സംഘിഭീകരത: പ്രതികളുടെ കീശ കീറും, രക്ഷയ്ക്കു പാര്‍ട്ടി എത്തിയില്ലെങ്കില്‍ സ്വത്തുവകകളില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കും, പ്രതികളുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കും
തിരുവനന്തപുരം: ശബരിമലയില്‍ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് സംഘ്പരിവാര്‍ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ സംസ്ഥാനത്ത് അഴിഞ്ഞാടിയവര്‍ക്കെതിരെ പൊലിസ് നടപടി തുടരുന്നു. സംസ്ഥാനത്ത് ഇതുവരെ 1108 കേസുകളിലായി 1718 പേരെ അറസ്റ്റ് ചെയ്തു. 1009
പേരെ കരുതല്‍ തടങ്കലില്‍ എടുക്കുകയും ചെയ്തു. അറസ്റ്റിലാകുന്നവരില്‍നിന്ന് പൊതുമുതല്‍ നശിപ്പിച്ചതിനുള്ള നഷ്ടപരിഹാരം ഈടാക്കാന്‍ ചീഫ് സെക്രട്ടറി ഡി.ജി.പിക്കു നിര്‍ദേശം നല്‍കി. വാഹനങ്ങളും വ്യാപാരസ്ഥാപനങ്ങളും തകര്‍ത്തവരില്‍നിന്നു നഷ്ടപരിഹാരം ഈടാക്കും. പൊതുമുതല്‍ നശീകരണം തടയല്‍ നിയമം മുഖേന അറസ്റ്റ് ചെയ്തവരാണ് ഇത്തരത്തില്‍ പണം കെട്ടിവയ്‌ക്കേണ്ടി വരിക.
ഇത്തരം കേസുകളില്‍ കോടതികളില്‍നിന്നു ജാമ്യം ലഭിക്കണമെങ്കില്‍ നഷ്ടപരിഹാര തുക കെട്ടിവച്ചേ മതിയാവൂ. പൊതുമുതല്‍ നശിപ്പിക്കുന്നവരെ പിടികൂടി അവരുടെ ബാങ്ക് അക്കൗണ്ട് ഉള്‍പ്പെടെ മരവിപ്പിക്കാനാണ് പൊലിസ് നീക്കം.
അഴിക്കുള്ളിലായ അണികളുടെ രക്ഷയ്ക്കു പാര്‍ട്ടി എത്തിയില്ലെങ്കില്‍ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കിയിട്ടേ കല്ലേറില്‍ പങ്കെടുത്തവര്‍ക്ക് പുറത്തിറങ്ങാനാവുകയുള്ളൂ. അറസ്റ്റ് ചെയ്തവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. ഓരോ സ്‌റ്റേഷനിലും അക്രമികളുടെ ആല്‍ബം തയാറാക്കുന്നുണ്ട്. ഇവരെ പിടികൂടാനായി 'ബ്രോക്കണ്‍ വിന്‍ഡോ' എന്ന ഓപ്പറേഷനാണ് തയാറാക്കിയത്.
ഇതു പ്രകാരം ഓരോ പൊലിസ് സ്റ്റേഷനിലും നാല് പൊലിസുകാരടങ്ങുന്ന പ്രത്യേകസംഘത്തെ പ്രതികളെ തിരിച്ചറിയാനും അറസ്റ്റ് ചെയ്യാനും മാത്രമായി നിയോഗിച്ചിട്ടുണ്ട്. ജില്ലാതലത്തില്‍ എസ്.പിയുടെ നേതൃത്വത്തിലും പ്രത്യേക സംഘമുണ്ട്. അക്രമങ്ങളുടെ ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളുടെ ആല്‍ബം തയാറാക്കുന്നത്.
ശബരിമലയില്‍ മാസപൂജയ്ക്ക് നടതുറന്നപ്പോള്‍ അക്രമം അഴിച്ചുവിട്ട സംഘ്പരിവാര്‍ പ്രവര്‍ത്തകരെ കുടുക്കാന്‍ ആല്‍ബം വഴി പൊലിസിന് സാധിച്ചിരുന്നു. ഇത്തരത്തില്‍ ഹര്‍ത്താലിനും അക്രമം നടത്തിയവരുടെ ചിത്രങ്ങള്‍ ശേഖരിച്ച് ജില്ലാതലത്തില്‍ പട്ടിക തയാറാക്കാനാണ് പൊലിസ് തീരുമാനം. ഇതു കൂടാതെ വ്യാപാര സ്ഥാപനങ്ങളില്‍ അക്രമം നടത്തിയവരും കുടുങ്ങുമെന്ന് ഉറപ്പാണ്. വ്യാപാര സ്ഥാപനങ്ങളിലെ സി.സി.ടി.വി. ദൃശ്യങ്ങളും പൊലിസ് പരിശോധിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എട്ടു പൊലിസ് ജീപ്പടക്കം നൂറിലേറെ സര്‍ക്കാര്‍ വാഹനങ്ങളും ഇരുപതിലേറെ സര്‍ക്കാര്‍ സ്ഥാപനങ്ങളും തകര്‍ത്തിട്ടുണ്ട്. കെ.എസ്. ആര്‍.ടി.സിയുടെ നൂറില്‍പ്പരം ബസുകളാണ് അക്രമികള്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി തകര്‍ത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."