കാവ്യമധുരം പകര്‍ന്ന് സുഖേഷിന്റെ കരിക്ക് വില്‍പ്പന
നജീബ് മുറ്റിച്ചൂര്‍
അന്തിക്കാട്: അന്തിക്കാട് സെന്ററിലെ കരിക്ക് കച്ചവടക്കാരനായ സുഖേഷിന്റെ അടുത്തെത്തിയാല്‍ കരിക്കും കുടിക്കാം ഒപ്പം നല്ലൊരു കവിതയും കേള്‍ക്കാം. അന്തിക്കാട്ടുപറമ്പില്‍ പരേതനായ സുബ്രഹ്മണ്യന്റെ മകന്‍ സുഖേഷ് നാട്ടുകാര്‍ക്ക് മുഴുവന്‍ സുപരിചിതനാണ്. എന്നാല്‍ ഏഴാം ക്ലാസ് മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ള സുഖേഷ് കവിയാണെന്നറിയുന്നവര്‍ വിരളം. കരിക്ക് വെട്ടുന്നതിനിടെ ഈണത്തിലും താളത്തിലും സുഖേഷ് കവിത ചൊല്ലാന്‍ തുടങ്ങിയാല്‍ കരിക്ക് വാങ്ങാനെത്തുന്നവര്‍ എല്ലാ തിരക്കുകളും ഒഴിവാക്കി ഇദ്ദേഹത്തിന്റെ കവിതയില്‍ മുഴുകും.
ദിവസവും നിരവധി പേരാണ് സുഖേഷിന്റെയടുത്ത് കരിക്ക് കുടിക്കാനും കവിത കേള്‍ക്കാനുമായി എത്തുന്നത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ തുടങ്ങിയതാണ് കവിതയോടുള്ള സുഖേഷിന്റെ പ്രേമം. 18-ാമത്തെ വയസില്‍ കവിതയെഴുതാന്‍ തുടങ്ങി. എന്നാല്‍ 41-ാമത്തെ വയസിനിടെ സുഖേഷ് എഴുതിയത് പാപജന്മം, എന്റെ അമ്മ, ആദിവാസി, മക്കളില്ലാത്ത അമ്മ, വിഷം തന്നിങ്ങനെ അഞ്ചു കവിതകള്‍ മാത്രം.
കവിതയെഴുതാന്‍ തുടങ്ങിയപ്പോള്‍ സുഖേഷിനെ ഏറ്റവും അടുത്ത സുഹൃത്തുക്കള്‍പ്പോലും കളിയാക്കി. അതോടെ കവിതയെഴുത്ത് നിര്‍ത്തി. ഇതിനിടയില്‍ അയല്‍വാസിയും കൂട്ടുകാരനുമായ മാനങ്ങത്തുപറമ്പില്‍ മന്‍സൂര്‍ സുഖേഷിന്റെ പാപ ജന്മം എന്ന കവിത വായിക്കാനിടയായി. മന്‍സുര്‍ ഈ കവിത ഒരു മാഗസിനില്‍ പ്രസിദ്ധീകരിച്ചു.
ഇത് വായിച്ച നൂറുകണക്കിനാളുകള്‍ സുഖേഷിനെ അഭിനന്ദിക്കാനെത്തുകയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുകയും ചെയ്തു. ഇത് വലിയ അംഗീകാരമായി കാണുന്നതായും സുഖേഷ് പറഞ്ഞു.
കുടുംബം പുലര്‍ത്താന്‍ സ്വര്‍ണപണിക്കാരന്‍, കിണര്‍ പണിക്കാരന്‍, ചുമട്ടുത്തൊഴിലാളി, ടില്ലര്‍ ഡ്രൈവര്‍ എന്നിങ്ങനെ നിരവധി ജോലികള്‍ ചെയ്തു. അവസാനം കരിക്കു കച്ചവടത്തിലെത്തി നില്‍ക്കുന്നു. ചെയ്ത ജോലികളില്‍ മനസംതൃപ്തി ലഭിച്ചത് കരിക്ക് കച്ചവടത്തില്‍ നിന്നാണെന്ന് സുഖേഷ് പറയുന്നു. ജോലിക്കിടയില്‍ കവിതയെഴുതാന്‍ സമയം കിട്ടുന്നുവെന്നാണ് സുഖേഷ് ഇതിനു കാരണമായി പറയുന്നത്. താന്‍ അനുഭവിച്ചതും കണ്ടറിഞ്ഞതുമായ കാര്യങ്ങളാണ് സുഖേഷിന്റെ കവിതയില്‍ കൂടുതലും. വര്‍ഗീയ ചിന്തകള്‍ സമൂഹത്തിലുയര്‍ത്തുന്ന കടുത്ത വെല്ലുവിളികളെക്കുറിച്ചാണ് വിഷം എന്ന കവിതയിലൂടെ സുഖേഷ് തുറന്നു കാട്ടുന്നത്. അമ്മ : കൊച്ചു കുട്ടി, ഭാര്യ: ദിവ്യ, മക്കള്‍: അമല്‍ദേവ്, ആദി ദേവ് എന്നിവരടങ്ങുന്നതാണ് സുഖേഷിന്റെ കുടുംബം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."