ഉമ്മന്‍ചാണ്ടി വിളിച്ചു, വിളികേട്ട് കൊടിക്കുന്നില്‍: ഇടഞ്ഞ് ബെന്നി
കൊല്ലം: യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാനുമായിട്ടുള്ള അഭിപ്രായ വ്യത്യാസം നിലനില്‍ക്കെ, എ ഗ്രൂപ്പില്‍നിന്ന് അടുത്തകാലത്ത് വിട്ടുപോയ നേതാക്കളെ തിരികെയെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി ശ്രമം തുടങ്ങി. ഇതിന്റെ ഭാഗമായി കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റും കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറിയുമായ കൊടിക്കുന്നില്‍ സുരേഷ് എം.പി വീണ്ടും എ ഗ്രൂപ്പിന്റെ പടി കടക്കുന്നു. കൊടിക്കുന്നില്‍ സുരേഷ് തന്റെ മണ്ഡലമായ മാവേലിക്കരയില്‍ നടത്തിയ ലോങ് മാര്‍ച്ച് ഉദ്ഘാടനം ചെയ്തത് ഉമ്മന്‍ചാണ്ടിയായിരുന്നു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍, ആന്റോ ആന്റണി തുടങ്ങിയ പ്രമുഖ എ ഗ്രൂപ്പ് നേതാക്കളുടെ സാന്നിധ്യവും യോഗത്തിലുണ്ടായിരുന്നു.
.എം സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായിരുന്ന സമയത്താണ് കൊടിക്കുന്നിലും അനുയായികളും എ ഗ്രൂപ്പ് വിട്ട് സുധീരന്‍ പക്ഷത്ത് അണിചേര്‍ന്നത്. ഇതേ തുടര്‍ന്ന് കൊല്ലത്തെ എ ഗ്രൂപ്പ് നേതൃത്വം കൊടിക്കുന്നില്‍ വിഭാഗത്തെ ഗ്രൂപ്പ് പരിപാടികളില്‍നിന്ന് ഒഴിവാക്കുകയും ചെയ്തു. റെയില്‍വേ വികസനം ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ കൊട്ടാരക്കര റെയില്‍വേ സ്‌റ്റേഷന് മുന്നില്‍ നടത്തിയ സമരം ഉദ്ഘാടനം ചെയ്തത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയായിരുന്നു.
കൊടിക്കുന്നില്‍ സുരേഷിന്റെ അനുയായികളെ കോണ്‍ഗ്രസ് ബ്ലോക്ക് പുനഃസംഘടനയില്‍ നിന്നും വെട്ടിനിരത്താനും മുന്നില്‍നിന്നത് അന്ന് എ ഗ്രൂപ്പ് നേതൃത്വമായിരുന്നു. എ ഗ്രൂപ്പുമായുള്ള ഭിന്നതയെ തുടര്‍ന്ന് പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നിന്നും വിട്ടുനില്‍ക്കാന്‍ വരെ കൊടിക്കുന്നില്‍ ആലോചിച്ചിരുന്നു.
കോണ്‍ഗ്രസ് എം.പിമാരുടെ പാര്‍ലമെന്ററി പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ചുമതലയുള്ള കൊടിക്കുന്നിലിന് സോണിയാഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവരുമായി അടുത്ത ബന്ധമാണുള്ളത്. കൂടാതെ 9 തവണ മല്‍സരിച്ചതില്‍ ഏഴുതവണയും ലോക്‌സഭാംഗമായി തെരഞ്ഞെടുക്കപ്പെട്ട കൊടിക്കുന്നില്‍ ദേശീയതലത്തില്‍ ദലിത് വിഭാഗത്തില്‍നിന്ന് അറിയപ്പെടുന്ന നേതാവാണ്.
കോണ്‍ഗ്രസ് ദേശീയ നേതൃത്വവുമായി ബന്ധപ്പെട്ട് എ ഗ്രൂപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കാന്‍ കഴിയുമെന്ന തിരിച്ചറിവാണ് കൊടിക്കുന്നിലിനെ എ ഗ്രൂപ്പിലേക്ക് മടക്കിക്കൊണ്ടുവരാന്‍ ഉമ്മന്‍ചാണ്ടിയെ പ്രേരിപ്പിക്കുന്നത്.
ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരളത്തില്‍ മുഖ്യമന്ത്രിക്കൊപ്പം ചേര്‍ന്ന് സമരം നടത്തിയ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ നീക്കത്തില്‍ ഉമ്മന്‍ ചാണ്ടിയെ തള്ളിപ്പറഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനൊപ്പം നിലയുറപ്പിച്ച ബെന്നി ബെഹനാനുമായി മാനസികമായി അത്ര പൊരുത്തത്തിലല്ല ഉമ്മന്‍ ചാണ്ടി. രമേശ് ചെന്നിത്തലക്കൊപ്പം രാഹുല്‍ ഗാന്ധിയെ സന്ദര്‍ശിച്ച് കെ.പി.സി.സി പ്രസിഡന്റാകാന്‍ ബെന്നി ബെഹനാന്‍ നടത്തിയ നീക്കം ഉമ്മന്‍ ചാണ്ടി ഇടപെട്ട് തടഞ്ഞിരുന്നു. എം.എം ഹസന് നീക്കിവച്ചിരുന്ന യു.ഡി.എഫ് കണ്‍വീനര്‍ സ്ഥാനവും ഉമ്മന്‍ചാണ്ടിയെ മുള്‍മുനയില്‍ നിര്‍ത്തിയാണ് ബെന്നി നേടിയെടുത്തതെന്നാണ് എ ഗ്രൂപ്പിലെ സംസാരം.
മുല്ലപ്പള്ളിയുമായി ചേര്‍ന്ന് കോണ്‍ഗ്രസില്‍ രൂപംകൊള്ളുന്ന പുതിയ ശാക്തിക ചേരിയില്‍ ബെന്നിയുടെ സാന്നിധ്യമാണ് ഉമ്മന്‍ ചാണ്ടിയെ ചൊടിപ്പിക്കുന്നത്.
ഇതിനെ തുടര്‍ന്നാണ് കൊടിക്കുന്നിലിനെ പോലെയുള്ള പ്രമുഖനെ ഗ്രൂപ്പില്‍ തിരികെയെത്തിക്കാന്‍ ഉമ്മന്‍ ചാണ്ടി നീക്കം നടത്തുന്നത്.
മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വി.എം സുധീരനുമായിട്ടുള്ള അകല്‍ച്ച ഇല്ലാതാക്കാനും ഉമ്മന്‍ചാണ്ടി നീക്കം നടത്തുമെന്നാണ് അറിയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."