കാട്ടാനശല്യം: ഊഞ്ഞാല്‍ സോളാര്‍ വൈദ്യുത വേലിയുമായി കര്‍ണാടക വനം വകുപ്പ്
കല്‍പ്പറ്റ: കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളില്‍ ഇറങ്ങുന്നതു തടയാന്‍ ഊഞ്ഞാല്‍ സോളാര്‍ വൈദ്യുത വേലിയുമായി കര്‍ണാടക വനം-വന്യജീവി വകുപ്പ്.
സര്‍ഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ചില്‍ കാട്ടാനശല്യം രൂക്ഷമായ ജനവാസകേന്ദ്രങ്ങളുടെ അതിരിലാണ് ഊഞ്ഞാല്‍(ഹാങിങ്)വേലി നിര്‍മിക്കുന്നത്. നുഗു അണയ്ക്കു സമീപം വനാതിര്‍ത്തിയില്‍ ആറു കിലോമീറ്റര്‍ വേലി നിര്‍മാണം പൂര്‍ത്തിയായി. 14 കിലോമീറ്ററില്‍ പ്രവൃത്തി പൂരോഗതിയിലാണ്.
നുഗു അണയ്ക്കടുത്തുള്ള ജനവാസ കേന്ദ്രങ്ങളുടെ അതിരില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സ്ഥാപിച്ച വേലി ഫലപ്രദമെന്നു കണ്ട സാഹചര്യത്തിലാണ് കൂടുതല്‍ സ്ഥലങ്ങളില്‍ നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നു സര്‍ഗൂര്‍ ഫോറസ്റ്റ് റെയ്ഞ്ച് ഓഫിസര്‍ മൊഹ്‌സിന്‍ ബാഷ പറഞ്ഞു.
റെയ്ഞ്ചില്‍ 10 കിലോമീറ്ററില്‍ വേലികൂടി നിര്‍മിക്കുന്നതിന് വകുപ്പുമേധാവികളുടെ അനുമതി തേടിയിട്ടുണ്ട്. ജനവാസ കേന്ദ്രങ്ങളുടെ അതിരില്‍ 15 അടി ഇടവിട്ട് സ്ഥാപിക്കുന്ന 20 അടിവരെ ഉയരമുള്ള തൂണുകളിലാണ് ഞാന്നുകിടക്കുന്നവിധത്തില്‍ സോളാര്‍ വൈദ്യുത വേലി നിര്‍മിക്കുന്നത്. വേലിയുടെ അടിവശത്തിനു മണ്ണുമായി സമ്പര്‍ക്കം ഉണ്ടാകില്ല. വേലിയില്‍ തൊടുന്ന ആനകള്‍ അടക്കം വന്യജീവികള്‍ക്കു ചെറിയ രീതിയില്‍ വൈദ്യുതാഘാതമേല്‍ക്കും. ഇത് ജനവാസകേന്ദ്രത്തില്‍ ഇറങ്ങാനുള്ള ശ്രമത്തില്‍നിന്നു അവയെ പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നതെന്നു വനപാലകര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."