ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയും സഹായിയും അറസ്റ്റില്‍
കൊച്ചി: എറണാകുളം കെ.എസ്.എന്‍ മേനോന്‍ റോഡില്‍ ചെമ്പകശ്ശേരി വീട്ടില്‍ നിന്നും 40 ലക്ഷംരൂപ വിലവരുന്ന ഡയമണ്ട് ആഭരണങ്ങള്‍ മോഷ്ടിച്ച കേസിലെ പ്രതിയും മോഷണ മുതല്‍ വില്‍പന നടത്തിയ സഹായിയും അറസ്റ്റില്‍.
കൊല്ലം കുണ്ടറ ലക്ഷംവീട് കോളനിയില്‍ ടൈറ്റാനിക് ബിജു എന്ന ഷെമീര്‍, മോഷണമുതല്‍ വില്‍പന നടത്തിയ തമിഴ്‌നാട് ദിണ്ടിഗല്‍ തെപ്പത്തുപ്പട്ടി സ്വദേശി ജെയം(42) എന്നിവരാണ് എറണാകുളം സൗത്ത് പൊലിസിന്റെ പിടിയിലായത്. കഴിഞ്ഞമാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. ചെന്നൈയില്‍ താമസിക്കുന്ന അനൂജയുടേയും സഹോദരിയുടേയും ആഭരണങ്ങളാണ് മോഷണം പോയത്. പാലായില്‍ ഒരു വിവാഹത്തില്‍ പങ്കെടുത്തശേഷം അമ്മയുടെ സഹോദരിയുടെ വീട്ടിലെത്തിയതാണ് ഇരുവരും. രാത്രി ആഭരണങ്ങള്‍ ഊരി ബാഗിലാക്കി മുറിയിലെ ഭിത്തിഅരമാലയില്‍ വച്ചശേഷമാണ് ഇവര്‍ ഉറങ്ങാന്‍ കിടന്നത്. എ.സി കേടായതിനാല്‍ മുറിയുടെ ജനാല തുറന്നിട്ടിരുന്നു. ഇതിലൂടെയാണ് പ്രതികള്‍ ആഭരണങ്ങള്‍ മോഷ്ടിച്ചത്.
സംഭവ ശേഷം ദിണ്ടിഗലിലേക്ക് ഒളിവില്‍ പോയ ഷമീറിനെക്കുറിച്ച് രഹസ്യവിവരംലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സൗത്ത് സി.ഐ സിബി ടോമിന്റെ നേതൃത്വത്തില്‍ പോലിസ് സംഘം ദിണ്ടിഗലിലെത്തി പ്രതികളെ അറസ്റ്റു ചെയ്യുകയായിരുന്നു. മോഷണമുതല്‍ ജെയത്തിന്റെ വീട്ടില്‍നിന്നും പൊലിസ് കണ്ടെടുത്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്കായി പ്രതികളെ കോടതിയില്‍ ഹാജരാക്കി കസ്റ്റഡിയില്‍വാങ്ങി.
ഷെമീര്‍ ജില്ലയിലെ നിരവധി മോഷണകേസുകളിലെ പ്രതിയും നിരവധി തവണ ജയില്‍ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണെന്ന് പൊലിസ് പറഞ്ഞു.
മരട് അഡി.എസ്‌ഐ രവീന്ദ്രനാഥന്‍, എഎസ്‌ഐ ശിവന്‍കുട്ടി പ്രത്യേക അന്വേഷണസംഘത്തിലെ അംഗങ്ങളായ എഎസ്‌ഐ വിനായകന്‍, സീനിയര്‍ സിപിഒ മാരായ ബേസില്‍, അനില്‍കുമാര്‍, വിനോദ് കൃഷ്ണന്‍, സിപിഒമാരായ അനീഷ്, ധനപാല്‍ എന്നിവരും പ്രതികളെ അറസ്റ്റു ചെയ്യാന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."