പൗരത്വ ബില്‍: കുറ്റ്യാടിയും നരിക്കുനിയും ബി.ജെ.പി വിശദീകരണത്തോട് മുഖം തിരിച്ചു, ഹര്‍ത്താലാചരിച്ച് പ്രതിഷേധം, നരിക്കുനിയില്‍ യോഗം ശ്രവിക്കാനെത്തിയത് രണ്ടുപേര്‍ മാത്രം
കുറ്റ്യാടി/നരിക്കുനി: ദേശീയ പൗരത്വ നിയമ ഭേദഗതിയെ അനുകൂലിച്ച് ബി.ജെ.പി സംഘടിപ്പിച്ച വിശദീകരണ യോഗങ്ങള്‍ കടകളടച്ചും, നാട്ടുകാര്‍ ടൗണിലിറങ്ങാതെയും ബഹിഷ്‌കരിച്ചു. കോഴിക്കോട് ജില്ലയിലെ കുറ്റ്യാടിയിലും നരിക്കുനിയിലുമാണ് വേറിട്ട പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്.
ആലപ്പുഴ വളഞ്ഞവഴിയില്‍ കഴിഞ്ഞ ദിവസം കടകളടച്ച് വ്യാപാരികളും ടൗണിലിറങ്ങാതെ നാട്ടുകാരും ബഹിഷ്‌ക്കരിച്ചിരുന്നു. ഇതേ രീതിയിലാണ് കുറ്റ്യാടിയിലും, നരിക്കുനിയിലും സംഘടിത പ്രതിഷേധം അരങ്ങേറിയത്.
കുറ്റ്യാടിയില്‍ ഇന്നലെ വൈകീട്ട് അഞ്ചിന് രഷ്ട്ര രക്ഷാ സംഗമം എന്നപേരില്‍ പൊതുയോഗവും തൊട്ടു മുന്‍പ് റാലിയുമായിരുന്നു സംഘടിപ്പിച്ചത്. എന്നാല്‍ ഇതിന് ഒരു മണിക്കൂര്‍ മുന്‍പെ വ്യാപാരികള്‍ ബഹിഷ്‌ക്കരിച്ച് കടകളടച്ചിടുകയായിരുന്നു. നാട്ടുകാരും ടൗണിലിറങ്ങിയില്ല. കടേക്കയ്ച്ചാലില്‍ നിന്നാരംഭിച്ച റാലി ടൗണിലെത്തുമ്പോള്‍ വിജനമായ പ്രതീതിയായിരുന്നു്. അടച്ചിട്ട ഏതാനും കടകളില്‍ ബി.ജെ.പിക്കെതിരെ പ്രതിഷേധക്കുറിപ്പും കാണാമായിരുന്നു.
എന്നാല്‍ കടയടപ്പിന് പിന്നില്‍ യാതൊരു ആഹ്വാനവും ഉണ്ടായില്ലെന്നും വ്യാപാരികള്‍ സ്വന്തം താല്‍പര്യ പ്രകാരമാണ് കടയടച്ചിട്ടതെന്നും വ്യാപാരി വ്യവസായി ഏകോപന സമിതി കുറ്റ്യാടി മേഖല പ്രസിഡന്റ് ഒ.വി ലത്തീഫ് പ്രതികരിച്ചു. അതേസമയം ബഹിഷ്‌ക്കരണം സംബന്ധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ വ്യാപകമായ സോഷ്യല്‍ മീഡിയ പ്രചരണം ഉണ്ടായിരുന്നു.
നരിക്കുനിയിലും വൈകീട്ട് ബി.ജെ.പിയുടെ പരിപാടി ബഹിഷ്‌കരിച്ച് വ്യാപാരികള്‍ കടകളടച്ചു.
നാട്ടുകാര്‍ റോഡിലിറങ്ങിയില്ല. ഓട്ടോകളും നിരത്തിലിറങ്ങിയില്ല. അങ്ങാടിയില്‍ പൗരത്വ അനുകൂല സമ്മേളനത്തിനായി നൂറോളം കസേരകള്‍ നിരത്തിയെങ്കിലും ആകെ രണ്ടു പേര്‍മാത്രമാണ് സദസിലുണ്ടായിരുന്നത്. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് വേറിട്ട പ്രതിഷേധം നടന്നത്. പൗരത്വ നിയമ ഭേദഗതിയെ കുറിച്ച് വിശദീകരിക്കാനെത്തിയത് എ.പി അബ്ദുള്ളക്കുട്ടിയും ജയചന്ദ്രന്‍ മാസ്റ്ററും ആയിരുന്നു. ജനജാഗ്രതാ സദസ്സ് തുടങ്ങുന്നതിന് മുമ്പ് തന്നെ വ്യാപാരികള്‍ മുഴുവന്‍ കടയടച്ച് സ്ഥലംവിട്ടു.
രണ്ടു മണി മുതല്‍ കടകള്‍ ഒന്നൊന്നായി അടഞ്ഞു തുടങ്ങി. യോഗം തുടങ്ങിയതോടെ ഒരു ഹര്‍ത്താല്‍ പ്രതീതി ആയിരുന്നു. അബ്ദുള്ളക്കുട്ടിക്ക് ബി.ജെ.പി അനുയായികള്‍ക്ക് മുന്നില്‍ പൗരത്വ നിയമം വിശദീകരിച്ച് മറ്റൊരാളെ പോലും കേള്‍പ്പിക്കാന്‍ കഴിയാതെ തിരിച്ച് പോകേണ്ടിവന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."