തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്: അതിര്‍ത്തി പുനര്‍നിര്‍ണയം സംസ്ഥാനത്ത് 1,378 വാര്‍ഡുകള്‍ വര്‍ധിച്ചു; 55 പഞ്ചായത്തുകളില്‍ മാറ്റമില്ല
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മുന്‍പായി വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള നടപടികള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ തുടക്കം കുറിച്ചു.
ആദ്യപടിയായി പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണം പുനര്‍നിര്‍ണയിക്കുന്ന നടപടി പൂര്‍ത്തിയാക്കി തദ്ദേശസ്വയംഭരണവകുപ്പ് അന്തിമ പട്ടികയ്ക്ക് രൂപം നല്‍കി.
2011 ജനസംഖ്യ പ്രകാരമാണ് വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം നടത്തിയത്. 941 പഞ്ചായത്തുകളില്‍ 55 എണ്ണത്തില്‍ വാര്‍ഡുകളുടെ എണ്ണം വര്‍ധിക്കുന്നില്ല. ബാക്കിയുള്ളവയില്‍ ഒന്നുമുതല്‍ നാലുവരെ വാര്‍ഡുകള്‍ വീതം വര്‍ധിക്കുന്ന അതിര്‍ത്തി നിര്‍ണയമാണ് നടത്തിയിരിക്കുന്നത്.
പുതുതായി 1,378 വാര്‍ഡുകളാണ് പഞ്ചായത്തുതലത്തില്‍ വര്‍ധിക്കുന്നത്. മൂന്ന് പഞ്ചായത്തുകളില്‍ ജനസംഖ്യയിലുണ്ടായ കുറവുമൂലം നിലവിലുള്ള വാര്‍ഡുകളില്‍ ഓരോ വാര്‍ഡുകള്‍ കുറയുകയും ചെയ്യും. 2015ല്‍ 15,962 വാര്‍ഡുകളാണ് 941 പഞ്ചായത്തുകളിലായി സംസ്ഥാനത്ത് ഉണ്ടായിരുന്നത്. പുതിയ നിര്‍ണയം വരുന്നതോടെ വാര്‍ഡുകളുടെ എണ്ണം 17,337 ആയി മാറും. 489 പഞ്ചായത്തുകളില്‍ ഓരോ വാര്‍ഡുകള്‍ വീതവും 302 പഞ്ചായത്തുകളില്‍ രണ്ട് വീതവും 83 പഞ്ചായത്തുകളില്‍ മൂന്നെണ്ണവും വീതം വാര്‍ഡുകള്‍ വര്‍ധിക്കും. ഒന്‍പത് പഞ്ചായത്തുകളില്‍ നാലുവീതം വര്‍ധനവ് വരുമ്പോള്‍ മൂന്നുസ്ഥലത്ത് നിലവിലുള്ളതില്‍ ഓരോന്ന് കുറയുകയും ചെയ്യും.
ഇടുക്കി ജില്ലയിലെ മൂന്നാര്‍, പീരുമേട്, ദേവികുളം പഞ്ചായത്തുകളിലാണ് ജനസംഖ്യമാനദണ്ഡം അനുസരിച്ച് നിലവിലുള്ള വാര്‍ഡുകളില്‍ ഓരോന്ന് വീതം കുറയുന്നത്.
ദേവികുളത്ത് 17 ആയും മൂന്നാറില്‍ 20 ആയും പീരുമേട് 16 ആയും വാര്‍ഡുകളുടെ എണ്ണം പുനര്‍നിര്‍ണയിക്കപ്പെടും. മലപ്പുറം ജില്ലയിലെ കാവനൂര്‍, പൂക്കോട്ടൂര്‍, കോഡൂര്‍, മാറാക്കര, കണ്ണമംഗലം, എറണാകുളം ജില്ലയിലെ കടുങ്ങല്ലൂര്‍, വാഴക്കുളം, കോഴിക്കോട് ജില്ലയിലെ പെരുമണ്ണ, കാസര്‍കോട് ജില്ലയിലെ മധൂര്‍ എന്നീ പഞ്ചായത്തുകളിലാണ് നാലുവീതം വാര്‍ഡുകള്‍ പുതിയതായി രൂപം കൊള്ളുക.
കൂടുതല്‍ വാര്‍ഡുകള്‍ വര്‍ധിക്കുന്നത് മലപ്പുറം ജില്ലയിലും ഏറ്റവും കുറവ് വയനാട് ജില്ലയിലുമാണ്. മലപ്പുറത്ത് 223 വാര്‍ഡുകള്‍ പുതിയതായി രൂപം കൊള്ളുമ്പോള്‍ വയനാട് 37 വാര്‍ഡുകള്‍ മാത്രമാണ് വര്‍ധിക്കുന്നത്.
