യു.എ.ഇയില്‍ ജീവനക്കാരുടെ വാര്‍ഷിക അവധിക്ക് പുതിയ മാനദണ്ഡങ്ങള്‍; 90 ദിവസം വരെ മെഡിക്കല്‍ ലീവ്
ദുബായ്: യു.എ.ഇയില്‍ ജീവനക്കാരുടെ വാര്‍ഷിക അവധിക്ക് പുതിയ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചു. ജീവനക്കാരുടെ ഗ്രേഡ് അനുസരിച്ചായിരിക്കും ഇനി അവധി അനുവദിക്കുന്നത്. ഗ്രേഡ് കണക്കാക്കി 18 മുതല്‍ പരമാവധി 30 ദിവസമായിരിക്കും ശമ്പളത്തോടെ അവധി ലഭിക്കുന്നത്. പുതിയ മാനദണ്ഡങ്ങള്‍ അനുസരിച്ച് ഒരു വര്‍ഷത്തില്‍ 12 തരത്തിലുള്ള അവധികളാണ് ലഭിക്കുക. വാര്‍ഷിക അവധിക്ക് പുറമെ മെഡിക്കല്‍ അവധി, പ്രസവ അവധി, ഭാര്യയുടെ പ്രസവാവശ്യങ്ങള്‍ക്കായി പുരുഷന്മാര്‍ക്കുള്ള പറ്റേണിറ്റി ലീവ്, ഉറ്റവരുടെ വിയോഗസമയത്ത് എടുക്കാവുന്ന അവധി, ഹജ്ജ് ലീവ്, പ്രധാനപ്പെട്ട പരിപാടികളില്‍ പങ്കെടുക്കാനുള്ള അവധി, രോഗിയെ അനുഗമിക്കാനുള്ള അവധി, പഠനാവധി, ഭാര്യയ്‌ക്കോ ഭര്‍ത്താവിനോ വേണ്ടിയുള്ള അവധി. ശമ്പളമില്ലാത്ത അവധി, സര്‍ക്കാര്‍ സേവനത്തിനുള്ള അവധി എന്നിവയാണ് ഈ 12 വിഭാഗങ്ങളില്‍പെടുന്നത്.
ജോലിയില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയവര്‍ക്ക് നിയമപ്രകാരം വാര്‍ഷിക അവധിക്ക് അര്‍ഹതയുണ്ടാകും. ജീവനക്കാരുടെ ഗ്രേഡ് 12ന് മുകളിലാണെങ്കില്‍ 30 ദിവസത്തെ അവധിയും ലഭിക്കും. നാല് മുതല്‍ 11 വരെ ഗ്രേഡുള്ളവര്‍ക്ക് 25 ദിവസത്തെ അവധിയായിരിക്കും ലഭിക്കുക. മൂന്ന് വരെ ഗ്രേഡുകളുള്ളവര്‍ക്ക് 18 ദിവസമേ അവധി ലഭിക്കൂ. ജോലി മതിയാക്കി പോകുന്നവര്‍ക്ക് അതുവരെ ജോലി ചെയ്ത ദിവസങ്ങള്‍ കണക്കാക്കി ആനുപാതികമായി അവധി ദിവസങ്ങള്‍ അനുവദിക്കണം.
വര്‍ഷത്തില്‍ പരമാവധി 90 ദിവസം വരെ മെഡിക്കല്‍ ലീവെടുക്കാന്‍ കഴിയും. ജോലിക്ക് ചേര്‍ന്നാല്‍ പ്രൊബേഷന്‍ കാലയളവില്‍ മെഡിക്കല്‍ ലീവ് ലഭിക്കുകയില്ല. ഇതിന് ശേഷമായിരിക്കും 90 ദിവസം വരെയുള്ള അവധി. ഇത് ഒരുമിച്ചോ അല്ലെങ്കില്‍ ആവശ്യാനുസരണം പല തവണകളിലായോ എടുക്കാം. അസുഖാവധിയിലുള്ള കാലയളവിലെ ആദ്യത്തെ 15 ദിവസം മുഴുവന്‍ ശമ്പളവും ലഭിക്കും. പിന്നീടുള്ള 30 ദിവസങ്ങളില്‍ പകുതി ശമ്പളമായിരിക്കും ലഭിക്കുക. ശേഷമുള്ള 45 ദിവസം ശമ്പളമില്ലാത്ത അവധിയായിരിക്കുമെന്നും നിയമം വ്യക്തമാക്കുന്നു.
വാര്‍ഷിക അവധി എപ്പോള്‍ വേണമെന്ന് ജീവനക്കാര്‍ക്ക് തന്നെ തീരുമാനിക്കാമെങ്കിലും സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കാത്ത വിധത്തില്‍ അത് ക്രമീകരിക്കാനും രണ്ട് തവണയാക്കാനും കമ്പനിക്ക് അധികാരമുണ്ട്. രണ്ട് വര്‍ഷമെങ്കിലും ജോലി ചെയ്തവരാണെങ്കില്‍ അവധിക്ക് നാട്ടില്‍ പോകാനുള്ള ടിക്കറ്റും നല്‍കണം. വാര്‍ഷിക അവധിക്കിടയിലുള്ള പൊതുഅവധികള്‍ പ്രത്യേകമായി എടുക്കാനാവില്ല. വാര്‍ഷിക അവധിയോടൊപ്പം അധികമായി ലീവെടുത്താല്‍ അതിന് ശമ്പളം ലഭിക്കുകയില്ല. അവധിക്കാലത്ത് ജീവനക്കാരനെ പിരിച്ചുവിടാനും സാധിക്കില്ല. എന്നാല്‍ അവധിക്കാലത്ത് മറ്റൊരു കമ്പനിക്ക് വേണ്ടി ജോലി ചെയ്താല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിടാനാവും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."