ബജറ്റ് സമ്മേളനം 25ന് തുടങ്ങും; സംസ്ഥാന ബജറ്റ് 31ന്
തിരുവനന്തപുരം: കേരള നിയമസഭയുടെ ബജറ്റ് സമ്മേളനം ഈ മാസം 25ന് ആരംഭിച്ചേക്കും. ബജറ്റ് കേന്ദ്ര ബജറ്റിനു മുന്‍പായി ഈ മാസം 31ന് അവതരിപ്പിക്കും. മാര്‍ച്ച് പകുതിയില്‍ പാസാക്കുന്ന തരത്തിലാണ് സഭാ സമ്മേളനം കൂടാന്‍ തിയതി തീരുമാനിച്ചത്. 25ന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെ ആരംഭിക്കുന്ന സമ്മേളനം ഫെബ്രുവരി ഏഴിന് അവസാനിക്കും. രണ്ടാഴ്ചയ്ക്കുശേഷം ഫെബ്രുവരി 22ന് വീണ്ടും തുടങ്ങും.
മാര്‍ച്ച് 31നകം ബജറ്റ് പാസാക്കിയാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തെ പദ്ധതികള്‍ നേരത്തെ ആരംഭിക്കാമെന്നാണ് സര്‍ക്കാരിന്റെ കണക്കുകൂട്ടല്‍. അടുത്ത മന്ത്രിസഭാ യോഗം തീരുമാനമെടുത്ത് ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യും. കേന്ദ്ര സര്‍ക്കാരിന്റെ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായ ആയുഷ്മാന്‍ ഭാരതും, കാരുണ്യ ചികിത്സാ പദ്ധതിയും സംയോജിപ്പിച്ച് സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയായിരിക്കും ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങളിലൊന്ന്. കാസ്പ് (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) എന്നായിരിക്കും ഇതിന്റെ പേര്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതി മെഡിസാപ്പ് എന്ന പേരില്‍ അറിയപ്പെടും. ഇത് ഏപ്രില്‍ മുതല്‍ ആരംഭിക്കും. ഫെബ്രുവരി ആദ്യം ബജറ്റ് അവതരിപ്പിക്കാനായിരുന്നു നേരത്തെ തീരുമാനമെടുത്തിരുന്നത്. എന്നാല്‍ കഴിവതും നേരത്തെ അവതരിപ്പിച്ച് വിശദമായ ചര്‍ച്ച നടത്തി മാര്‍ച്ചില്‍ പാസാക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ മാസം 31ന് ബജറ്റ് അവതരിപ്പിക്കാന്‍ തീരുമാനിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."