മരട് അഴിമതി പാഠമാകണം
അഴിമതി എങ്ങിനെ രാജ്യത്തെ നശിപ്പിക്കുമെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് മരടില്‍ പൊടിഞ്ഞ് തീര്‍ന്ന അംബരചുംബികളായ ഫ്‌ളാറ്റുകളുടെ ദയനീയമായ അന്ത്യം. അഴിമതി രാജ്യത്തെ കാര്‍ന്നുതിന്നുന്ന കാന്‍സറാണെന്ന പ്രയോഗത്തെ സാധൂകരിക്കുന്നു മരടിലെ തകര്‍ത്ത ഫ്‌ളാറ്റുകള്‍. ഏതാനും ഉദ്യോഗസ്ഥരുടെ ധനത്തിനോടുള്ള അത്യാര്‍ത്തി എന്തൊക്കെ ദുരിതങ്ങളും കഷ്ടനഷ്ടങ്ങളുമാണ് സമൂഹത്തിന് വരുത്തി വെക്കുക എന്നും ഇതിലൂടെ ഒരു രാജ്യം തന്നെ എങ്ങിനെ നശിപ്പിക്കപ്പെടാമെന്നതിന്റെ പാഠവുമാണ് മരടിലെ ഫ്‌ളാറ്റ് തകര്‍ച്ചകള്‍ നല്‍കുന്നത്. 346 കുടുംബങ്ങളില്‍ നിന്നായി വൃദ്ധരും കുട്ടികളുമടക്കം 1200 ഓളം പേരാണ് ഭവനരഹിതരായി തീര്‍ന്നത്.
സുപ്രിംകോടതിയുടെ കര്‍ശനമായ നിലപാടിനെ തുടര്‍ന്നാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ചുകളയുവാന്‍ അധികൃതര്‍ നിര്‍ബന്ധിതരായത്. ഫ്‌ളാറ്റുകള്‍ പൊളിക്കാതിരിക്കാന്‍ ഭരണകൂടവും പ്രതിപക്ഷവും ഫ്‌ളാറ്റ് നിവാസികള്‍ക്കൊപ്പം നിന്ന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുവെങ്കിലും അതൊന്നും കോടതിക്ക് മുമ്പില്‍ വിലപ്പോയില്ല.
തീരപരിപാലന ചട്ടം ലംഘിച്ച് ആകാശം മുട്ടെ ഉയര്‍ത്തിയ ഈ ഫ്‌ളാറ്റുകള്‍ സ്ഥിരപ്പെടുത്താമെന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ അമിതമായ ആത്മവിശ്വാസം കോടതി വിധി നടത്തിപ്പിലൂടെ ഫ്‌ളാറ്റുകള്‍ക്കൊപ്പം തകര്‍ന്ന് വീണപ്പോള്‍ അവരും ഈ തകര്‍ച്ചയുടെ ഗുണപാഠം ഉള്‍ക്കൊണ്ടിരിക്കണം. ഒരു കാലത്ത് കായലുകളാലും പുഴകളാലും കണ്ടല്‍ക്കാടുകളാലും മനോഹരമായിരുന്ന എറണാകുളം ജില്ലയിലെ മരട് ഇന്ന് കോണ്‍ക്രീറ്റുകളാല്‍ നിറഞ്ഞിരിക്കുന്നു.
ലോണെടുത്തും കടം വാങ്ങിയും ഇവിടെ ഫ്‌ളാറ്റുകള്‍ വാങ്ങിയ മധ്യവര്‍ഗ്ഗ വിഭാഗത്തിന്റെ വേദനകള്‍ ഊഹിക്കാവുന്നതേയുള്ളൂ. വലിയൊരു തുക തിരച്ചടവ് ബാക്കിയുള്ളവരുടെ നെഞ്ചില്‍ തീയായിരിക്കാം ഇപ്പോഴും പുകഞ്ഞുകൊണ്ടിരിക്കുന്നത്. പലര്‍ക്കും നഷ്ടപരിഹാരം കിട്ടിയിരിക്കാം. ചിലര്‍ക്ക് നാമമാത്ര സംഖ്യ കിട്ടിയിരിക്കാം. അതിലെല്ലാം ഉപരിയായി തങ്ങള്‍ താമസിച്ചു പോന്ന ഒരു വീട് തവിടുപൊടിയാവുന്നത് കണ്ടുനില്‍ക്കേണ്ടി വരിക എന്നത് വലിയൊരു നിര്‍ഭാഗ്യം തന്നെയാണ്. മനുഷ്യര്‍ വീടണയാന്‍ വെമ്പുന്നത് വൈകാരികമായി അവരെ അത്രമാത്രം വീടുകള്‍ ഹൃദയബന്ധിതരാക്കുന്നതിനാലാണ്.
