മലിനീകരണ നിയന്ത്രണ ബോര്‍ഡ് പരിശോധന തുടങ്ങി
പയ്യന്നൂര്‍: ഏഴിമല നാവിക അക്കാദമിയിലെ മാലിന്യ പ്ലാന്റില്‍ നിന്നു മലിനജലം ഒഴുകിയെത്തി രാമന്തളി ജനവാസ കേന്ദ്രത്തിലെ കിണറുകള്‍ മലീമസപ്പെട്ടതിനെ തുടര്‍ന്നുള്ള പരാതിയില്‍ മലീനീകരണ നിയന്ത്രണ ബോര്‍ഡ് ഉദ്യോഗസ്ഥര്‍ ഏഴിമല നാവിക അക്കാദമിയില്‍ വിശദമായ പരിശോധന തുടങ്ങി. കോഴിക്കോട്ടെ സീനിയര്‍ എന്വയോന്മെന്റ് എന്‍ജിനീയര്‍ മൃദുല, കണ്ണൂര്‍ ഓഫിസിലെ എണ്‍വയോണ്‍മെന്റല്‍ എന്‍ജിനീയര്‍ എം.എന്‍ കൃഷ്ണന്, അസി.എന്‍ജിനീയര്‍മാരായ ഡെന്നീസ് ജോസഫ്, ഷിജില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അക്കാദമിയില്‍ പരിശോധനയ്ക്ക് എത്തിയത്. വിദഗ്ധ സംഘം രണ്ട് ദിവസം രാമന്തളിയില്‍ ക്യാംപ് ചെയ്യും. ഇന്നലെ സംഘം അക്കാദമിയുടെ വിവിധയിടങ്ങളിലുള്ള പ്ലാന്റുകള്‍ സന്ദര്‍ശിച്ചു.
ഇന്ന് പ്ലാന്റുകളുടെ പ്രവര്‍ത്തനം വിശദമായി പരിശോധിക്കും. തുടര്‍ന്ന് കിണറുകള്‍ മലിനപ്പെട്ട ജനവാസ കേന്ദ്രത്തിലെ വീടുകള്‍ സന്ദര്‍ശിക്കും. രണ്ടു ദിവസം മുന്‍പ് മലീനീകരണ നിയന്ത്രണ ബോര്‍ഡ് ചെയര്മാന് കെ സജീവന് നാവിക അക്കാദമി സന്ദര്‍ശിച്ചിരുന്നു.
ജന ആരോഗ്യ സംരക്ഷണ സമിതി ഭാരവാഹികളുമായി ചര്‍ച്ച നടത്തിയതിന്റെ അടിസ്ഥാനത്തില്‍ ഒരാഴ്ചക്കകം വിദഗ്ധ സംഘത്തെ മാലിന്യ പ്ലാന്റ് പരിശോധിക്കാന്‍ അയക്കുമെന്ന് ചെയര്മാന് ഉറപ്പ് നല്‍കിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."