പൊലിസ് കര്‍ശന നടപടിയിലേക്ക്
കെ. ജംഷാദ്#
കോഴിക്കോട്: ശബരിമല യുവതീ പ്രവേശനത്തെ തുടര്‍ന്ന് നടത്തിയ ഹര്‍ത്താലിന്റെ മറവില്‍ വ്യാപക അക്രമം അഴിച്ചുവിട്ട സംഘ്പരിവാറിനെതിരേ സര്‍ക്കാര്‍ ശക്തമായ നടപടിയിലേക്ക്. അറസ്റ്റിലാകുന്നവര്‍ക്കെതിരേ കര്‍ശന നടപടി വേണമെന്നും പെട്ടെന്ന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ ചുമത്തരുതെന്നും പൊലിസിന് നിര്‍ദേശം ലഭിച്ചു. പ്രതിചേര്‍ക്കപ്പെട്ടവരെ എത്രയും വേഗം അറസ്റ്റ് ചെയ്യാനാണ് പൊലിസിന്റെ പദ്ധതി.
ഹര്‍ത്താല്‍ ദിനത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായ സാഹചര്യത്തില്‍ ഡി.ജി.പി ജില്ലാ പൊലിസ് മേധാവികളെ കഴിഞ്ഞ ദിവസം വിഡിയോ കോണ്‍ഫറന്‍സിലൂടെ ആശയവിനിമയം നടത്തിയിരുന്നു. വ്യാപക സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ സുരക്ഷാവീഴ്ച നടന്നുവെന്ന തരത്തിലാണ് ഡി.ജി.പി പ്രതികരിച്ചത്.
സംസ്ഥാനത്ത് ക്രമസമാധാന നില ഭദ്രമാണെന്ന് ഉറപ്പുവരുത്താന്‍ സേനയെ സുസജ്ജമാക്കണമെന്നും നടപടികള്‍ വേഗത്തിലുണ്ടാകണമെന്നും നിര്‍ദേശം നല്‍കി.
ഹര്‍ത്താല്‍ ദിനത്തില്‍ ഉച്ചവരെയുണ്ടായ സംഘര്‍ഷങ്ങളോട് പൊലിസ് സംയമന തന്ത്രമാണ് സ്വീകരിച്ചത്. ശേഷം അക്രമം വ്യാപിച്ചപ്പോഴാണ് പൊലിസ് ഇടപെടല്‍ ശക്തമാക്കിയത്.
ഹര്‍ത്താലില്‍ വ്യാപക അക്രമങ്ങളുണ്ടാകുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയെങ്കിലും അത് കാര്യമായി പരിഗണിക്കാത്തത് അക്രമങ്ങള്‍ക്ക് വഴിവച്ചെന്നും അക്രമം തുടരാന്‍ സംഘ്പരിവാര്‍ പദ്ധതിയിട്ടെന്നും ചൂണ്ടിക്കാട്ടി വീണ്ടും ഇന്റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ഡി.ജി.പി ഇടപ്പെട്ടത്. കഴിഞ്ഞ ദിവസങ്ങളില്‍ കണ്ണൂരും മറ്റു സ്ഥലങ്ങളിലും നടന്ന അക്രമങ്ങള്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ സാധൂകരിക്കുന്നതാണ്.
ഹര്‍ത്താല്‍ ദിനത്തില്‍ അക്രമം നടത്തിയവര്‍ തന്നെയാകും പുതിയ അക്രമങ്ങള്‍ക്ക് പിന്നിലെന്നും പ്രത്യേകം പരിശീലനം ലഭിച്ചവരാണ് അക്രമം നടത്തുന്നതുമെന്ന നിഗമനത്തിലാണ് പൊലിസ്. അതിനാല്‍ കേസില്‍ ഉള്‍പ്പെട്ടവരെ എത്രയുംവേഗം അറസ്റ്റ് ചെയ്യുകയാണ് ഇനിയുള്ള ദൗത്യം.
ഇതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം റിപ്പോര്‍ട്ട് തേടിയതും ഗവര്‍ണര്‍ സംസ്ഥാനത്തെ ക്രമസമാധാന നിലയെ കുറിച്ച് റിപ്പോര്‍ട്ട് നല്‍കിയതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. കേരളത്തിലേക്കുള്ള യാത്രയില്‍ സഊദി അറേബ്യ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചതും വിഷയം ദേശീയ, അന്താരാഷ്ട്ര തലത്തില്‍ ചര്‍ച്ചയാകുന്നത് ഒഴിവാക്കാനുമാണ് സര്‍ക്കാര്‍ നീക്കം. ഇതുവരെ കേസില്‍ പ്രതികളായത് 37,979 പേരാണ്. ഇതില്‍ 3,178 പേരെ ഇതിനകം അറസ്റ്റ് ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."