യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം: യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം
മാനന്തവാടി: വനത്തിനുള്ളില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം തുടങ്ങി. കേരള-കര്‍ണാടക അതിര്‍ത്തിയോടുചേര്‍ന്ന കുട്ട സിങ്കോണ കോളനിയിലെ പരേതനായ ഭാസ്‌കരന്റെ മകന്‍ അശോകന്റെ(32) മരണത്തെ കുറിച്ചാണ് അന്വേഷണം തുടങ്ങിയത്.
2016 ജൂണ്‍ നാലിനു രാത്രി ബേഗൂര്‍ കോളനിക്കു സമീപത്തെ ബന്ധുവീട്ടിലെത്തിയ ശേഷം അടുത്ത ദിവസം രാവിലെ കുട്ടത്തുള്ള അമ്മയെ കാണാനെന്നു പറഞ്ഞു പുറത്തിറങ്ങിയതായിരുന്നു. പിന്നീട് അശോകനെ കാണാതാവുകയായിരുന്നു. രണ്ടുദിവസത്തിനു ശേഷം ബേഗൂര്‍ കോളനിയില്‍നിന്നു കുറച്ചകലെ പുഴയോരത്തു നാട്ടുകാര്‍ അശോകന്റെ മൃതദേഹം കണ്ടെത്തി.
തുടര്‍ന്ന്, തിരുനെല്ലി പൊലിസ് സ്ഥലത്തെത്തി മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയക്കുകയും ചെയ്തു. തലക്കു ശക്തമായ അടിയോ ക്ഷതമോ ഏറ്റു രക്തം കട്ടപിടിച്ചാണ് അശോകന്റെ മരണമെന്നാണു പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം നിഗമനം.
സംഭവത്തില്‍ ആദ്യം ലോക്കല്‍ പൊലിസ് അന്വേഷണം നടത്തിയെങ്കിലും ഇത് എങ്ങുമെത്തിയില്ല. ഇതേതുടര്‍ന്ന് അശോകന്റെ അമ്മ ലക്ഷ്മിയും സഹോദരി സരിതയും മരണം കൊലപാതകമാണെന്നും അന്വേഷണം ഊര്‍ജിതമാക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നു. എന്നാല്‍ ഇടക്കിടെ ജില്ലാ പൊലിസ് തലവന്മാര്‍ക്കു സ്ഥലംമാറ്റം ലഭിച്ചതിനാല്‍ പരാതിക്കു യാതൊരു പരിഗണനയും ലഭിച്ചില്ല.
കഴിഞ്ഞ ദിവസം ചാര്‍ജെടുത്ത പുതിയ പൊലിസ് മേധാവിയുടെ നിര്‍ദേശ പ്രകാരമാണ് സ്‌പെഷല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്.
സംഘം കര്‍ണാടകയിലെത്തി അമ്മയുടെയും സഹോദരിയുടെയും മൊഴിയെടുത്തു. അടുത്ത ദിവസം സ്‌പെഷല്‍ ബ്രാഞ്ച് സംഘം പൊലിസ് മേധാവിക്ക് റിപ്പോര്‍ട്ട് കൈമാറും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."