വേമ്പനാട് തീരത്ത് നിയമം ലംഘിച്ച് നിര്‍മിച്ചിരിക്കുന്നത് നിരവധി കെട്ടിടങ്ങള്‍
ആലപ്പുഴ: മരടിന് പിന്നാലെ കാപിക്കോയും പൊളിക്കാന്‍ സുപ്രിം കോടതി ഉത്തരവ് വന്നതോടെ നിയമം ലംഘിച്ച് നിര്‍മിച്ചിരിക്കുന്ന നിരവധി കെട്ടിടങ്ങളുടെ ഭാവി തുലാസില്‍. അതീവ പരിസ്ഥിതിലോല പ്രദേശമായ വേമ്പനാട് കായല്‍തീരത്ത് മാത്രം നിയമം ലംഘിച്ച് നിര്‍മിച്ചിരിക്കുന്നത് ഒട്ടേറെ കെട്ടിടങ്ങളാണ്.
നിയമം ലംഘിച്ച് നിര്‍മിച്ച 625 കെട്ടിടങ്ങളുണ്ടെന്നാണ് തദ്ദേശഭരണവകുപ്പ് നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഔദ്യോഗിക കണക്ക്. ഇവര്‍ക്ക് കേരള പഞ്ചായത്തീരാജ് ആക്ടിലെ വ്യവസ്ഥകള്‍ പ്രകാരം നോട്ടിസ് നല്‍കിയിട്ടുണ്ട്. നിര്‍മാണത്തിന് അനുമതി നല്‍കിയതിന് നാല് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും മൂന്ന് കീഴുദ്യോഗസ്ഥര്‍ക്കുമെതിരേ വിജിലന്‍സ് കേസ് നിലവിലുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അഞ്ച് റിസോര്‍ട്ടുകള്‍ ഉള്‍പ്പെടെ എറണാകുളം ജില്ലയില്‍ 383 അനധികൃത കെട്ടിടങ്ങളാണുള്ളത്. ആലപ്പുഴയില്‍ 212 , കോട്ടയത്ത് 30 എന്നിങ്ങനെയാണ് അനധികൃത കെട്ടിടങ്ങളുടെ സര്‍ക്കാര്‍ കണക്ക്.
അതേസമയം, തീരനിയന്ത്രണ നിയമം ബാധകമായ വേമ്പനാട് തീരമേഖലയുടെ അതിര്‍ത്തിയും ഉടമസ്ഥാവകാശവും വ്യക്തമാക്കുന്ന സമ്പൂര്‍ണ കെഡസ്ട്രല്‍ മാപ്പോ കൈയേറ്റം വ്യക്തമാക്കുന്ന സാറ്റലൈറ്റ് മാപ്പോ പഞ്ചായത്തുകള്‍ക്ക് ഇതുവരെ ലഭ്യമാക്കിയിട്ടില്ല. ആലപ്പുഴ ജില്ലയിലെ ചില മേഖലകളുടെ കെഡസ്ട്രല്‍ മാപ്പ് മാത്രമാണ് ലഭിച്ചിട്ടുള്ളത്.
വേമ്പനാട് കായലിലെ മലിനീകരണവും അനധികൃത നിര്‍മാണവും തടയുന്നതിലെ സര്‍ക്കാര്‍ വീഴ്ച അക്കമിട്ടുനിരത്തി ഹൈക്കോടതി നിയോഗിച്ച അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു.
പാരിസ്ഥിതിക അനുമതി തേടാതെ സര്‍ക്കാരും തീരദേശങ്ങളില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടെന്നും കായല്‍ സരക്ഷണം ഉറപ്പാക്കാന്‍ രൂപീകരിച്ച വേമ്പനാട് ഇക്കോ ഡെവലപ്‌മെന്റ് സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നും റിപ്പോര്‍ട്ടില്‍ കുറ്റപ്പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."