പാലക്കാട്- ചെര്‍പ്പുളശ്ശേരി സംസ്ഥാനപാത നവീകരണ പ്രവര്‍ത്തനങ്ങള്‍ നിലച്ചു; യാത്രക്കാര്‍ ദുരിതത്തില്‍
കോങ്ങാട:് പാലക്കാട്- ചെര്‍പ്പുളശ്ശേരി സംസ്ഥാന പാതയില്‍ നവീകരണ പ്രവര്‍ത്തനം നിലച്ചതോടെ വാഹനയാത്ര ദുരിതമാകുന്നു. കോങ്ങാട് മുതല്‍ മംഗലാംകുന്ന് വരെയുള്ള 14 കിലോ മീറ്റര്‍ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങളാണ് ഒച്ചിഴയും പോലെയായിരിക്കുന്നത്.
കേന്ദ്രാവിഷ്‌കൃത ഫണ്ടില്‍ നിന്നും 15 കോടി രൂപ ചെലവിട്ട് ബി.എം.ബി.സി നിലവാരത്തിലാണ് ഇവിടത്തെ റോഡിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നിരിക്കെ റോഡിന്റെ നിര്‍മാണത്തിന് വേഗതയില്ലാത്തതാണ് വാഹനയാത്രക്കാര്‍ക്ക് ദുരിതമാകുന്നത്. റോഡിന്റെ കരാര്‍ നല്‍കിയിരിക്കുന്നത് കാസര്‍കോട് ആസ്ഥാനമായുള്ള കുദ്‌റോളി കമ്പനിക്കാണ്. കമ്പനിയ്ക്ക് മതിയായ മിഷണറീസ്, മാന്‍പവര്‍, മൂലധനം, വര്‍ക്ക് ക്വാളിറ്റി എന്നിവ ഇല്ലെന്നാരോപണം ഉയര്‍ന്നിരുന്നു.
റോഡിന്റെ നിര്‍മാണത്തിന് നല്‍കിയിട്ടുള്ള 18 മാസത്തെ കരാര്‍ ഈ വര്‍ഷം മാര്‍ച്ച് 31ന് അവസാനിക്കുമെന്നിരിക്കെ റോഡുപണി എവിടെയുമെത്തിയിട്ടില്ല.
കടമ്പഴിപ്പുറം തിയറ്റര്‍ ഭാഗത്തെ നിലവിലുള്ള പാലം വീതിക്കൂട്ടി പുതുതായി നിര്‍മിക്കുന്നതിനുള്ള പ്രവര്‍ത്തികള്‍ തുടങ്ങിയിട്ടേയുള്ളു.
ഇതിനുപുറമെ കടമ്പഴിപ്പുറം ആശുപത്രി ജങ്ഷന്‍ ഭാഗത്തെ അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിച്ചാലെ റോഡുനിര്‍മാണം സുഗമമാകുവെന്നതിനാല്‍ ഇതിനായുള്ള നടപടികളൊന്നുമായിട്ടില്ലതാനും. കടമ്പഴിപ്പുറം തിയറ്റര്‍ മുതല്‍ പള്ളിവരെയുള്ള ഒന്നര കിലോമീറ്റര്‍ ദൂരത്തില്‍വീതികൂട്ടിയ ഭാഗം ഇനിയും ടാറിങ് നടത്തിയിട്ടില്ല. റോഡുനവീകരണം ഇഴഞ്ഞു നീങ്ങുന്നതിനാല്‍ തകര്‍ന്നടിഞ്ഞ റോഡിലൂടെ കുണ്ടും കുഴികളിലുംപെട്ട് പൊടി തിന്നുമാണ് യാത്രക്കാര്‍ ദുരിതയാത്ര നടത്തുന്നത്.
പ്രദേശത്തെ വീടുകളും വ്യാപാരസ്ഥാപനങ്ങളും പൊടിശല്യത്താല്‍ പൊറുതി മുട്ടിയിരിക്കുകയാണ്. ആദ്യഘട്ടത്തിലെ ടാറിങ് നടത്തിയിട്ട് ഇവിടുത്തെ ജോലിക്കാരെ മറ്റു സെറ്റുകളിലേയ്ക്കു മാറ്റിയതാണ് ഇപ്പോഴത്തെസ്ഥിതിയ്ക്കു കാരണമെന്നാണ് ഭാഷ്യം.
ഇതിനുപുറമെ മംഗലാംകുന്നിനും കടമ്പഴിപ്പുറത്തിനുമിടയില്‍ ഒന്നാംഘട്ട ടാറിങ് കഴിഞ്ഞ് ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ ടാറിളകി റോഡ് തകര്‍ന്നത്തോടെ പ്രതിഷേധമുയര്‍ന്നപ്പോള്‍ കമ്പനി ഓട്ടയടച്ചു തടിതപ്പുകയായിരുന്നു. 2017ല്‍ ആരംഭിച്ച നവീകരണ പ്രവര്‍ത്തനമാണ് ഒരുവര്‍ഷം കഴിഞ്ഞിട്ടും ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ കഴിയാതെയിരിക്കുന്നത്.
പെരിന്തല്‍മണ്ണ ഭാഗത്തേയ്ക്കുള്ള ചരക്കുവാഹനങ്ങളടക്കം നിരവധി സ്വകാര്യ ബസുകളും സര്‍വിസ് നടത്തുന്ന റോഡാണ് മുണ്ടൂര്‍-ചെറുപ്പുളശ്ശേരി സംസ്ഥാന പാതയെന്നിരിക്കെ തകര്‍ന്നടിഞ്ഞ പാത അനുവദിച്ച സമയത്തിനുള്ളില്‍ കൃത്യതയാര്‍ന്ന നിലവാരത്തില്‍ നവീകരണം നടത്തി ഗതാഗതയോഗ്യമാക്കണമെന്നതാണ് ജനകീയാവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."