ബംഗളൂരുവില്‍ നിന്ന് ചെന്നൈ ജയിലിലേക്ക് വഴിതേടി ശശികല
ബംഗളൂരു: അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല തമിഴ്‌നാട് ജയിലിലേക്ക് മാറാന്‍ നീക്കം തുടങ്ങി. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലാണ് ശശികല തടവില്‍ കഴിയുന്നത്. ഇവരുടെ അഭിഭാഷകര്‍ ചെന്നൈ പുഴാല്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനുള്ള നടപടികളാണ് ആലോചിക്കുന്നത്. ഇതുസംബന്ധിച്ച നടപടിക്രമങ്ങള്‍ തുടരുകയാണെന്ന് അണ്ണാ ഡി.എം.കെയുടെ മുതിര്‍ന്ന നേതാവ് മാധ്യമങ്ങളെ അറിയിച്ചു.
ജന.സെക്രട്ടറിയെ ജയില്‍ മാറ്റുന്ന കാര്യത്തെക്കുറിച്ച് നിയമ വിദഗ്ധരുമായി ചര്‍ച്ചെ ചെയ്യുകയാണെന്ന് പാര്‍ട്ടി വക്താവ് ആവഡി കുമാര്‍ പറഞ്ഞു. പൂര്‍ണമായും നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നടപടി തുടരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
അനധകൃത സ്വത്ത് സമ്പാദന കേസില്‍ കഴിഞ്ഞ ഫെബ്രുവരി 14നാണ് സുപ്രിം കോടതി ഉത്തരവ് പ്രകാരം ശശികല, ബന്ധുക്കളായ ജെ.ഇളവരശി, വി.എന്‍ സുധാകരന്‍ എന്നിവര്‍ ബംഗളൂരു ജയിലില്‍ തടവിലായത്.
പരപ്പന അഗ്രഹാര ജയില്‍ അധികൃതരുമായും കര്‍ണാടക നിയമ മന്ത്രിയുമായും ചര്‍ച്ച നടത്തി തുടര്‍ന്ന് കര്‍ണാടക-തമിഴ്‌നാട് സര്‍ക്കാറുകളുമായി ജയില്‍മാറ്റം സംബന്ധിച്ച് ധാരണയിലെത്താനുമാണ് ശ്രമിക്കുന്നത്. ഇക്കാര്യത്തില്‍ തമിഴ്‌നാട് സര്‍ക്കാരുമായി പ്രാഥമിക ചര്‍ച്ച നടത്തിയതായി ശശികലയുടെ അഭിഭാഷകന്‍ എന്‍.ഡി.എസ് കുലശേഖരന്‍ പറഞ്ഞു.
ജയില്‍ മാറ്റം സംബന്ധിച്ച് ശശികല കര്‍ണാടക സര്‍ക്കാറിനോ അല്ലെങ്കില്‍ കോടതിയിലോ നേരിട്ട് ഹരജി നല്‍കുമെന്നും അഭിഭാഷകന്‍ അറിയിച്ചു.
അതേസമയം ജയില്‍ മാന്വല്‍ പ്രകാരം പ്രതിയുടെ ജയില്‍മാറ്റം സംബന്ധിച്ച് രണ്ട് ജയിലുകളിലേയും ഉന്നത ഉദ്യോഗസ്ഥര്‍ തമ്മില്‍ ചര്‍ച്ച നടത്തിയാണ് തീരുമാനത്തിലെത്തുകയെന്ന് അനധികൃത സ്വത്ത് സമ്പാദന കേസിലെ പ്രോസിക്യൂട്ടര്‍ ബി.വി ആചാര്യ പറഞ്ഞു.
എന്നാല്‍ ശശികലയുടെ കേസ് വ്യത്യസ്തമാണ്. അവരെ ശിക്ഷിച്ചത് സുപ്രിം കോടതിയുടെ ഉത്തരവ് പ്രകാരമാണ്. അതുകൊണ്ട്തന്നെ സുപ്രിം കോടതി അനുമതിയില്ലാതെ ജയില്‍മാറ്റം അസാധ്യമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
സുപ്രിം കോടതിയെ അറിയിക്കാതെ ജയില്‍മാറ്റ നടപടികള്‍ തുടര്‍ന്നാല്‍ അത് പരമോന്നത കോടതിയെ വെല്ലുവിളിക്കുന്നതിന് തുല്യമാകുമെന്നും ബി.വി ആചാര്യ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."