തൃശൂര്‍, മലപ്പുറം, വയനാട്, കാസര്‍കോട് എന്നീ ജില്ലകളില്‍ എല്ലാ പഞ്ചായത്തുകളിലും വാര്‍ഡുകള്‍ വര്‍ധിക്കും. എന്നാല്‍ തിരുവനന്തപുരം, ഇടുക്കി ജില്ലകളില്‍ പത്തു വീതവും പത്തനംതിട്ടയില്‍ ഒന്‍പതും ആലപ്പുഴയില്‍ എട്ടും കണ്ണൂര്‍, എറണാകുളം ജില്ലകളില്‍ നാലു വീതവും കൊല്ലം, കോട്ടയം, പാലക്കാട് ജില്ലകളില്‍ മൂന്നു വീതവും പഞ്ചായത്തുകളില്‍ വാര്‍ഡുകളുടെ എണ്ണം മാറ്റമില്ലാതെ നിലനില്‍ക്കും.
കോഴിക്കോട് ജില്ലയില്‍ കോടഞ്ചേരി പഞ്ചായത്തില്‍ മാത്രമാണ് എണ്ണം വര്‍ധിക്കാത്തത്. തിരുവനന്തപുരം -87, കൊല്ലം- 80, പത്തനംതിട്ട -45, ആലപ്പുഴ -84, കോട്ടയം - 83, ഇടുക്കി -45, എറണാകുളം - 127, തൃശൂര്‍ -137, പാലക്കാട് -147, മലപ്പുറം -223, കോഴിക്കോട് -117, വയനാട് -37, കണ്ണൂര്‍ -105, കാസര്‍കോട് -61 എന്നിങ്ങനെയാണ് ജില്ലകളിലെ വാര്‍ഡ് വര്‍ധനവ് വരുന്നത്.
സര്‍ക്കാര്‍ ഓര്‍ഡിനന്‍സിന്റെ അടിസ്ഥാനത്തില്‍ വാര്‍ഡുകളുടെ അതിര്‍ത്തി പുനര്‍നിര്‍ണയം അഞ്ച് അംഗങ്ങളുള്ള സംസ്ഥാന ഡീലിമിറ്റേഷന്‍ കമ്മിഷനാണ് നിര്‍വഹിക്കുന്നത്.
പല പഞ്ചായത്തുകളിലും ജനസംഖ്യ വര്‍ധിച്ചിരിക്കുന്നതിനാല്‍ പുതിയ പഞ്ചായത്തുകളും മുന്‍സിപ്പാലിറ്റികളും രൂപീകരിക്കണമെന്ന നിര്‍ദേശമാണ് തദ്ദേശസ്വയംഭരണ വകുപ്പ് ആദ്യം നല്‍കിയിരുന്നത്.
എന്നാല്‍ പുതിയ പഞ്ചായത്തുകളുടെ രൂപീകരണം വന്‍സാമ്പത്തിക ബാധ്യത വരുന്നതിനാല്‍ ധനകാര്യവകുപ്പ് ഈ നിര്‍ദേശം തള്ളി. ഇതിനെ തുടര്‍ന്നാണ് വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ കേരള പഞ്ചായത്ത് രാജ് ആക്ടും കേരള മുന്‍സിപ്പാലിറ്റി ആക്ടും ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതും ഇതിനായി ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചതും.
പഞ്ചായത്ത് അംഗങ്ങളുടെ എണ്ണം 13 ല്‍ കുറയാനോ 23 ല്‍ കൂടാനോ പാടില്ലെന്ന വ്യവസ്ഥ ഭേദഗതി ചെയ്തു 14 മുതല്‍ 24 വരെയാക്കിയാണ് പുതിയ ലിസ്റ്റ് തയാറാക്കിയിരിക്കുന്നത്.
ഓര്‍ഡിനന്‍സ് പ്രകാരം ബ്ലോക്ക് പഞ്ചായത്തുകളിലെ അംഗങ്ങളുടെയും ജില്ലാ പഞ്ചായത്തുകളുടെയും മുന്‍സിപ്പാലിറ്റി, കോര്‍പറേഷന്‍ അംഗങ്ങളുടെയും എണ്ണം വര്‍ധിക്കും. ജനസംഖ്യ വര്‍ധനവിന് ആനുപാതികമായി പുനര്‍നിര്‍ണയം നടത്താനാണ് ഭേദഗതി നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."