മിഡില്‍ ഈസ്റ്റ് വടക്കന്‍ ആഫ്രിക്ക (മിന) മേഖലയില്‍ നിരവധി തൊഴിലവസരങ്ങള്‍
ദോഹ: മിഡില്‍ ഈസ്റ്റ്, വടക്കന്‍ ആഫ്രിക്ക (മിന) മേഖലയില്‍ നിരവധി തൊഴിലവസരങ്ങളാണ് ഒരുങ്ങുന്നതെന്ന് പ്രമുഖ തൊഴില്‍ വെബ്‌സൈറ്റ് ബെയ്ത് ഡോട്ട് കോമും റിസര്‍ച്ച് ഗ്രൂപ്പായ യുഗോവും നടത്തിയ സര്‍വേയില്‍ പറയുന്നു.
മൂന്ന് മാസത്തിനുള്ളില്‍ രാജ്യത്തെ പകുതിയിലേറെ (55 ശതമാനം) തൊഴിലുടമകളും റിക്രൂട്ട്‌മെന്റ് നടത്തും. ഖത്തരി കമ്പനികളില്‍ ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്കാണ് നിയമനം നടത്തുക. 37 ശതമാനം കമ്പനികളാണ് ഈ തസ്തികയിലേക്ക് നിയമനം നടത്തുന്നത്.
കോഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് 28 ശതമാനവും എക്‌സിക്യൂട്ടീവ്, സീനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് 24 ശതമാനം വീതവും കമ്പനികള്‍ റിക്രൂട്ട്‌മെന്റ് നടത്തും. പതിനേഴ് ശതമാനം കമ്പനികള്‍ സിവില്‍ എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് തസ്തികകളിലേക്കും നിയമനം നടത്തും. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ 72 ശതമാനം കമ്പനികളും പുതിയ നിയമനം നടത്തിയിട്ടുണ്ട്. അടുത്ത മൂന്ന് മാസത്തിനുള്ളില്‍ കുറഞ്ഞത് അഞ്ച് ഒഴിവിലേക്കെങ്കിലും നിയമനം നടത്തണമെന്ന് 51 ശതമാനം കമ്പനികളും ആലോചിക്കുന്നുണ്ട്.
ബെയ്ത് ഡോട്ട് കോമില്‍ നിലവില്‍ പതിനായിരത്തിലേറെ തൊഴിലവസരങ്ങളാണുള്ളത്.
അക്കാദമിക് യോഗ്യതകളില്‍ എന്‍ജിനീയറിങ് ബിരുദ/ ബിരുദാന്തര ധാരികളെയാണ് ഖത്തരി തൊഴിലുടമകള്‍ കൂടുതലായി (37 ശതമാനം) തേടുന്നത്. ബിസിനസ് മാനേജ്‌മെന്റ് (25 ശതമാനം), കൊമേഴ്‌സ് (15 ശതമാനം), ഹോസ്പിറ്റാലിറ്റി (15 ശതമാനം), അഡ്മിനിട്രേറ്റീവ് (15 ശതമാനം) എന്നിങ്ങനെയാണ് യോഗ്യതകളിലെ മുന്‍ഗണനകള്‍. ഇംഗ്ലീഷിലും അറബിയിലും നല്ല ആശയവിനിമയ കഴിവുള്ളവരെ 54 ശതമാനം തൊഴിലുടമകളും ആവശ്യപ്പെടുന്നു. സമ്മര്‍ദത്തിനിടയിലും തൊഴില്‍ ചെയ്യാന്‍ കഴിവുള്ളവരെ 47ഉം സംഘം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ കഴിവുള്ളവരെയും സഹകരിക്കുന്നവരും സഹായിക്കുന്നവരും സുതാര്യതയോടെ പെരുമാറുന്നവരെയും 47 ശതമാനം പേര്‍ ആവശ്യപ്പെടുന്നു.
ഭരണപരമായ പരിചയമുള്ളവരെ 35ഉം മൂന്ന്, ഏഴ് വര്‍ഷം പരിചയമുള്ളവരെ 32ഉം മാനേജര്‍ തലത്തില്‍ പരിചയമുള്ളവരെ 30ഉം ശതമാനം പേര്‍ ആവശ്യപ്പെടുന്നു.
വരും മാസങ്ങളിലും വര്‍ഷങ്ങളിലും വന്‍തോതില്‍ റിക്രൂട്ട്‌മെന്റ് നടത്താനാണ് മെനയിലെ സ്വകാര്യ മേഖല പദ്ധതിയിടുന്നത്. കഴിവ്, വിദ്യാഭ്യാസ യോഗ്യത, പരിചയം എന്നിവയ്ക്കാണ് മുന്‍ഗണന. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 4 മുതല്‍ ജനുവരി 22 വരെ നടത്തിയ സര്‍വേ പ്രകാരമാണ് റിപോര്‍ട്ട് തയ്യാറാക്കിയത്. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, ഒമാന്‍, ബഹ്‌റയ്ന്‍, ലബ്‌നാന്‍, സിറിയ, ജോര്‍ദാന്‍, അല്‍ജീരിയ, ഈജിപ്ത്, മൊറോക്കോ, തുണീസ്യ, പാകിസ്താന്‍ എന്നിവിടങ്ങളിലെ 3107 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."