സാമ്പത്തിക പ്രതിസന്ധി മറച്ചുവക്കാന്‍ മോദി ജനങ്ങളെ ഭിന്നിപ്പിക്കുന്നു: സോണിയ
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധിയും വളര്‍ച്ചാ മുരടിപ്പും മറച്ചുവയ്ക്കാന്‍ മോദി സര്‍ക്കാര്‍ രാജ്യത്തെ ജനങ്ങളെ ഭിന്നിപ്പിക്കുകയാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി. പാര്‍ലമെന്റ് മന്ദിരത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു സോണിയ.
ഇന്ത്യ ഇന്ന് നേരിടുന്ന യഥാര്‍ഥ പ്രശ്‌നം സാമ്പത്തിക തകര്‍ച്ചയും വളര്‍ച്ചാ മന്ദഗതിയുമാണ്. ഇതിന് പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും ഉത്തരങ്ങളില്ല. എന്നാല്‍ ഇവര്‍ ഈ ഭീകരമായ യാഥാര്‍ഥ്യത്തില്‍ നിന്ന് ശ്രദ്ധ മാറ്റുന്നതിന് ഭിന്നിപ്പിക്കുന്നതും ധ്രുവീകരിക്കുന്നതുമായ പ്രശ്‌നങ്ങള്‍ ഒന്നിന് പിറകെ ഒന്നായി എടുത്തിടുകയാണ്.
വിദ്വേഷം പ്രചരിപ്പിച്ചുകൊണ്ട് ജനങ്ങളെ വര്‍ഗീയമായി ചേരി തിരിക്കുന്നു. പ്രതിഷേധിക്കുന്നവരെ അടിച്ചമര്‍ത്തുകയും ചെയ്യുന്നു. അഭൂതപൂര്‍വമായ പ്രക്ഷുബ്ധത രാജ്യത്ത് ഉയരുന്നുണ്ട്. ഭരണഘടനയെ ദുര്‍ബലപ്പെടുത്തുകയും ഭരണത്തിന്റെ ഉപകരണങ്ങള്‍ ദുരുപയോഗം ചെയ്യുകയുമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് സോണിയ പറഞ്ഞു. പ്രതിഷേധക്കാരെ അവഗണിച്ച് പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കുകയാണെന്നും കോണ്‍ഗ്രസ് അധ്യക്ഷ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."