കര്‍ഷകരെ കണ്ണീരിലാഴ്ത്തി അടക്ക വിപണി
പടിഞ്ഞാറത്തറ: അടക്ക വിപണിയിലെ വിലത്തകര്‍ച്ചയും രോഗ ബാധയും അടക്ക കര്‍ഷകരെ കണ്ണീരിലാഴ്ത്തുന്നു.
നാല്‍പ്പത്തി ആറ് രൂപ വരെ വില ലഭിച്ചിരുന്ന അടക്കക്ക് നിലവില്‍ മുപ്പത്തി ആറ് രൂപ വിലയിലേക്ക് കൂപ്പ്കുത്തിയതോടെയാണ് കര്‍ഷകര്‍ നിരാശയിലായിരിക്കുന്നത്. പ്രളയം മൂലവും രോഗബാധയും കാരണം നിരവധി കര്‍ഷകര്‍ ഇതിനോടകം തന്നെ കടക്കെണിയിലായിരുന്നു. എന്നാല്‍ യാതൊരു വ്യത്യാസവുമില്ലാത്ത സ്ഥിതിയിലേക്കാണ് അടക്കയുടെ വിലതകര്‍ച്ചയും കര്‍ഷകര്‍ക്ക് നേരിടേണ്ടതായി വന്നത്. വീടിന്റെ ആധാരവും കുടുംബങ്ങളിലുള്‍പ്പടെയുള്ള സ്ത്രീകളുടെ സ്വര്‍ണവും ഉള്‍പ്പടെ ബാങ്കിലും മറ്റും പണയം വെച്ചും വന്‍തോതില്‍ പണം പലിശക്കെടുത്തും കൃഷി ചെയ്തതും പാട്ടത്തിനെടുത്തതുമായ കര്‍ഷകരാണ് ഇതോടെ വഴിമുട്ടിയ നിലയിലായിരിക്കുന്നത്. എന്നാല്‍ പൈങ്ങയുടെ സ്ഥിതിയും മറിച്ചല്ല. മാസങ്ങളായി 125 മുതല്‍ 128 രൂപ വരെയല്ലാതെ പൈങ്ങക്ക് വിപണിയില്‍ ഉയര്‍ച്ചയുണ്ടാവുന്നുമില്ല. സാധാരണ നവംബര്‍ പിറക്കുന്നതോടെ അടക്ക വിപണിയും പൈങ്ങ വിപണിയും തകൃതിയാവാറാണ് പതിവ്. എന്നാല്‍ രോഗബാധയും വിലതകര്‍ച്ചയും മൂലം കൃഷി തന്നെ ഉപേക്ഷിക്കേണ്ട ദുരവസ്ഥയിലായിരിക്കയാണ് കര്‍ഷകര്‍. പ്രളയം മൂലം വന്‍ സാമ്പത്തിക നഷ്ടമാണ് കര്‍ഷകര്‍ അഭിമുഖീകരിച്ചത്. ആഴ്ചകളോളം വയലുകളിലും മറ്റും വെള്ളം കെട്ടിക്കിടന്നതും കമുക് പൂക്കുന്ന സമയങ്ങളിലും കീടബധയെ ചെറുക്കുന്നതിനായി മരുന്നടിക്കുന്ന സമയങ്ങളിലും ശക്തമായ മഴ പെയ്തതും അടക്ക വിപണിയെ സാരമായി ബാധിച്ചിരുന്നു. സാധാരണയായി വിളവ് കുറയുമ്പോള്‍ വില വര്‍ധിക്കാറുണ്ടങ്കിലും നിലവില്‍ വിളവ് കുറഞ്ഞിട്ടും വില തകര്‍ച്ച അനുഭവപ്പെടുന്നതാണ് കര്‍ഷകരെ ഏറെ പ്രയാസത്തിലാക്കിയത്.
വീട്ടമ്മമാര്‍ക്കും സാമ്പത്തികമായി വന്‍ നേട്ടമുണ്ടാവുന്ന കാലമായിരുന്നു അടക്ക വിളവെടുപ്പ് കാലം. തങ്ങളുടെ വീട്ടുമുറ്റത്തെത്തുന്ന അടക്ക പൊളിച്ച് വലിയൊരളവോളം സാമ്പത്തിക നേട്ടമുണ്ടാക്കിയിരുന്ന വീട്ടമ്മമാരും ഇതോടെ പ്രയാസത്തിലാക്കിയിരിക്കുകയാണ്. ദൈനം ദിനം വര്‍ധിച്ച് കൊണ്ടിരിക്കുന്ന സാധനങ്ങളുടെ വില വര്‍ധനവിലും വീട്ടു ചിലവുകളിലും വലിയൊരളവോളം ഇത് പലര്‍ക്കും ആശ്വാസമായിരുന്നു. എന്നാല്‍ അടക്ക പാട്ടത്തിനെടുത്തവര്‍ തന്നെ വിളവെടുപ്പിന് കഴിയാത്ത സ്ഥിതിയിലായതോടെ വീട്ടമ്മമാരെയും വലിയൊരളവോളം ദുരിതത്തിലാക്കിയിരിക്കയാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് അടക്ക വിപണിയില്‍ കാര്യമായ മാറ്റം ഉണ്ടാക്കണമെന്ന ആവശ്യം ശക്തമയിരിക്കയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."