വീടിന്റെ ഓരോ അണുവിനെയും നമ്മള്‍ അറിയാതെ തന്നെ സ്‌നേഹിച്ച് പോകുന്നത് അത് അഭയസ്ഥാനവും സുരക്ഷിതബോധം നല്‍കുന്നതിനാലുമാണ്. ജോലി സ്ഥലത്തെ സംഘര്‍ഷങ്ങളില്‍ നിന്നും പുറത്തെ കോലാഹലങ്ങളില്‍ നിന്നും മനുഷ്യര്‍ ശാന്തിയും സമാധാനവും തേടി വീടണയുന്നതിന്റെ പൊരുളും അതാണ്. വാടക വീടുകളോട് പോലും മനുഷ്യര്‍ വല്ലാത്തൊരു ഹൃദയ ബന്ധം സൂക്ഷിക്കുന്നതും ഇതിനാലാണ്. അതുകൊണ്ടാണ് വീട് വിറ്റ് പോകുമ്പോഴും വാടക വീടുകള്‍ ഒഴിയുമ്പോഴും പലരുടെയും കണ്ണുകള്‍ അവരറിയാതെ തന്നെ നിറഞ്ഞൊഴുകുന്നത്. വീട് എന്നത് ഏതൊരു സാധാരണക്കാരന്റെയും ജീവിതാഭിലാഷമായി തീരുമ്പോള്‍ അതില്‍ നിന്ന് മുതലെടുക്കുകയാണ് അത്യാഗ്രഹികളായ ഫ്‌ളാറ്റ് നിര്‍മാതാക്കള്‍. മോഹിപ്പിക്കുന്ന പരസ്യങ്ങള്‍ നല്‍കി അവര്‍ ആവശ്യക്കാരെ വലയിലാക്കുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കളെ വിശ്വസിക്കുന്ന ആവശ്യക്കാരാകട്ടെ നിയമപ്രകാരമാണോ കെട്ടിടനിര്‍മാണ ചട്ടം പാലിച്ചാണോ ഫ്‌ളാറ്റ് സമുച്ചയം കെട്ടിപ്പൊക്കിയതൊന്നൊന്നും അന്വേഷിക്കാന്‍ മെനക്കാടാറുമില്ല.
ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ ചൂണ്ടിക്കാണിക്കുന്നിടത്തെല്ലാം ഒപ്പ് ചാര്‍ത്തുകയും അവര്‍ പറയുന്ന തുക എണ്ണിക്കൊടുക്കുകയും ചെയ്യുന്നു. മുടക്കുമുതലിന്റെ പത്തിരട്ടി ലാഭം കയ്യില്‍ വരുന്നതോടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് പറഞ്ഞ് നിര്‍മാതാക്കള്‍ രംഗത്ത് നിന്ന് നിഷ്‌ക്രമിക്കുകയും ചെയ്യുന്നു. അതുകൊണ്ടാണ് മരടിലെ ഫ്‌ളാറ്റ് നിര്‍മാതാക്കളില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ കരാര്‍ പ്രകാരം തങ്ങള്‍ ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറിയതാണെന്നും അതിനാല്‍ തങ്ങള്‍ക്ക് അതിന്മേല്‍ ഇനി യാതൊരു ഉത്തരവാദിത്വവുമില്ലെന്ന് പറഞ്ഞ് അവര്‍ ഒഴിഞ്ഞുമാറിയത്.
അതിനാല്‍ മരട് ഫ്‌ളാറ്റ് തകര്‍ച്ച എല്ലാവര്‍ക്കും ഒരു പാഠമാകേണ്ടതുണ്ട്. ഫ്‌ളാറ്റുകള്‍ വാങ്ങാന്‍ എല്ലാം വിറ്റു പെറുക്കിയും ധനകാര്യ സ്ഥാപനങ്ങളില്‍ നിന്ന് കഴുത്തറപ്പന്‍ പലിശക്ക് പണമെടുത്തും കടം വാങ്ങിയും ലക്ഷങ്ങള്‍ കണ്ടെത്തുന്നവര്‍ തങ്ങള്‍ വാങ്ങുന്ന ഫ്‌ളാറ്റുകള്‍ നിയമ പ്രകാരമാണോ നിര്‍മിച്ചതെന്ന് ഇനിയെങ്കിലും പരിശോധിക്കണം. തീരദേശ പരിപാലന നിയമവും കെട്ടിട നിര്‍മാണ നിയമവും പരിസ്ഥിതി നിയമവും വയല്‍ നികത്തല്‍ നിയമവും ലംഘിച്ചാണോ ഫ്‌ളാറ്റുകള്‍ നിര്‍മിച്ചതെന്ന് മേലിലെങ്കിലും കണിശമായി പരിശോധിക്കണം. അതെല്ലാം ശരിയാക്കാവുന്നതേയുള്ളൂവെന്ന ഫ്‌ളാറ്റ് നിര്‍മാതാക്കളുടെ മോഹന വാഗ്ദാനങ്ങളില്‍ ഇനി ഫ്‌ളാറ്റ് ആവശ്യക്കാര്‍ കുടുങ്ങരുത്.
