മൂന്ന് മാസമായി കുടിവെള്ളം പാഴാകുന്നു; അനക്കമില്ലാതെ അധികൃതര്‍
വെള്ളമുണ്ട: ജലനിധിയുടെ പൈപ്പ് പൊട്ടി വെള്ളം റോഡിലൂടെ ഒഴുകാന്‍ തുടങ്ങിയിട്ട് മൂന്നു മാസം പിന്നിട്ടിട്ടും നന്നാക്കാന്‍ നടപടിയില്ല.
വെള്ളം തളംകെട്ടി നില്‍ക്കുന്നത് കാരണം റോഡ് പണിയും മുടങ്ങിയ അവസ്ഥയിലാണിപ്പോള്‍. എടവക പഞ്ചായത്തിലെ മൂളിത്തോട് ആണ് ജലനിധിയുടെ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം മാസങ്ങളായി ഒഴുകി പോകുന്നത്. നിരവധിതവണ ഉദ്യോഗസ്ഥരെ അറിയിച്ചിട്ടും ഉത്തരവാദപ്പെട്ടവര്‍ അന്വേഷിക്കാന്‍ പോലുമെത്തുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പുഴയില്‍ നിന്നും ശേഖരിച്ച് ശുദ്ധീകരിച്ച ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളമാണ് പാഴാവുന്നത്. വെള്ളം നിരന്തരമായി ഒഴുകി റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെട്ടിരിക്കുകയാണ്.
വാഹനങ്ങള്‍ പോകുമ്പോള്‍ വെള്ളം കാല്‍നടയാത്രക്കാരുടെ ദേഹത്ത് തെറിക്കുന്നത് നിത്യസംഭവമാണ്. വാളേരി, കുനിക്കര ചാല്‍ പ്രദേശങ്ങളിലും പൈപ്പ് പൊട്ടുന്നത് പതിവായിട്ടുണ്ട്.
ഉപഭോക്താക്കളില്‍ നിന്നും മാസം കൃത്യമായി വാടക വാങ്ങുന്ന അധികൃതര്‍ അറ്റകുറ്റപ്പണി നടത്തുന്നതില്‍ വീഴ്ച വരുത്തുന്നതില്‍ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. കുടിവെള്ള പൈപ്പ് പൊട്ടിയതിനെ തുടര്‍ന്ന് റോഡ് പണിയും ഇപ്പോള്‍ തടസപ്പെട്ടിരിക്കുകയാണ്. ടാറിങ് പ്രവര്‍ത്തി നടത്താനാവാതെ കരാറുകാരന്‍ മടങ്ങിപ്പോയി. എത്രയും പെട്ടെന്ന് പ്രശ്‌നം പരിഹരിച്ചില്ലെങ്കില്‍ സമരപരിപാടികള്‍ക്ക് ഒരുങ്ങുകയാണ് നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."