പോള്‍ അത് അണ്ടര്‍ സെക്രട്ടറി തസ്തികയിലേക്കു നേരിട്ടുള്ള നിയമനമാകുമെന്നും ഇതു തങ്ങളുടെ പ്രമോഷന്‍ സാധ്യത ഇല്ലാതാക്കുമെന്നുമാണു ജീവനക്കാര്‍ പറയുന്നത്.
ഇതിന് യുക്തമായൊരു മറുപടിയാണു സര്‍ക്കാരില്‍നിന്നു ജീവനക്കാര്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍, തീരുമാനത്തില്‍നിന്നു പിറകോട്ടു പോകില്ലെന്ന പിടിവാശിയിലാണു മുഖ്യമന്ത്രി. ജീവനക്കാര്‍ക്ക് അത്തരമൊരു ആശങ്കയുണ്ടെങ്കില്‍ ചര്‍ച്ച ചെയ്ത് ആശയക്കുഴപ്പം ഒഴിവാക്കാമെന്നായിരുന്നു മുഖ്യമന്ത്രി പറയേണ്ടിയിരുന്നത്. സെക്രട്ടേറിയറ്റ് ജീവനക്കാര്‍ അനിശ്ചിതകാല സമരത്തിന് കോപ്പു കൂട്ടിക്കൊണ്ടിരിക്കുന്ന അവസ്ഥയില്‍ പരിഹാരമില്ലാതെ അവര്‍ പിന്തിരിയില്ല. അനിശ്ചിതകാലസമരമുണ്ടായാല്‍ സെക്രട്ടേറിയറ്റ് മാത്രമല്ല, നാടെങ്ങും ഭരണയന്ത്രം നിശ്ചലമാകും. പാവങ്ങള്‍ക്കു കിട്ടേണ്ട ആനുകൂല്യങ്ങളും ക്ഷേമപെന്‍ഷനുകളും തടസ്സപ്പെടും. വികസന പ്രവര്‍ത്തനം സ്തംഭിക്കും.
മിടുക്കരും ചുറുചുറുക്കുള്ളവരുമായ ചെറുപ്പക്കാരെ ഭരണനിര്‍വഹണത്തില്‍ നിയമിക്കുകവഴി സര്‍ക്കാരിന്റെ നയരൂപീകരണം പെട്ടെന്നു പ്രാവര്‍ത്തികമാക്കുകയെന്നതാണു കെ.എ.എസ് കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ഇത്തരമൊരാശയം വര്‍ഷങ്ങള്‍ക്കു മുമ്പുതന്നെ സര്‍ക്കാര്‍ തലത്തില്‍ ഉരുത്തിരിഞ്ഞതാണെന്നും ചടുലമായ പ്രവര്‍ത്തനങ്ങളുണ്ടാകുമ്പോള്‍ മാത്രമാണു സര്‍ക്കാര്‍ പ്രവര്‍ത്തനം മുന്നോട്ടു പോവുകയെന്നും അതിനുവേണ്ടി മാത്രമാണ് കെ.എ.എസ് രൂപീകരിക്കുന്നതെന്നും ജീവനക്കാരുടെ ആശങ്കകള്‍ അസ്ഥാനത്താണെന്നും മുഖ്യമന്ത്രി പറയുന്നു. ഇതു ജീവനക്കാരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത സര്‍ക്കാരിനുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."