മഞ്ചേരി ജനറല്‍ ആശുപത്രി പുനഃസ്ഥാപിക്കാന്‍ സര്‍ക്കാരിന് വിമുഖത
മഞ്ചേരി: ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് വേര്‍പെടുത്തി ജനറല്‍ ആശുപത്രി പുനഃസ്ഥാപിക്കണമെന്ന് ആവശ്യത്തോട് സംസ്ഥാന സര്‍ക്കാരിന് വിമുഖത. മെഡിക്കല്‍ കോളജും ജനറല്‍ ആശുപത്രിയും ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത് രോഗികള്‍ വലിയ പ്രയാസമാണ് നേരിടേണ്ടി വരുന്നത്. എന്നാല്‍ ജനറല്‍ ആശുപത്രി പുനസ്ഥാപിക്കാന്‍ നിരവധി അപേക്ഷകളും നിവേദനങ്ങളും സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടും യാതൊരു നടപടിയും ആരോഗ്യ വകുപ്പ് സ്വീകരിച്ചിട്ടില്ല.
കഴിഞ്ഞ 29ന് ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ശൈലജ മഞ്ചേരി മെഡിക്കല്‍ കോളജില്‍ കെട്ടിട ശിലാസ്ഥാപന ചടങ്ങില്‍ ജനറല്‍ ആശുപത്രിയുമായി സംബന്ധിച്ച് യാതൊരു പരാമര്‍ശവും നടത്തിയില്ല. അധ്യക്ഷ പ്രസംഗത്തില്‍ എം.ഉമ്മര്‍ എം.എല്‍.എ ജനറല്‍ ആശുപത്രി പുനസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിച്ചെങ്കിലും മന്ത്രി മറുപടിയൊന്നും പറഞ്ഞില്ല.
രോഗികളുടെ പ്രയാസങ്ങള്‍ ദൂരീകരിക്കണമെങ്കില്‍ ആശുപത്രിക്കും മെഡിക്കല്‍ കോളജിനും രണ്ട് ഭരണകേന്ദ്രങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യം മെഡിക്കല്‍കോളജ് മേധാവികള്‍ ആരോഗ്യവകുപ്പ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു. എന്നാല്‍ മന്ത്രി ഈ വിഷയം പരിഗണിച്ചത് പോലുമില്ല.
ദിനംപ്രതി രണ്ടായിരത്തില്‍ കൂടുതല്‍ രോഗികള്‍ മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സക്ക് എത്തുന്നുണ്ട്. നൂറില്‍പരം ഡോക്ടര്‍മാരും 87 ഹൗസ് സര്‍ജന്‍സി മാരും 400 എം.ബി.ബി.എസിന് പഠിക്കുന്ന വിദ്യാര്‍ഥികളും നൂറില്‍പരം നഴ്‌സിങ് വിദ്യാര്‍ഥികളും നൂറില്‍പരം മറ്റു ജീവനക്കാര്‍, 340 ദിവസ വേതനക്കാര്‍ എന്നിവര്‍ ജോലി ചെയ്യുന്ന മെഡിക്കല്‍ കോളജിലും ജനറല്‍ ആശുപത്രിയിലും ജീവനക്കാരും ആശുപത്രി വികസനസമിതിയും ഉണ്ടായിട്ടും ആശുപത്രി കാര്യക്ഷമമല്ലെന്ന ആക്ഷേപം ശക്തമായിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."