അഴിമതിക്കാരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ സെക്രട്ടറിമാരും ഫ്‌ളാറ്റ് നിര്‍മാതാക്കളും ചേര്‍ന്ന് വീട് എന്ന സ്വപ്‌നം സാക്ഷാത്കരിക്കുവാന്‍ പാടുപെടുന്നവരെ ഇനിയും ചതിയില്‍ പെടുത്തിയേക്കാം. അഴിമതിക്കാരായ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്ന് തല്‍ക്ഷണം പിരിച്ചുവിടുന്നതും അവരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നതും കണിശമായി നടപ്പാക്കിയിരുന്നുവെങ്കില്‍ ഉദ്യോഗസ്ഥതലത്തിലുള്ള അഴിമതി ഒരളവോളം ഇല്ലാതാക്കാന്‍ കഴിയുമായിരുന്നു. ഫ്‌ളാറ്റ് നിര്‍മാതാക്കള്‍ക്ക് അതിനുള്ള അനുമതി നല്‍കും മുമ്പ് ഉണ്ടായേക്കാവുന്ന നഷ്ടങ്ങള്‍ വിലയിരുത്തി അവരില്‍ നിന്ന് മുന്‍കൂറായി നഷ്ടപരിഹാര തുക ഒരു നിശ്ചിത കാലത്തേക്ക് നിക്ഷേപിക്കാനുള്ള വ്യവസ്ഥകള്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്ന് ഉണ്ടാവുകയാണെങ്കില്‍ നിയമവിരുദ്ധമായ മാര്‍ഗ്ഗങ്ങളിലൂടെ ഫ്‌ളാറ്റുകള്‍ കെട്ടിപ്പൊക്കുന്നവര്‍ക്ക് തടയിടുവാനും കഴിയും.
മരടില്‍ സുപ്രിംകോടതിയുടെ ആവര്‍ത്തിച്ചുള്ള വിധി പ്രസ്താവത്തില്‍ നിന്ന് ഇതിനെല്ലാം പാഠമുണ്ട്. സംസ്ഥാനത്ത് ഇനിയും എത്രയോ ഫ്‌ളാറ്റുകളും റിസോര്‍ട്ടുകളും കെട്ടിടങ്ങളും തീരദേശ പരിപാലനിയമവും പരിസ്ഥിതി നിയമവും ലംഘിച്ച് പണിതീര്‍ത്തിട്ടുണ്ട്. പൊളിച്ചുകളയുവാന്‍ കോടതി പറഞ്ഞിട്ടും പൊളിച്ചുകളയാത്തവയും ഉണ്ട്. മരടിലെ ഫ്‌ളാറ്റുകള്‍ക്ക് സുപ്രിംകോടതി നല്‍കിയ മരണവാറന്റ് ഈ കെട്ടിടങ്ങള്‍ക്കും പ്രസ്തുത വിധിയുടെ അടിസ്ഥാനത്തില്‍ ബാധകമാകും എന്നതിന് സംശയമില്ല. കോടതിയുടെ ശക്തമായ താക്കീതും ഇടപെടലുമാണ് മരട് ഫ്‌ളാറ്റുകള്‍ക്ക് അന്ത്യം കുറിച്ചതെങ്കില്‍ അഴിമതിയില്‍ കെട്ടിപ്പടുത്ത കെട്ടിടങ്ങള്‍ക്കെല്ലാം കാത്തിരിക്കുന്ന വിധിയും അതു തന്നെയാണ്. സംസ്ഥാനത്തെ അഴിമതിക്കാരായ രാഷ്ടീയക്കാര്‍ക്കും റിയല്‍ എസ്റ്റേറ്റു മാഫിയക്കും ഉദ്യോഗസ്ഥര്‍ക്കും സുപ്രിംകോടതിയില്‍ നിന്ന് കിട്ടിയ പ്രഹരം അവര്‍ക്ക് മാത്രമല്ല പാഠമാകേണ്ടത്. അത്തരക്കാരുടെ വാക്കുകളില്‍ വഞ്ചിതരായി സമ്പാദ്യം ചെലവാക്കുന്നവര്‍ക്കും പാഠമാകേണ്ടതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."