സഊദിയിൽ ദാകാർ റാലിക്കിടെ പോർച്ചുഗീസ് റൈഡർക്ക് ദാരുണ മരണം
റിയാദ്: സഊദിയിൽ അരങ്ങേറുന്ന ദാകാർ റൈഡിങ് മത്സരത്തിനിടെ പോർച്ചുഗീസ് താരം മരിച്ചു. റിയാദില്‍ നിന്ന് വാദി അല്‍ദവാസിറിലേക്കുള്ള മത്സരത്തിനിടെ പോര്‍ചുഗീസ് മോട്ടോര്‍ബൈക്ക് റൈഡര്‍ പോള്‍ ഗോൺ ക്ലേവ്‌സ് അപകടത്തില്‍ മരിച്ചത്. റിയാദിനും വാദി ദവാസിറിനും ഇടയിലെ ഏഴാം സ്റ്റേജിൽ നിന്ന് 276 കിലോമീറ്റനടുത്ത് ഇദ്ദേഹത്തിനെ ബൈക്ക് മണൽ തിട്ടയിൽ തട്ടി മറിഞ്ഞാണ് അപകടം. ഇതേ തുടർന്നുണ്ടായ അപകടത്തിൽ മരണം സ്ഥിരീകരിച്ചെന്നും ദാക്കാർ റാലി അസോസിയേഷൻ അറിയിച്ചു.
ബൈക്കില്‍ നിന്ന് തെറിച്ചുവീണ ഗോണ്‍ ക്ലേവ്‌സിനു ഹൃദയാഘാതമുണ്ടാവുകയായിരുന്നുവെന്ന് സംഘാടകര്‍ വെളിപ്പെടുത്തി. ബോധമറ്റു കിടക്കുന്നത് മെഡിക്കല്‍ ഹെലിക്കോപ്റ്ററിലുള്ള സംഘമാണ് കണ്ടത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരിച്ചിരുന്നു. വെള്ളിയാഴ്ച ആറാം സ്റ്റേജ് അവസാനിച്ചപ്പോൾ ഇദ്ദേഹം നാൽപത്തിയാറാം സ്ഥാനത്തായിരുന്നു. പതിമൂന്നാം തവണ ദാകാര്‍ റാലിയില്‍ മത്സരിക്കുന്ന ഗോണ്‍ ക്ലേവ്‌സ് 2015 ല്‍ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.
ഇതിനു മുമ്പ് ദാകാര്‍ റാലിയില്‍ അപകട മരണമുണ്ടായത് 2015 ലാണ്. അര്‍ജന്റീനയില്‍ നടന്ന അപകടത്തില്‍ പോളണ്ടുകാരനായ മോട്ടോര്‍ബൈക്ക് റെയ്‌സര്‍ മിഷാല്‍ ഹെര്‍നിക്കാണ് മരിച്ചത്. 2016 ല്‍ റാലിക്കിടെ രണ്ടു പേര്‍ മരിച്ചിരുന്നെങ്കിലും ഇവർ മത്സരാര്‍ഥികളായിരുന്നില്ല. അഞ്ചു വിഭാഗങ്ങളിലായി സഊദി മരുഭൂമിയിൽ നടക്കുന്ന സൗദി ദാക്കാർ റാലിയിൽ 68 രാജ്യങ്ങളിലെ 342 ഡ്രൈവർമാരാണ് പങ്കെടുക്കുന്നത്. 83 പേർ കാറുകളിലും 144 പേർ ബൈക്കുകളിലും 23 പേർ ക്വാഡ് ബൈക്കുകളിലും 46 പേർ സൈഡ് ബൈ സൈഡ് വാഹനങ്ങളിലും 46 പേർ ട്രെയ്‌ലറുകളിലുമാണ് മത്സര രംഗത്തുള്ളത്. ഫ്രഞ്ച് മാധ്യമ ഗ്രൂപ്പായ അമൗരി സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ 1992ല്‍ ആരംഭിച്ച വാര്‍ഷിക മോട്ടോര്‍ റാലിയാണ് ദാക്കര്‍. സഊദിയിൽ ഈ മാസം അഞ്ചിനാരംഭിച്ച ദാകാർ റാലി മത്സരം 17ന് റിയാദിലെത്തും വിധമാണ് ക്രമീകരിച്ചിരിക്കുന്നത്. ദുർഘടകമായ മരുഭൂമിയിലൂടെയുള്ള 7,000 കിലോമീറ്ററാണ് പിന്നിടേണ്ടത്. ഇതിനാൽ തന്നെ ഏറ്റവും ശ്രമകരമേറിയ മത്സരമാണ് നേരിടേണ്ടി വരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."