ദമാമില്‍ മലയാളി കുടുംബത്തെ ബന്ദിയാക്കി കവര്‍ച്ച; തുടരെയുള്ള ആക്രമണങ്ങളില്‍ മലയാളികള്‍ ഭീതിയില്‍
ദമാം: ദമാമില്‍ മലയാളി കുടുംബത്തെ ബന്ദിയാക്കി കവര്‍ച്ച നടത്തി. കഴിഞ്ഞ ദിവസം വൈകിട്ട് ആറ് മണിയോടെ കരുനാഗപ്പള്ളി സ്വദേശി ആസിഫിന്റെ വീട്ടിലാണ് നാലു സ്വദേശി യുവാക്കള്‍ അതിക്രമം നടത്തി ഭീതി സൃഷ്ടിച്ചത്. വീടിനു പുറത്തുനിന്ന് ബെല്ലടിച്ചപ്പോള്‍ വാതില്‍ തുറക്കാത്തതിനെ തുടര്‍ന്ന് ചവിട്ടിതുറന്നു അകത്തു കടന്ന മോഷ്ടാക്കളില്‍ ഒരാള്‍ ആസിഫിന്റെ കഴുത്തില്‍ സ്‌ക്രൂ ഡ്രൈവര്‍ വെക്കുകയും മറ്റൊരാള്‍ അടുക്കളയില്‍നിന്ന് കത്തിയെടുത്തു നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആസിഫിന്റെ മകന്റെ കഴുത്തിലും വെച്ച് ഭീഷണിയുയര്‍ത്തി.
ഇതേസമയം, കൂടെയുള്ള മറ്റു രണ്ടു പേര്‍ വീടിനകം അരിച്ചു പെറുക്കി കയ്യില്‍ കിട്ടിയത് മുഴുവനും കൊള്ളയടിച്ചു. ഒടുവില്‍ ഏവരും കിട്ടിയ മുതലുകളുമായി രക്ഷപ്പെടുകയായിരുന്നു. ദമാമിലെ ഒരു സ്വകാര്യ സ്‌കൂള്‍ അധ്യാപികയായ ആസിഫിന്റെ ഭാര്യയുടെ സ്വര്‍ണ്ണാഭരണങ്ങളും ശമ്പളമായി കിട്ടിയ പണവും നഷ്ടപ്പെട്ടു. കൂടാതെ, വീട്ടിലുണ്ടായിരുന്ന മൊബൈല്‍ ഫോണുകള്‍, ടാബ് തുടങ്ങി വിലപിടിപ്പുള്ളതെല്ലാം നഷ്ടപ്പെട്ടു. പോലീസ് എത്തി അന്വേഷണം ആരംഭിച്ചു. വിരലടയാളങ്ങളും മറ്റു തെളിവുകളുമായി അക്രമികളെ പിടികൂടാനാകുമെന്ന വിശ്വാസത്തിലാണ് കുടുംബം.
അടുത്ത കാലത്തായി ദമാമിലും പരിസരങ്ങളിലും അക്രമികളുടെ വിളയാട്ടം മലയാളികളടക്കമുള്ളവരുടെ ഉറക്കം കെടുത്തുന്നുണ്ട്. ദമാമിലെ അദാമയില്‍ ഇന്ത്യന്‍ എംബസി സേവന കേന്ദ്രത്തിനു സമീപത്തും സ്വകാര്യ സ്‌കൂളിനു സമീപത്തും ഈ അടുത്ത കാലത്തായി പിടിച്ചുപറിയും അക്രമ സംഭവങ്ങളും നടക്കുന്നതിയി പല തവണ പോലീസില്‍ പരാതി നല്‍കിയിട്ടും ഫലപ്രദമായ ഒരു നടപടിയുമുണ്ടായില്ലെന്നു പരാതിയും ഉയര്‍ന്നിട്ടുണ്ട് . സ്‌കൂളിന് സമീപം പല തവണ രക്ഷിതാക്കളും അധ്യാപകരും അക്രമത്തിനും പിടിച്ചു പറിക്കും ഇരയായിട്ടുണ്ടെന്ന് അനുഭവസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇരയാകുന്നവരില്‍ കൂടുതലും ഇന്ത്യക്കാരാണ്. ഒരാഴ്ച മുമ്പ് തിരുവനന്തപുരം സ്വദേശി അവധിക്കു നാട്ടില്‍ പോകുന്നതിനു വേണ്ടി തന്റെ കമ്പനിയുടെ വാഹനം കാത്തു റോഡില്‍ നില്‍ക്കുമ്പോഴാണ് ബൈക്കില്‍ വന്ന രണ്ടു സ്വദേശി യുവാക്കള്‍ തോളില്‍ തൂക്കിയിരുന്ന ലാപ്‌ടോപ് ബാഗുമായി കടന്നു കളഞ്ഞത്. അതിലുണ്ടായിരുന്ന ലാപ് ടോപും സ്വര്‍ണ്ണമാലയും പണവും നഷ്ടപ്പെട്ടു. പാസ്‌പോര്‍ട്ടും നാട്ടിലെ ബാങ്കിലെ ചെക്കും കുറച്ചു ദൂരെ വഴിയില്‍ ഉപേക്ഷിച്ചതിനാല്‍ അത് നഷ്ടപ്പെട്ടില്ല. പോലീസ് എത്തിയെങ്കിലും ഇവരെ അക്രമികളെ പിടികൂടാനായില്ല.
ഇവിടെ നിന്ന് തന്നെ മലപ്പുറം സ്വദേശിയുടെ നാലാം ക്ലാസ്സില്‍ പഠിക്കുന്ന ആണ്‍കുട്ടിയെ കാറില്‍ കയറ്റി കൊണ്ട് പോകാനുള്ള ശ്രമവും കഴിഞ്ഞദിവസമുണ്ടായി. സാമൂഹ്യ വിരുദ്ധരുടെ പിടിയില്‍ നിന്നും കുട്ടി കുതറി ഓടിയത് കൊണ്ട് രക്ഷപ്പെടുകയായിരുന്നു. ഇതിനു സമാനമായി പല കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. വീടുകള്‍ കൊള്ളയടിക്കുന്ന രീതികള്‍ ഏതാണ്ട് എല്ലാം ഒരു പോലെ തന്നെയാണ്. അത് കൊണ്ട് തന്നെ കവര്‍ച്ച ചെയ്യുന്നവര്‍ ഒരു സംഘം തന്നെയായിരിക്കുമെന്നാണ് പോലീസ് അനുമാനം. കൂടാതെ സമീ പ്രദേശമായ ജുബൈലിലും അക്രമികള്‍ വിളയാടുന്നുണ്ട്. കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ടൗണിന്റെ മധ്യ ഭാഗത്തു നിന്നും ആളുകള്‍ നോക്കി നില്‍ക്കെ ഇന്ത്യക്കാരുടെ കാറുകള്‍ തട്ടിയെടുക്കുകയും കടന്നുകളയുകടയും ചെയ്തിരുന്നു. കൂടാതെ ,സൂപ്പര്‍ മാര്‍ക്കറ്റ് ജീവനക്കാരനായ മലയാളിയെ ആക്രമിച്ച് പരിക്കേല്‍പ്പിച്ച ശേഷം പണവും മൊബൈല്‍ കാര്‍ഡും കവര്‍ച്ച ചെയ്ത കേസില്‍ അഞ്ചു അറബ് വംശജര്‍ അറസ്റ്റിലാവുകയും ചെയ്തിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."