പൗരത്വ നിയമ ഭേദഗതി വര്‍ഗീയ ചേരിതിരിവുണ്ടാക്കുമെന്ന് സോണിയ
ന്യൂഡല്‍ഹി: പൗരത്വ നിയമ ഭേദഗതി നടപ്പാക്കുന്നതില്‍നിന്ന് പിന്നോട്ടില്ലെന്നു കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നതിനിടെ, നിയമത്തിനെതിരേ ആഞ്ഞടിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. നിയമം രാജ്യത്തെ ജനങ്ങളെ മതാടിസ്ഥാനത്തില്‍ വേര്‍തിരിക്കുന്നതാണെന്ന് പറഞ്ഞ അവര്‍, ഇത് ഇന്ത്യയുടെ ഭരണഘടനയോട് നീതിപുലര്‍ത്തുന്നതല്ലെന്നും വ്യക്തമാക്കി. ഇന്നലെ ഡല്‍ഹിയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയാഗാന്ധി.
നിയമത്തിനെതിരേ രാജ്യവ്യാപക പ്രക്ഷോഭം തുടരുന്നതിനിടെ കഴിഞ്ഞ ദിവസം അര്‍ധരാത്രി നിയമം പ്രാബല്യത്തിലായതായി വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. പൗരത്വ നിയമ ഭേദഗതിക്കെതിരായ അറുപതോളം ഹരജികള്‍ 22നു സുപ്രിംകോടതി പരിഗണിക്കാനിരിക്കേയായിരുന്നു സര്‍ക്കാരിന്റെ ഈ നീക്കം. ഇതോടെ, നിയമത്തില്‍നിന്ന് സര്‍ക്കാര്‍ പിന്നോട്ടില്ലെന്ന് കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
പൗരത്വ നിയമ ഭേദഗതിക്കെതിരേ തെരുവിലിറങ്ങിയ ജനങ്ങളെ അഭിനന്ദിച്ച സോണിയാഗാന്ധി, യുവാക്കളും വിദ്യാര്‍ഥികളുമടക്കമുള്ളവര്‍ ഒറ്റക്കെട്ടായി പ്രതിഷേധത്തിനിറങ്ങിയതു തന്നെ ആ നിയമം ഇന്ത്യയുടെ നല്ലതിനല്ലെന്ന സന്ദേശമാണ് നല്‍കുന്നതെന്നും വ്യക്തമാക്കി.
ഉത്തര്‍പ്രദേശ്, ജാമിഅ മില്ലിയ്യ, ജെ.എന്‍.യു, ബംഗളൂരു തുടങ്ങിയയിടങ്ങളില്‍ നടന്ന പൊലിസ് നടപടികളെയും സോണിയ നിശിതമായി വിമര്‍ശിച്ചു. ഈ സംഭവങ്ങളെല്ലാം പ്രത്യേകസംഘം അന്വേഷിക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
എന്‍.പി.ആറുമായി ബന്ധപ്പെട്ട ഒരു നടപടികളിലും സഹകരിക്കരുതെന്ന് അവര്‍ കോണ്‍ഗ്രസ് നേതാക്കളോട് ആവശ്യപ്പെട്ടു. ജമ്മുകശ്മിര്‍ വിഷയം, രാജ്യത്തിന്റെ സാമ്പത്തികാവസ്ഥ എന്നിവയും അവര്‍ യോഗത്തില്‍ ചൂണ്ടിക്കാട്ടി.പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കണമെന്നും എന്‍.പി.ആര്‍ നടപടികള്‍ നിര്‍ത്തിവയ്ക്കണമെന്നും കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
അതേസമയം, പൗരത്വ നിയമ ഭേദഗതി വിഷയത്തില്‍ പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുകയാണെന്നാരോപിച്ച് ആഭ്യന്തര മന്ത്രി അമിത് ഷാ വീണ്ടും രംഗത്തെത്തി. രാജ്യത്ത് അരാജകത്വം സൃഷ്ടിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും ഗുജറാത്തിലെ ഗാന്ധിനഗറില്‍ ഒരു ചടങ്ങില്‍ സംസാരിക്കവേ അദ്ദേഹം കുറ്റപ്പെടുത്തി.
