സിവില്‍ ലൈന്‍ റോഡിലെ ഗതാഗതക്കുരുക്ക്; അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ നിര്‍ദേശം
കാക്കനാട്: സിവില്‍ലൈന്‍ റോഡിലെ കുരുക്കഴിക്കാന്‍ അനധികൃത കൈയേറ്റങ്ങള്‍ അടിയന്തരമായി ഒഴിപ്പിക്കണമെന്ന് ആവശ്യം ശക്തമായി. പി.ടി.തോമസ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ റോഡ് പരിശോധനയിലാണ് കൈയേറ്റം ഒഴിപ്പിക്കുന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നത്. ചെമ്പ്മുക്ക് മുതല്‍ പടമുകള്‍ പമ്പ് വരെയുള്ള മേഖലകളിലെ ഗതാഗത കുരുക്കഴിക്കിന് പരിഹാരം കണ്ടെത്താനായിരുന്നു പരിശോധന നടത്തിയത്.
റോഡരികിലെ അനധികൃത ഓട്ടോ സ്റ്റാന്‍ഡുകള്‍, പാര്‍ക്കിങുകള്‍, അശാസ്ത്രീയ മീഡിയനുകളും ട്രാഫിക് പരിഷ്‌കാരങ്ങളും ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ അടിയന്തരമായി പരിഹരിക്കണമെന്നാണ് വിദഗ്ധ സംഘത്തിന്റെ നിര്‍ദേശം. എം.എല്‍.എയുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വ്യാപാരി വ്യവസായികള്‍, റസിഡന്റ്‌സ് അസോസിയേഷനുകള്‍, പൊതുമാരാമത്ത്, മോട്ടോര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവരാണ് പരിശോധന നടത്തിയത്.
കാക്കനാട്പാലാരിവട്ടം റോഡ് വീതി കൂട്ടുകയെന്നത് പ്രായോഗികമല്ലെന്നാണ് വിദഗ്ധ സംഘത്തിന്റെ വിലയിരുത്തല്‍. നിലവിലെ കൈയേറ്റങ്ങല്‍ ഒഴിപ്പിച്ചാല്‍ തന്നെ റോഡിന് വീതി കൂട്ടാനാകും. ഇതിനായി മുമ്പ് നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ നടപടിയെടുക്കും. സ്മാര്‍ട് സിറ്റിയും പൂട്ടിയിട്ടിരിക്കുന്ന ഫാളാറ്റുകളിലും ആള്‍താമസം പൂര്‍ണ തോതില്‍ ആകുന്നതോടെ റോഡിലിലെ കുരുക്ക് രൂക്ഷമാകാനുള്ള സാധ്യത മുന്‍ നിര്‍ത്തിയാണ് സംഘത്തിന്റെ നിര്‍ദേശം.
നഗരസഭ കൗണ്‍സിലര്‍മാരായ റോണി മേരി, സോമി റെജി,പി.എം.സലീം, അജിത തങ്കപ്പന്‍, പി.എം.മജീദ്, മോട്ടോര്‍ വെഹിക്കല്‍ ഇന്‍സ്‌പെക്ടര്‍ ബി.ഷെഫീക്, നഗരസഭ മുന്‍ ചെയര്‍മാന്‍ ഷാജി വാഴക്കാല, പി.ഐ മുഹമ്മദലി തുടങ്ങിയവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."