വായ്പ എഴുതിത്തള്ളണമെന്ന കടാശ്വാസ കമ്മിഷന്റെ ഉത്തരവ് കടലാസിലൊതുങ്ങി
അമ്പലപ്പുഴ: കടാശ്വാസ കമ്മിഷന്റെ ഉത്തരവ് കടലാസിലൊതുങ്ങി. വായ്പ എടുക്കുവാനായി നല്‍കിയ ആധാരം തിരികെ ലഭിച്ചില്ലന്ന് പരാതി. മത്സ്യതൊഴിലാളിയായ പുന്നപ്ര തെക്ക് പഞ്ചായത്ത് പതിനാറാം വാര്‍ഡില്‍ പുതുവല്‍വെളിയില്‍ സുരേന്ദ്രനാണ് അധികൃതരുടെ അലംഭാവം മൂലം നട്ടം തിരിയുന്നത്. വീട് നിര്‍മ്മാണത്തിനായി 2004 ലാണ് സുരേന്ദ്രന്‍ ആലപ്പുഴ തത്തംപള്ളിയില്‍ പ്രവര്‍ത്തിക്കുന്ന ഹൗസിംഗ് സഹകരണ സംഘത്തില്‍നിന്നും വായ്പ എടുത്തത്.
ആധാരം ഈടു നല്‍കി 60000 രൂപയാണ് വായ്പ എടുത്തത്. 2012 വരെ പലിശ ഉള്‍പ്പെടെ ഒരു ലക്ഷത്തി മുപ്പത്തിയാറായിരം രൂപ അടച്ചു. ഇതിനുശേഷം പതിമൂവായിരം രൂപ കൂടി അടക്കണമെന്നു കാട്ടി സംഘത്തില്‍ നിന്നും നോട്ടീസ് ലഭിച്ചു. ഇതേതുടര്‍ന്ന് സുരേന്ദ്രന്‍ തുക എഴുതിതള്ളണമെന്ന അഭ്യര്‍ത്ഥനയുമായി സംസ്ഥാന മത്സ്യതൊഴിലാളി കടാശ്വാസ കമ്മീഷനെ സമീപിച്ചു. തുടര്‍ന്ന് ജസ്റ്റീസ് ലക്ഷ്മിക്കുട്ടി ചെയര്‍പേഴ്‌സണായ കമ്മീഷന്‍ അടയ്ക്കാനുള്ള പതിമൂവായിരം രൂപയും എഴുതിതള്ളികൊണ്ടുള്ള ഉത്തരവിട്ടു.
2012 ഫെബ്രുവരി രണ്ടിന് ഉത്തരവ് പുറത്തുവന്നെങ്കിലും 4 വര്‍ഷം പിന്നിട്ടിട്ടും സുരേന്ദ്രന് ഇതുവരെയും ആധാരം ലഭിച്ചിട്ടില്ല. ആധാരത്തിനായി സംഘം ഓഫിസില്‍ ചെന്നെങ്കിലും സര്‍ക്കാരില്‍ നിന്നും എഴുതിതള്ളിയ പണം തങ്ങള്‍ക്ക് ലഭിച്ചിട്ടില്ലെന്നു പറഞ്ഞു തിരിച്ചയയ്ക്കുകയുണ്ടായത്. പിന്നീട് പലതവണ ആധാരത്തിനായി വീണ്ടും ഓഫീസിലെത്തിയെങ്കിലും യാതൊരു നടപടിയുമുണ്ടായില്ല. ഇനി എന്തു ചെയ്യണമെന്നറിയാതെ ആശങ്കയിലായിരിയ്ക്കുകയാണ് സുരേന്ദ്രന്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."