ജൈവ പച്ചക്കറികളില്‍ കീടനാശിനി; പരിശോധനക്ക് മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്
തിരുവനന്തപുരം: ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകളില്‍ കീടനാശിനി സാന്നിധ്യം കണ്ടെത്തിയതായി കൃഷിമന്ത്രി നിയമസഭയെ അറിയിച്ച സാഹചര്യ ത്തില്‍ ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളില്‍ വ്യാപക പരിശോധന നടത്തി കീടനാശിനി സാന്നിധ്യം ഉണ്ടോ എന്ന് പരിശോധിക്കണമെന്ന ആവശ്യത്തില്‍ നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവ്.
കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍, കൃഷിവകുപ്പ് സെക്രട്ടറി, സംസ്ഥാന പൊലിസ് മേധാവി എന്നിവരില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. കാന്‍സര്‍ പോലുള്ള മാരക രോഗങ്ങള്‍ക്ക് ഒരു കാരണം കീടനാശിനി കലര്‍ന്ന പച്ചക്കറികളാണെന്ന വസ്തുത പുറത്തു വന്നതോടെ ജനങ്ങള്‍ ജൈവപച്ചക്കറികളെ കൂടുതലായി ആശ്രയിക്കാന്‍ തുടങ്ങിയതായി മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹിം നല്‍കിയ പരാതിയില്‍ പറയുന്നു.
വിഷരഹിത പച്ചക്കറി എന്ന ധാരണയില്‍ സാധാരണക്കാര്‍ പോലും മൂന്നിരട്ടി കൂടുതല്‍ വില നല്‍കിയാണ് ജൈവപച്ചക്കറി വാങ്ങി ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വില കൂട്ടി വില്‍ക്കുന്ന പച്ചക്കറികളില്‍ വിഷ-കീടനാശിനി സാന്നിധ്യമുണ്ടെങ്കില്‍ അത് ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുന്ന ഗുരുതരമായ കുറ്റകൃത്യമാണെന്ന് പരാതിക്കാരന്‍ പറയുന്നു. ഇത്തരം പച്ചക്കറികള്‍ വില്‍ക്കുന്ന കടകളുണ്ടെങ്കില്‍ അവ പ്രവര്‍ത്തിക്കാന്‍ അനുവദിക്കരുതെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
കൃഷിമന്ത്രി തന്നെ വസ്തുത നിയമസഭയെ അറിയിച്ച സാഹചര്യത്തില്‍ ജൈവപച്ചക്കറികള്‍ വില്‍ക്കുന്ന കടകളില്‍ നിരന്തരം പരിശോധനകള്‍ നടത്തി കീടനാശിനി സാന്നിധ്യം കണ്ടെത്തുന്ന കടകള്‍ പൂട്ടാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നാണ് ആവശ്യം. ഒരു മാസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."