അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസിന് കേരളം വീണ്ടും വേദിയാകും
തിരുവനന്തപുരം: അന്താരാഷ്ട്ര ജൈവവൈവിധ്യ കോണ്‍ഗ്രസിന് (ഇന്റര്‍നാഷനല്‍ ബയോഡൈവേഴ്‌സിറ്റി കോണ്‍ഗ്രസ്) ഒരു പതിറ്റാണ്ടിന് ശേഷം കേരളം വീണ്ടും വേദിയാകും. ഈ വര്‍ഷം നവംബര്‍ 25 മുതല്‍ 27 വരെ തിരുവനന്തപുരം കാര്യവട്ടത്തുള്ള കേരള സര്‍വകലാശാല ക്യാംപസില്‍ വച്ചാണ് ഐബിസി 2020 നടക്കുക. പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകയും സംഘാടകരില്‍ ഒരാളുമായ ഡോ. വന്ദന ശിവയാണ് വേദി പ്രഖ്യാപിച്ചത്.
സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ കൈവരിക്കും വിധത്തില്‍ ജൈവവൈവിധ്യ സംരക്ഷണത്തില്‍ ഊന്നിയുള്ള പാരിസ്ഥിതിക നാഗരികത രൂപപ്പെടുത്തുക, ജൈവവൈവിധ്യ ദര്‍ശനം കൂടുതല്‍ ജനവിഭാഗങ്ങളില്‍ എത്തിച്ചേരാന്‍ പര്യാപ്തമായ വിപുലമായ സംവിധാനവും ശൃംഖലയും കെട്ടിപ്പടുക്കുക, വിവിധ പഠനശാഖകളുടെ പങ്കാളിത്തത്തോടെ പൊതുവേദി രൂപീകരിക്കുക; സമ്പദ് വ്യവസ്ഥ, സൗന്ദര്യശാസ്ത്രം, സാംസ്‌കാരിക പരിണാമം എന്നിവയ്ക്കും ജൈവവൈവിധ്യത്തിനും ഇടയ്ക്കുള്ള പാരസ്പര്യത്തിന്റെ പ്രാധാന്യം ഊട്ടിയുറപ്പിക്കുക തുടങ്ങിയവയാണ് ജൈവവൈവിധ്യ കോണ്‍ഗ്രസ് മുന്നോട്ടുവയ്ക്കുന്ന ലക്ഷ്യങ്ങളെന്ന് ഡോ. വന്ദന ശിവ പറഞ്ഞു.
'ജൈവവൈവിധ്യ ലക്ഷ്യങ്ങള്‍ 2020 ലും ശേഷവും: തല്‍സ്ഥിതിയും പ്രതീക്ഷകളും' എന്ന വിഷയമാണ് പുതിയ പതിപ്പ് ചര്‍ച്ചചെയ്യുന്നത്.
2011 മുതല്‍ 2020 വരെയുള്ള പത്തുവര്‍ഷക്കാലം ജൈവവൈവിധ്യ ദശാബ്ദമായി ഐക്യരാഷ്ട്രസഭ ആചരിക്കുന്നതിന്റെ പശ്ചാത്തലത്തിലാണ് വിഷയം തിരഞ്ഞെടുത്തതെന്നും അവര്‍ പറഞ്ഞു. വിവിധ രാജ്യങ്ങളില്‍ നിന്നായി ആയിരത്തിലേറെ പ്രതിനിധികള്‍ സമ്മേളനത്തിന്റെ ഭാഗമാകും. രണ്ടുവര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന ഐ.ബി.സിയുടെ ഒന്നാം പതിപ്പ് അരങ്ങേറിയത് 2010ല്‍ തിരുവനന്തപുരത്തുവച്ചായിരുന്നു. സംഘാടകരായ ഡോ. എ ജി പാണ്ഡുരംഗന്‍,ഡോ. സി സുരേഷ്‌കുമാര്‍, ഡോ. പി. കൃഷ്ണന്‍, പ്രൊഫ. എ . ബിജുകുമാര്‍ ,അജിത്ത് പത്രസമ്മേളനത്തില്‍ പങ്കെടുത്തു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."