കെ.ടി ജലീലിന്റേത് ഭ്രാന്തമായ ജല്‍പനങ്ങള്‍: എസ്.കെ.എസ്.എസ്.എഫ്
കല്‍പ്പറ്റ: സ്വന്തം രാഷ്ട്രീയ നിലനില്‍പ്പിന് വേണ്ടി വസ്തുതകളെ തിരസ്‌കരിച്ചു കൊണ്ടുള്ള മന്ത്രി കെ.ടി ജലീലിന്റെ പ്രസ്താവനകള്‍ ഭ്രാന്തമായ ജല്‍പനങ്ങള്‍ മാത്രമാണെന്ന് എസ്.കെ.എസ്.എസ്.എഫ് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു.
സ്വന്തം അധികാരം ഉപയോഗിച്ച് സ്വന്തക്കാര്‍ക്ക് സ്ഥാനങ്ങള്‍ നല്‍കിയത് കൈയോടെ പിടികൂടിയതിന് കൃത്യമായ ഉത്തരമില്ലാതെ പൊതുജനമധ്യത്തില്‍ വഷളായതിന്റെ അരിശം സമസ്തക്ക് നേരെയല്ല തിര്‍ക്കേണ്ടത്. സമസ്ത ജലീലുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിഷയങ്ങളില്‍ കക്ഷി ചേര്‍ന്നിട്ടില്ല. വനിതാ മതിലുമായി ബന്ധപ്പെട്ട് സമസ്ത ഫത്‌വ ഇറക്കിയതുമില്ല. മറിച്ച് വാര്‍ത്താസമ്മേളനത്തില്‍ മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിനുള്ള ഉത്തരം പറയുക മാത്രമാണ് സമസ്തയുടെ പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങള്‍ ചെയ്തത്. പക്ഷേ കാര്യങ്ങള്‍ ബോധ്യമായിട്ടും അനാവശ്യമായി സമസ്തക്കും സമസ്തയുടെ പണ്ഡിതന്മാര്‍ക്കും നേ െഅധിക്ഷേപങ്ങളും പരിഹാസങ്ങളും ചൊരിയുന്ന ജലീല്‍ സമനിലതെറ്റിയവനെ പോലെയാണ് സംസാരിക്കുന്നത്.
ഇത് ജലീലിന്റെ തന്നെ രാഷ്ട്രീയഭാവിക്ക് അപകടകരമായിരിക്കുമെന്ന് മനസിലാക്കുന്നത് നല്ലതാണെന്നും എസ്.കെ.എസ്.എസ്.എഫ് ഓര്‍മപ്പെടുത്തി. സമസ്ത ഒരു രാഷ്ട്രീയ പാര്‍ട്ടിയോടും പ്രത്യേക വിധേയത്വമോ വിരോധമോ ഇല്ല. മതവിരുദ്ധമല്ലാത്ത രാഷ്ട്രീയ പാര്‍ട്ടികളില്‍ അനുയായികള്‍ക്ക് പ്രവര്‍ത്തിക്കുന്നതിന് വിരോധമില്ലെന്ന സമസ്തയുടെ പ്രഖ്യാപിത നിലപാടില്‍ യാതൊരു മാറ്റവുമുണ്ടായിട്ടില്ല എന്നിരിക്കെ അനാവശ്യമായ ഇത്തരം പരാമര്‍ശങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ മാറി നില്‍ക്കണം. മുസ്‌ലിം വിദ്യഭ്യാസ നവോത്ഥാനത്തിന്റെ കുത്തക പുത്തനാശയക്കാര്‍ക്ക് എഴുതിക്കൊടുത്ത മുഖ്യമന്ത്രിയുടെ പ്രസ്താവനയും വിവരക്കേടാണെന്ന് യോഗം അഭിപ്രായപ്പെട്ടു. പ്രസിഡന്റ് മുഹിയുദ്ദീന്‍ കുട്ടി യമാനി അധ്യക്ഷയായി. ശൗക്കത്തലി വെള്ളമുണ്ട, അയ്യൂബ് മാസ്റ്റര്‍, അബ്ദുല്‍ ലത്തീഫ് വാഫി, ഷാഹിദ് ഫൈസി, സാജിദ് മൗലവി, ഷറഫുദ്ദീന്‍ നിസാമി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."