കപ്പലില്‍ ഇറങ്ങി; ഉയര്‍ന്നുപൊങ്ങി ഇന്ത്യയുടെ 'തേജസ് '
ന്യൂഡല്‍ഹി: വിമാനവാഹിനി കപ്പലില്‍നിന്ന് ഉയര്‍ന്നുപൊങ്ങി അതില്‍തന്നെ തിരിച്ചിറങ്ങി ചരിത്രം രചിച്ച് ഇന്ത്യയുടെ തേജസ് യുദ്ധവിമാനം. ഇന്ത്യന്‍ നാവികസേനയുടെ ഐ.എന്‍.എസ് വിക്രമാദിത്യ കപ്പലില്‍നിന്നാണ് ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് യുദ്ധവിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയത്.
തേജസിന്റെ പ്രോട്ടോടൈപ്പ് യുദ്ധവിമാനം ഐ.എന്‍.എസ് വിക്രമാദിത്യയില്തന്നെ സുരക്ഷിതമായി തിരിച്ചിറങ്ങുകയും ചെയ്തു. ഇതോടെ വിമാനവാഹിനി കപ്പലുകളില്‍ ഉപയോഗിക്കാന്‍ സാധിക്കുന്ന വിമാനങ്ങള്‍ തദ്ദേശീയമായി വികസിപ്പിച്ചെടുക്കുകയെന്ന പ്രധാന കടമ്പയാണ് ഇന്ത്യ മറികടന്നിരിക്കുന്നത്. അമേരിക്ക, റഷ്യ, ബ്രിട്ടന്, ഫ്രാന്‍സ്, ചൈന തുടങ്ങിയ രാജ്യങ്ങളാണ് നിലവില്‍ ഈ കടമ്പ കടന്നിരിക്കുന്നത്.
ഇന്നലെ രാവിലെ പത്തിനുശേഷം നടന്ന പരീക്ഷണപ്പറക്കലില്‍ കമാന്‍ഡര്‍ ജയദീപ് മോളങ്കയാണ് വിമാനം പറത്തിയത്. എയ്റോനോട്ടിക്കല്‍ ഡെവലപ്മെന്റ് ഏജന്‍സിയും ഡി.ആര്.ഡി.ഒയും ചേര്‍ന്നാണ് തേജസ് വിമാനത്തിന്റെ നാവികസേനാ പതിപ്പ് വികസിപ്പിച്ചത്. ചെറിയ റണ്‍വേയില്‍ ലാന്‍ഡ് ചെയ്യിക്കുന്ന അറസ്റ്റഡ് ലാന്‍ഡിങ് പരീക്ഷണം കഴിഞ്ഞ സെപ്റ്റംബറില്‍ തേജസ് വിജയകരമായി പൂര്‍ത്തിയാക്കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."