ചെറുവണ്ണൂര്‍ മലബാര്‍ ടൈല്‍സ് അടച്ചുപൂട്ടല്‍: ചര്‍ച്ച പരാജയം, സമരം ശക്തമാക്കുമെന്ന് തൊഴിലാളികള്‍
ഫറോക്ക്: മുന്നറിയിപ്പില്ലാതെ അടച്ചുപൂട്ടിയ ചെറുവണ്ണൂര്‍ മലബാര്‍ ടൈല്‍സ് വര്‍ക്‌സ് ഓട്ടുകമ്പനി തുറക്കുന്നതു സംബന്ധിച്ച് ജില്ലാ ലേബര്‍ ഓഫിസര്‍ വിളിച്ചു ചേര്‍ത്ത ചര്‍ച്ച അലസി.
കമ്പനി ഉടന്‍ തുറക്കുകയെന്ന തൊഴിലാളികളുടെ ആവശ്യം ഒരു തരത്തിലും അംഗീകരിക്കാന്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍ തയാറാകാത്തതാണ് ഇന്നലെ ചര്‍ച്ച തീരുമാനമാകാതെ പിരിഞ്ഞത്. ജില്ലാ ലേബര്‍ ഓഫിസറുടെ (എന്‍ഫോഴ്‌സ്‌മെന്റ്) സാന്നിധ്യത്തില്‍ നടന്ന ചര്‍ച്ച പൊളിഞ്ഞതോടെ സമരം കൂടുതല്‍ ശക്തിപ്പെടുത്താനാണ് സംയുക്ത സമരസമിതിയുടെ തീരുമാനം.
ഇതിന്റെ ഭാഗമായി 27നു കമ്പനി ഉടമ സി.വി കൃഷ്ണന്റെ മലപ്പുറം ജില്ലയിലെ ചങ്ങരംകുളത്തെ വീട്ടുപടിക്കല്‍ തൊഴിലാളികള്‍ ധര്‍ണ നടത്തും. ഈ മാസം ഒന്നിനു കമ്പനി ഏകപക്ഷീയമായി അടച്ചുപൂട്ടിയതു മുതല്‍ ഇവിടെ ജോലിയെടുക്കുന്ന 140 തൊഴിലാളികളും കുത്തിയിരിപ്പു സമരത്തിലാണ്.
ക്ലോസര്‍ നോട്ടിസ് പിന്‍വലിച്ചു കമ്പനി ഉടന്‍ തുറക്കണമെന്നാണു ചര്‍ച്ചയില്‍ തൊഴിലാളി പ്രതിനിധികള്‍ ഉന്നയിച്ചത്. മറ്റു ഓട്ടുകമ്പനികള്‍ക്കു സമാനമായ പ്രശ്‌നങ്ങളാണ് മലബാര്‍ ടൈല്‍സിലുമുള്ളതെന്നും നാലു മാസത്തെ ഉല്‍പാദനത്തിനുള്ള കളിമണ്ണ് കമ്പനിയില്‍ സ്റ്റോക്കുണ്ടെന്നും സംഘടനാ പ്രതിനിധികള്‍ വാദിച്ചു.
കമ്പനി മാനേജിങ് ഡയറക്ടറെ പങ്കെടുപ്പിച്ച് മാര്‍ച്ച് ഒന്നിനു വീണ്ടും ചര്‍ച്ച നടത്തും.
ചര്‍ച്ചയില്‍ തൊഴിലാളി യൂനിയന്‍ പ്രിതിനിധികളായ പി. സുബ്രഹ്മണ്യന്‍ നായര്‍, എം. സതീഷ്‌കുമാര്‍, എന്‍. ശശിധരന്‍, അഡ്വ. സുധീഷ്, കമ്പനി മാനേജ്‌മെന്റ് പ്രതിനിധികളായ രഞ്ജിത്ത്, രമേശന്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."