റോഡ് ഗതാഗതത്തോടൊപ്പം ജലഗതാഗതവും താറുമാറായി
മട്ടാഞ്ചേരി: പൈപ്പുകള്‍ സ്ഥാപിക്കുന്നതിനായി മെയിന്‍ റോഡുകള്‍ വെട്ടി പൊളിക്കുകയും പദ്ധതി ഇഴഞ്ഞു നീങ്ങുകയും ചെയ്തതോടെ കഴിഞ്ഞ രണ്ടാഴ്ചയോളമായി പടിഞ്ഞാറന്‍ കൊച്ചി ഗതാഗതക്കുരുക്കില്‍ അമര്‍ന്നിരിക്കുകയാണ്. ഇതോടെ തോപ്പുംപടി, കരുവേലിപടി മേഖലകളിലൂടെയുള്ള യാത്രക്ക് നീണ്ട നേരം കാത്തുനില്‍ക്കേണ്ട ഗതികേടിലായി. ഇതേസമയം തന്നെ ജല യാത്രക്കുള്ള സൗകര്യങ്ങളും തകരാറിലായിരിക്കയാണ്. ഫോര്‍ട്ടുകൊച്ചി മട്ടാഞ്ചേരി എറണാകുളം മേഖലയില്‍ സര്‍വീസ് നടത്തുന്ന ബോട്ടുകളില്‍ പലതും കാല പഴക്കം മൂലം ജീര്‍ണത പേറിയതോടെ അറ്റകുറ്റ പണിക്ക് കയറ്റിയിരിക്കയാണ്.
യാര്‍ഡില്‍ കയറ്റുന്ന ബോട്ടുകള്‍ യഥാസമയം അറ്റകുറ്റപണി പൂര്‍ത്തിയാക്കി പുറത്തിറക്കാന്‍ അധികൃതരും ശുഷ്‌കാന്തി പുലര്‍ത്തുന്നല്ല. തുരുമ്പെടുത്ത് ജീര്‍ണ്ണിച്ച ബോട്ടുകള്‍ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് സര്‍വീസ് നടത്തുന്ന കാര്യത്തില്‍് മനുഷ്യാവകാശ കമ്മീഷനും കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. തിങ്കളാഴ്ച രാവിലെ 11ന് ഫോര്‍ട്ടുകൊച്ചിയില്‍ നിന്നും എറണാകുളത്തേക്ക് പുറപെടേണ്ട ബോട്ട് തകരാറിലായതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഒരു ബോട്ട് തകരാറിലാകുമ്പോള്‍ പകരം ബദല്‍ സംവിധാനത്തിന് ബോട്ടുകള്‍ ഇല്ലാത്തതാണ് പ്രശ്‌നം.
ദിനേ വിദേശ സ്വദേശ സഞ്ചാരികള്‍ അടക്കം ആയിരക്കണക്കിന് യാത്രക്കാരാണ് ബോട്ടുകളെ ആശ്രയിക്കുന്നത്. ജല ഗതാഗത വകുപ്പിന് ലാഭം നേടി കൊടുക്കുന്ന മേഖലയായിട്ടു പോലും പൊതുജനങ്ങളുടെ സഞ്ചാരത്തിന് വഴിയൊരുക്കുന്നതില്‍ മാറി വരുന്ന സര്‍ക്കാരുകളോ, ജനപ്രതിനിധികളോ കൂടുതല്‍ ബോട്ടുകള്‍ മേഖലയില്‍ അനുവദിക്കുന്നതിന് തയ്യാറാകുന്നില്ലായെന്നാണ് ആക്ഷേപം. ഇതിനിടയിലാണ് റോഡ് ഗതാഗത സൗകര്യം പോലും താറുമാറായി കിടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."