ജൈവകര്‍ഷക കൂട്ടായ്മയില്‍ പച്ചക്കറി വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നു
കല്‍പ്പറ്റ: ജൈവകൃഷി പ്രോത്സാഹനവും മെച്ചപ്പെട്ട വരുമാനവും ലക്ഷ്യമിട്ടു കര്‍ഷക കൂട്ടായ്മ വിദേശരാജ്യങ്ങളിലേക്കു പച്ചക്കറി കയറ്റുമതി തുടങ്ങുന്നു. 'വേഫാം' എന്ന പേരില്‍ വടക്കേവയനാട്ടിലെ മാനന്തവാടി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അഗ്രികള്‍ച്ചര്‍ പ്രൊഡ്യൂസര്‍ കമ്പനിയുടേതാണ് അറബ്, യൂറോപ്യന്‍ രാജ്യങ്ങളിലേക്കു പച്ചക്കറികള്‍ ബ്രാന്‍ഡ് ചെയ്തു കയറ്റുമതി ചെയ്യുന്ന പദ്ധതി ആരംഭിക്കുന്നത്. ഇതിനായി കയറ്റുമതി ലൈസന്‍സുള്ള കേളകത്തെ പ്യൂര്‍ ക്രോപുമായി വേഫാം കരാറില്‍ ഒപ്പിട്ടു.
നിലവില്‍ യു.എ.ഇ, ജര്‍മനി, ആസ്‌ത്രേലിയ എന്നിവിടങ്ങളിലേക്കു പച്ചക്കറി കയറ്റുമതി ചെയ്ത് ഉപഭോക്താക്കളുടെ വാതില്‍പ്പടികളില്‍ എത്തിക്കുന്ന സ്ഥാപനമാണ് പ്യൂര്‍ ക്രോപ്. കയറ്റുമതി ഉദ്ഘാടനം ഇന്നു പകല്‍ 1.30ന് വാളാട് എടത്തന ഗവ. ട്രൈബല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൈതാനിയില്‍ ചലച്ചിത്രനടനും തിരക്കഥാകൃത്തും ജൈവകര്‍ഷകനുമായ ശ്രീനിവാസന്‍ നിര്‍വഹിക്കും.
വയനാടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 550 ജൈവകര്‍ഷകരാണ് വേഫാം ഓഹരിയുടമകള്‍. നബാര്‍ഡിന്റെ പിന്തുണയോടെയാണ് പ്രൊഡ്യൂസര്‍ കമ്പനി രൂപീകരിച്ചത്. ഇവയുടെ വിപണനത്തിന് മാനന്തവാടിയില്‍ മൂന്നും കല്‍പ്പറ്റ, പുല്‍പ്പള്ളി, വടുവഞ്ചാല്‍, അമ്പലവയല്‍ എന്നിവിടങ്ങളില്‍ ഒന്നുവീതവും ഔട്ട്‌ലെറ്റുകളും തുറന്നിട്ടുണ്ട്. കൃഷിക്കാരുടെ ഉല്‍പന്നങ്ങള്‍ക്കു ന്യായവിലയും വിപണിയും ലഭ്യമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളുടെ തുടര്‍ച്ചയായാണ് വേഫാം പച്ചക്കറികളുടെ വിദേശ കയറ്റുമതി ആരംഭിക്കുന്നതെന്ന് നബാര്‍ഡ് എ.ജി.എം എന്‍.എസ് സജികുമാര്‍, വേഫാം ചെയര്‍മാന്‍ പി. ഹരിഹരന്‍, സാബു പാലാട്ടില്‍, ജോസ് കൈനിക്കുന്നേല്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."