പൗരത്വം എടുക്കാനുള്ളതല്ല, കൊടുക്കാനുള്ളതാണ് സി.എ.എ, തെറ്റിദ്ധാരണ പരത്തരുത് - ന്യായീകരണവുമായി വീണ്ടും പ്രധാനമന്ത്രി
കൊല്‍ക്കത്ത: പൗരത്വ ഭേദഗതി നിയമം പൗരത്വം എടുക്കാനുള്ള നിയമമല്ലെന്നും കൊടുക്കാനുള്ള നിയമമാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി. നിയമം ഒരാളുടെയും പൗരത്വം കവര്‍ന്നെടുക്കില്ലെന്നും മോദി ന്യായീകരിച്ചു. കൊല്‍ക്കത്തയിലെ ബെലൂര്‍ മഠത്തില്‍ നടന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മറ്റു രാജ്യങ്ങളില്‍ വേട്ടയാടപ്പെടുന്ന ന്യൂനപക്ഷങ്ങളെ സംരക്ഷിക്കാനുള്ളതാണിത്. ഇത് ഗാന്ധിജിയുടെ സ്വപ്‌നമായിരുന്നുവെന്നും അത് സാക്ഷാത്ക്കരിക്കുക മാത്രമാണ് തങ്ങള്‍ ചെയ്യുന്നതെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. വിദേശരാജ്യങ്ങളില്‍ ദുരിതമനുഭവിക്കുന്ന ന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കുന്നതിനെ ഗാന്ധി അനുകൂലിച്ചിരുന്നു.
ഒരു രാത്രി കൊണ്ടല്ല സി.എ.എ നടപ്പിലാക്കാനുള്ള തീരുമാനമെടുത്തത്. രാഷ്ട്രീയ പാര്‍ട്ടികള്‍ പൗരത്വ ഭേദഗതി നിയമം മനസിലാക്കാന്‍ തയാറല്ല. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കായി പ്രത്യേക ആനുകൂല്യങ്ങള്‍ നിയമത്തിലുണ്ടാവുമെന്നും മോദി പറഞ്ഞു. കടുത്ത പ്രതിഷേധത്തിനിടെയാണ് മോദി കൊല്‍ക്കത്തയില്‍ സന്ദര്‍ശനം നടത്തുന്നത്.
സി.എ.എയുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങള്‍ മൂലം ചില യുവാക്കളെങ്കിലും തെറ്റിദ്ധരിക്കപ്പെട്ടിട്ടുണ്ട്. ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ്‌വ്യവസ്ഥയാണ് ഇന്ത്യയുടേത്. രാജ്യത്തെ യുവാക്കളെയാണ് ലോകം ഉറ്റുനോക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."