വീണ്ടും അഭയാര്‍ഥി ദുരന്തം; 87 മരണം
ട്രിപ്പോളി: ലിബിയന്‍ തീരത്ത് ബോട്ട് തകര്‍ന്ന് 87 അഭയാര്‍ഥികള്‍ മുങ്ങി മരിച്ചു. ലിബിയന്‍ നഗരമായ സാവിയയിലാണ് ദുരന്തം. തകര്‍ന്ന ബോട്ടിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മരണസംഖ്യ ഇനിയും ഉയരുമെന്ന് ലിബിയന്‍ അധികൃതര്‍ അറിയിച്ചു. ഈ ബോട്ടില്‍ 120 പേര്‍ക്ക് സഞ്ചരിക്കാം. ഇവര്‍ മധ്യധരണ്യാഴി വഴി ഇറ്റലിയിലേക്ക് കടക്കാന്‍ ശ്രമിക്കവേയാണ് ദുരന്തമുണ്ടായത്.
മരിച്ചവരില്‍ പിഞ്ചുകുഞ്ഞുങ്ങളുമുണ്ടെന്ന് സൂചനയുണ്ട്. മൃതദേഹങ്ങള്‍ കരയ്‌ക്കെത്തിച്ചത് തങ്ങളാണെന്ന് ലിബിയയിലെ റെഡ് ക്രോസ് സര്‍വിസായ റെഡ് ക്രെസന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. ആറു മണിക്കൂറോളം നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങള്‍ കണ്ടെടുത്തത്.
ട്രിപ്പോളിയിലെ സെമിത്തേരിയില്‍ മൃതദേഹം അടക്കം ചെയ്യാനാണ് അധികൃതരുടെ തീരുമാനം. അതേസമയം ഇതുസംബന്ധിച്ച് യു.എന്നിന്റെ കുടിയേറ്റ ഏജന്‍സിയാണ് ഇന്റര്‍നാഷനല്‍ ഓര്‍ഗനൈസേഷന്‍ ഓഫ് മൈഗ്രേഷന്‍ വ്യത്യസ്ത കണക്കാണ് ഇതുസംബന്ധിച്ച് നല്‍കുന്നത്. ശനിയാഴ്ച്ചയാണ് ബോട്ട് തകര്‍ന്നതെന്നും 110 യാത്രക്കാരാണ് ഉണ്ടായിരുന്നതെന്നും യു.എന്‍ വക്താവ് പറഞ്ഞു.
ആക്രമണങ്ങളാല്‍ കലുഷിതമായ മേഖല കടല്‍കൊള്ളക്കാരുടെ സങ്കേതം കൂടിയാണ്. ഇക്കാരണത്താല്‍ നിരവധി പേര്‍ യൂറോപ്പിലേക്ക് നിത്യേന കുടിയേറാറുണ്ടെന്ന് റെഡ് ക്രസന്റ് പ്രവര്‍ത്തകര്‍ പറയുന്നു.
കഴിഞ്ഞ വര്‍ഷം മാത്രം 5000 പേരാണ് മുങ്ങി മരിച്ചത്. കഴിഞ്ഞ ദിവസങ്ങളിലായി 500ലധികം പേരെ ലിബിയന്‍ തീരരക്ഷാസേന രക്ഷപ്പെടുത്തിയിരുന്നു.
അഭയാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബോട്ടുകള്‍ ദുര്‍ബലമായിരുന്നുവെന്നും ഭാരം കൂടുതലായതിനാല്‍ എളുപ്പത്തില്‍ ഇവ തകര്‍ന്നതാണെന്നും തീരരക്ഷാസേന വക്താവ് അയൂബ് ഖാസിം പറഞ്ഞു.
ചെറിയ അറ്റകുറ്റപണികള്‍ നടത്തിയാണ് ബോട്ടുകള്‍ യൂറോപ്പിലേക്ക് സഞ്ചരിക്കുന്നത്. എന്നാല്‍ ഇവയ്ക്ക് കൂടുതല്‍ ആളുകളെ വഹിക്കാനുള്ള ശേഷിയില്ല. ഇതു ദുരന്തത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചെന്നും ഖാസിം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."