പ്ലാസ്റ്റികില്‍നിന്ന് വന്യജീവികള്‍ക്കും രക്ഷയില്ല
കല്‍പ്പറ്റ: പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ വന്യജീവികളെയും വേട്ടയാടുന്നു. വനങ്ങളിലും മറ്റുമായി ഉപേക്ഷിക്കപ്പെടുന്ന പ്ലാസ്റ്റിക്കുകളാണ് വന്യജീവികളുടെ ജീവനുതന്നെ ഭീഷണിയാകുന്നത്. കേരളത്തിലെ ഏതാണ്ടെല്ലാ വനമേഖലകളിലും പ്ലാസ്റ്റിക് വന്യജീവികള്‍ക്ക് ഭീഷണിയായി മാറുകയാണ്. രാജ്യത്തിന്റെ എല്ലാ മേഖലകളിലും വനങ്ങളില്‍ പ്ലാസ്റ്റിക്കിന് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍, വനമേഖലകളിലേതുപോലെ മറ്റൊരിടത്തും പ്ലാസ്റ്റിക് വലിച്ചെറിയപ്പെടുന്നില്ലെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരും വനംവകുപ്പിലെ ജീവനക്കാരും പറയുന്നത്.
തമിഴ്‌നാട്, കര്‍ണാടക വനമേഖലകളില്‍ പ്ലാസ്റ്റിക്കിനെ കര്‍ശനമായി അകറ്റിനിര്‍ത്താറുണ്ട്. കേരളത്തില്‍ ഇത് ഫലപ്രദമായി നടപ്പാകാറില്ല. വര്‍ഷത്തില്‍ നിരവധി മൃഗങ്ങള്‍ പ്ലാസ്റ്റിക്കിന്റെ ഉപയോഗം മൂലം മരിക്കുന്നുണ്ടെന്നാണ് കണക്ക്. സഞ്ചാരികളായി എത്തുന്നവരടക്കമുള്ളവര്‍ ഉപേക്ഷിച്ചുപോകുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളാണ് വന്യമൃഗങ്ങളെ കൂടുതലും അപകടപ്പെടുത്തുന്നത്. പ്ലാസ്റ്റിക് കവറുകളില്‍ ലഭിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വാങ്ങി അതിന്റെ അവശിഷ്ടങ്ങള്‍ വനത്തിലും പരിസരത്തും ഉപേക്ഷിച്ചുപോകുകയാണ് വിനോദസഞ്ചാരികളും മറ്റും. ഉപ്പ് എല്ലാ മൃഗങ്ങള്‍ക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒന്നാണ്. ഉപ്പിന്റെ ഗന്ധം എവിടെ നിന്ന് ലഭിച്ചാലും അവിടെ മൃഗങ്ങളെത്തും. ഇത്തരത്തില്‍ എത്തിപ്പെടുന്ന മൃഗങ്ങള്‍ പ്ലാസ്റ്റിക്കില്‍ പറ്റിപ്പിടിച്ചുകിടക്കുന്ന ഭക്ഷണപദാര്‍ഥങ്ങള്‍ പ്ലാസ്റ്റിക്കോടെ അകത്താക്കും. ഉപ്പ് രുചി അറിഞ്ഞുകഴിഞ്ഞാല്‍ പിന്നെ കിട്ടുന്ന പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങളെല്ലാം അകത്താക്കിത്തുടങ്ങും. ചിലപ്പോള്‍ കാഷ്ടിക്കുന്ന സമയത്ത് ഇത്തരം പ്ലാസ്റ്റിക്കുകള്‍ പുറംതള്ളപ്പെടാറുണ്ട്. എന്നാല്‍, ഭൂരിഭാഗം മൃഗങ്ങള്‍ക്കും ഇവ കുടലില്‍ ഒട്ടിക്കിടന്ന് ദഹനം നടക്കാതെ ബുദ്ധിമുട്ടുകള്‍ സംഭവിക്കുകയും പിന്നീട് ഭക്ഷണം തന്നെ കഴിക്കാനാവാതെ ഏറ്റവും ഭീകരമായ രീതിയില്‍ മരണത്തിന് കീഴടങ്ങുകയുമാണ് പതിവ്.
വനങ്ങളിലൂടെയുള്ള പാതയോരങ്ങളില്‍ വാഹന പാര്‍ക്കിങ് കര്‍ശനമായി നിരോധിച്ചതാണെങ്കിലും പലയിടത്തും നിരോധനം കടലാസില്‍ മാത്രമാണ്. അതിനാല്‍ സഞ്ചാരികളടക്കമുള്ളവര്‍ പാതയോരങ്ങളില്‍ വാഹനങ്ങള്‍ നിര്‍ത്തി ഭക്ഷണം കഴിക്കുന്നത് സര്‍വസാധാരണമാണ്. ഭക്ഷണം കഴിച്ച് അതിന്റെ അവശിഷ്ടങ്ങളും മറ്റും വനത്തില്‍ ഉപേക്ഷിച്ചാണ് പലരും പോകുന്നത്. ഇത് പിന്നീട് മൃഗങ്ങളെത്തി ഭക്ഷിക്കുന്നതും പതിവാണ്. പലപ്പോഴും ആനകള്‍ സഞ്ചാരികളെ ഓടിച്ച് ഭക്ഷണം അകത്താക്കിയ സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."