റബറുല്‍പാദനം ലക്ഷ്യത്തിലേക്ക്
കോട്ടയം: ഇന്ത്യയിലെ റബറുല്‍പാദനത്തില്‍ കാര്യമായ വര്‍ധനയുണ്ടാകുന്നതായും ഈ വര്‍ഷം ജനുവരി മാസത്തില്‍ കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച്് 26.93 ശതമാനം കൂടുതല്‍ ഉല്‍പാദനം നടന്നതായും റബര്‍ബോര്‍ഡ് അറിയിച്ചു.
2017 ജനുവരി മാസത്തെ ഉല്‍പാദനം 66,000 ടണ്ണാണ്. 2016 ജനുവരിയില്‍ ഉല്‍പാദനം 52,000 ടണ്ണായിരുന്നു. ഈ രീതിയില്‍ മുന്നോട്ടുപോകുകയാണെങ്കില്‍ ഈ വര്‍ഷത്തെ 6.54 ലക്ഷം ടണ്‍ എന്ന ഉല്‍പാദനലക്ഷ്യം നേടാനാകുമെന്നും ബോര്‍ഡ് അറിയിച്ചു. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെയുള്ള കാലയളവിലെ ഉല്‍പാദനം 5,65,000 ടണ്‍ ആയിരുന്നു. കഴിഞ്ഞവര്‍ഷം ഇതേ കാലയളവില്‍ 4,92,000 ടണ്‍ മാത്രമാണ് ലഭിച്ചിരുന്നത്. ഫെബ്രുവരി 20 വരെ 12,000 ടണ്‍ റബറാണ് ഇന്ത്യയില്‍ നിന്ന് കയറ്റുമതി ചെയ്തത്.
'പ്രധാന്‍മന്ത്രി കൗശല്‍ വികാസ് യോജന' (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരം കേരളത്തിലെ ചെറുകിട റബര്‍മേഖലയില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപദ്ധതിയുടെ ആദ്യഘട്ടത്തില്‍ ടാപ്പര്‍മാര്‍ക്കും സംസ്‌കരണമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കുമായി നടത്തിയ പ്രത്യേക പരിശീലന പരിപാടികളില്‍ 10,000 ത്തോളം പേര്‍ പങ്കെടുത്തു. പദ്ധതിയുടെ ഭാഗമായി നടത്തിയ നൈപുണ്യവികസനപരിശീലനത്തിലൂടെ റബര്‍ ടാപ്പിങ്ങില്‍ ഉണ്ടായിട്ടുള്ള ഗുണപരമായ മാറ്റങ്ങളെക്കുറിച്ചും ഉത്പാദനക്ഷമതാ വര്‍ധനവില്‍ ഈ മാറ്റങ്ങള്‍ക്കുള്ള പങ്കിനെക്കുറിച്ചും പഠിക്കുന്നതിന് റബര്‍ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."