രാജ്യത്തെ ജനങ്ങള്‍ക്ക് സത്യം മനസിലാക്കിക്കൊടുക്കാന്‍ തങ്ങള്‍ക്കാകുമെന്നു പറഞ്ഞ അദ്ദേഹം, നിയമത്തെക്കുറിച്ച് വീടുവീടാന്തരം പ്രചാരണം നടത്തണമെന്ന് ബി.ജെ.പി പ്രവര്‍ത്തകരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.
നിയമത്തെ അനുകൂലിച്ച് ഗുജറാത്തിന്റെ പ്രമേയം
അഹമ്മദാബാദ്: പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രമേയം പാസാക്കി ഗുജറാത്ത് നിയമസഭ.
പൗരത്വ നിയമ ഭേദഗതിയെ 'ചരിത്രപരമായ തീരുമാനം' എന്നു വിശേഷിപ്പിച്ച പ്രമേയം, നിയമം ഇന്ത്യയിലെ ന്യൂനപക്ഷങ്ങളുടെ പൗരത്വത്തെ ബാധിക്കില്ലെന്നും വ്യക്തമാക്കുന്നുണ്ട്.
വിഷയത്തില്‍ പ്രധാനമന്ത്രിയെയും ആഭ്യന്തര മന്ത്രിയേയും പ്രത്യേകം അഭിനന്ദിക്കുന്നുമുണ്ടണ്ട്. പ്രതിപക്ഷാംഗങ്ങളുടെ ശക്തമായി പ്രതിഷേധങ്ങള്‍ക്കിടയില്‍ രണ്ടണ്ടു മണിക്കൂറോളം പ്രമേയം ചര്‍ച്ച ചെയ്ത ശേഷം വോട്ടിനിടുകയും ഭൂരിപക്ഷാംഗങ്ങളും പ്രമേയത്തെ അനുകൂലിക്കുകയുമായിരുന്നു. കോണ്‍ഗ്രസ് എം.എല്‍.എ ഇമ്രാന്‍ ഖദേവാല സ്വന്തം രക്തത്തിലെഴുതിയ ബാനറുയര്‍ത്തി പ്രതിഷേധിച്ചു.
ഇതോടെ, നിങ്ങള്‍ പാകിസ്താനിലല്ലെന്ന് മനസിലാക്കണമെന്ന് ഇദ്ദേഹത്തോട് സ്പീക്കര്‍ പറഞ്ഞതു വിവാദമായി. കൂടുതല്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ സമാന പ്രതിഷേധവുമായി രംഗത്തെത്തിയതോടെ സഭ 15 മിനുട്ട് നിര്‍ത്തിവയ്ക്കുകയും ചെയ്തു. പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് പ്രമേയം പാസാക്കുന്ന ആദ്യ നിയമസഭയാണ് ഗുജറാത്ത്.
മുസ്‌ലിംകള്‍ക്ക് പാകിസ്താനിലേക്ക്
പോകാം: ബി.ജെ.പി എം.എല്‍.എ
ലഖ്‌നൗ: പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കുന്നതോടെ ഇന്ത്യയില്‍നിന്ന് പുറത്താക്കുന്ന മുസ്‌ലിംകളെ സ്വീകരിക്കാന്‍ പൗരത്വ നിയമ ഭേദഗതി പോലെയുള്ള നിയമം പാകിസ്താനിലും നടപ്പിലാക്കണമെന്ന് ഉത്തര്‍പ്രദേശിലെ ബി.ജെ.പി എം.എല്‍.എ വിക്രം സൈനി. ഇന്ത്യയില്‍ പീഡിപ്പിക്കപ്പെടുന്നവര്‍ക്കു പാകിസ്താനിലേക്കും പാകിസ്താനില്‍ പ്രയാസപ്പെടുന്നവര്‍ക്ക് ഇന്ത്യയിലേക്കും പോകാം. അവരെ ആരും തടയില്ലെന്നും സൈനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."