രണ്ട് മത്സ്യബന്ധന വള്ളങ്ങളും വലയും കത്തി നശിച്ച നിലയില്‍
വിഴിഞ്ഞം : വിഴിഞ്ഞത്ത് കടല്‍ക്കരയില്‍ സൂക്ഷിച്ചിരുന്ന രണ്ട് മത്സ്യ ബന്ധന വള്ളങ്ങളും വലയും ദുരൂഹ സാഹചര്യത്തില്‍ കത്തി നശിച്ച നിലയില്‍ കണ്ടെത്തി.
നോമാന്‍സ് ലാന്റില്‍ സൂക്ഷിച്ചിരുന്ന വിഴിഞ്ഞം കുഞ്ചു വീട്പുരയിടത്തില്‍ ശിലുവ പിള്ളയുടെയും കോട്ടപ്പുറം തുല വിളയില്‍ രാജമണിയുടെയും വള്ളങ്ങളും കാഞ്ഞിരംവിള സ്വദേശി തദയൂസിന്റെ മീന്‍ പിടിത്തവലയുമാണ് ഇന്നലെ പുലര്‍ച്ച രണ്ട് മണിയോടെ കത്തി നശിച്ച നിലയില്‍ കണ്ടത്.
സമീപത്ത് നിരവധി വള്ളങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഫയര്‍ഫോഴ്‌സ് എത്തി തീയണച്ചതിനാല്‍ വന്‍ ദുരന്തം ഒഴിവായി. പുലര്‍ച്ചെ തീ പടരുന്നത് കണ്ട തീരദേശ പൊലിസാണ് വിഴിഞ്ഞത്ത് നിന്ന് ഫയര്‍ഫോഴ്‌സിനെ വരുത്തി തീ അണച്ചത്. തീപിടുത്തത്തില്‍ ശിലുവ പിള്ളയുടെ
വള്ളവും വലയും പൂര്‍ണമായും രാജമണിയുടെയും വള്ളം ഭാഗികമായും കത്തിനശിച്ചു. തീര ദേശ പൊലിസ് സ്റ്റേഷന് വിളിപ്പാടകലെ യാണെങ്കിലും പുറത്തു നിന്നെത്തുന്നവര്‍ ഉള്‍പ്പെടെ മദ്യപാനികളുടെയും ചീട്ടുകളിക്കാരുടെയും സ്ഥിരം സങ്കേതമാണിവിടമെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് കരുതുന്നതെന്നും മദ്യപാനികളില്‍ ആരെങ്കിലും അലക്ഷ്യമായി വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍ നിന്നാകാം തീ പടര്‍ന്നതെന്നുമാണ് പ്രാഥമിക നിഗമനമെന്നും വിശദമായ അന്വേഷണം നടത്തുമെന്നും വിഴിഞ്ഞം പൊലിസ് പറഞ്ഞു. വിവരമറിഞ്ഞ് റവന്യു അധികൃതരും ഫോറന്‍സിക് വിദഗ്ദരും ഫിഷറീസ് വകുപ്പ് ഉദ്യോഗസ്ഥരും ഉല്‍പ്പടെയുള്ളവര്‍ സ്ഥലത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."