പാര്‍ലമെന്റില്‍ കോണ്‍ഗ്രസ് എം.പിമാരെ സോണിയഗാന്ധി ശകാരിച്ചെന്ന വാര്‍ത്ത വ്യാജം: കൊടിക്കുന്നില്‍
കൊല്ലം: ശബരിമലയില്‍ പൊലിസിന്റെ സഹായത്തോടു കൂടി യുവതികള്‍ പ്രവേശിച്ച് ദര്‍ശനം നടത്തിയതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് കരിദിനം ആഹ്വാനം ചെയ്ത കഴിഞ്ഞ ദിവസം കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എം.പിമാര്‍ കൈയ്യില്‍ കറുത്ത റിബണ്‍ കെട്ടിയാണ് ലോക്‌സഭയില്‍ ഹാജരായത്. എന്നാല്‍ കറുത്ത തുണി കയ്യില്‍ കെട്ടി ലോക്‌സഭയില്‍ പ്രവേശിച്ച കോണ്‍ഗ്രസ് എം.പിമാരെ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ചെയര്‍പേഴ്‌സണ്‍ കൂടിയായ സോണിയ ഗാന്ധി ശകാരിച്ചുവെന്നും കേരളത്തില്‍ പോയി പ്രതിഷേധിക്കൂ, ഇവിടെ ഇത് വേണ്ടെന്ന് പറഞ്ഞു കൊണ്ട് ശാസിച്ചുവെന്നുമുള്ള വ്യാജ വാര്‍ത്ത ഒരു ദേശിയ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ കേരളത്തിലെ നവ മാധ്യമങ്ങളിലും ചാനലുകളിലും വന്ന വാര്‍ത്തകള്‍ക്ക് യാതൊരു അടിസ്ഥാനവുമില്ലെന്ന് കോണ്‍ഗ്രസ് പാര്‍ലമന്ററി പാര്‍ട്ടി സെക്രട്ടറി കൂടിയായ കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു. സോണിയാ ഗാന്ധിയുടേയും എ.ഐ.സി.സി പ്രസിഡന്റ് രാഹുല്‍ ഗാന്ധിയുടേയും എതിര്‍പ്പ് ഉണ്ടായിരുന്നുവെങ്കില്‍ ഇന്നലത്തെ ലോക്‌സഭാ സമ്മേളനത്തിന്റെ ശൂന്യ വേളയില്‍ കെ.സി. വേണുഗോപാല്‍ എം.പി ശബരിമല വിഷയം ലോക്‌സഭയില്‍ അവതരിപ്പിക്കുമായിരുന്നില്ല.
എം.പി ശബരിമല വിഷയത്തെ കുറിച്ച് സബ്ബ്മിഷന്‍ ഉന്നയിച്ചതോടു കൂടി കോണ്‍ഗ്രസ്സിന് എതിരെ ഉയര്‍ന്ന കള്ളപ്രചരണവും അസത്യപ്രചരണവും ബോധപൂര്‍വ്വം സി.പി.എം എം.പിമാരില്‍ നിന്നുമുണ്ടായതാണെന്നും കൊടിക്കുന്നില്‍ ചൂണ്ടിക്കാട്ടി. ഇത്തരം വ്യാജവാര്‍ത്തകളുടെ പിന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരായ ചില സി.പി.എം. എം.പിമാരാണെന്നും കൊടിക്കുന്നില്‍ ആരോപിച്ചു. ഈ സി.പി.എം എം.പിമാര്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിച്ച് പിണറായി വിജയന്റെ വികൃതമായ മുഖം രക്ഷിക്കാന്‍ വേണ്ടി നടത്തുന്ന ശ്രമങ്ങളാണ് ഇതിന് പിന്നിലെന്നും എം.പി പറഞ്ഞു.
ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ പിണറായി സര്‍ക്കാര്‍ മനഃപൂര്‍വ്വം നടത്തിയ നീക്കത്തില്‍ പ്രതിഷേധിച്ചാണ് യു.ഡി.എഫ് എം.പിമാര്‍ കറുത്ത തുണി കൈകളില്‍ കെട്ടി ലോക്‌സഭയില്‍ ഹാജരായത്. ശബരിമല വിഷയത്തില്‍ കേരളത്തിലെ വിശ്വാസികളുടെ വികാരം അനുസരിച്ച് തീരുമാനമെടുക്കാന്‍ കോണ്‍ഗ്രസ്സ് ഹൈക്കമാന്റ് കെ.പി.സി.സി നേതൃത്വത്തിന് അനുമതി നല്‍കിയിരിക്കുകയാണ്. അതിന്റെ അടിസ്ഥാനത്തിലാണ് കോണ്‍ഗ്രസ് പാര്‍ട്ടി വിശ്വാസികള്‍ക്കൊപ്പം നിന്നു കൊണ്ട് ശബരിമല യുവതി പ്രവേശനത്തില്‍ ശക്തമായ പ്രക്ഷോഭം നടത്തിക്കൊണ്ടിരിക്കുന്നത്. സര്‍ക്കാരിന്റെ വഴിവിട്ട പോക്കും നെറികെട്ട സമീപനവും മൂലം ബി.ജെ.പിക്കും സംഘപരിവാറിനും വളരാന്‍ വളക്കൂറുള്ള മണ്ണാക്കി കേരളത്തെ മാറ്റി കൊടുത്തുക്കൊണ്ടിരിക്കുകയാണെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."